Thursday 25 January 2024 02:26 PM IST

‘പ്രണയം കണ്ണിൽ തിളങ്ങിയപ്പോഴേ പറഞ്ഞിരുന്നു എന്റെ സ്വപ്നം അതാണെന്ന്’: സിനിമ, ജീവിതം... ഡോ. റോണി പറയുന്നു

Ammu Joas

Sub Editor

dr-rony

സിനിമ ശ്വാസമായി കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നത്തിനൊപ്പം റോണി ഉറച്ചുനിന്നതിൽ നിന്നാണു കഥയുടെ തുടക്കം. ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ ക്ഷണിച്ച ആ ചെറുപ്പക്കാരനെഴുതിയ തിരക്കഥയുമായി നിർമാതാവിനെ സമീപിക്കുന്നതോടെ ആദ്യ ട്വിസ്റ്റ്. ആ കഥ അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം പുതിയൊരു ആശയം മുന്നിലേക്കു വച്ചു കൊടുത്തു. അതിൽ സിനിമയുണ്ടെന്നു മനസ്സിലാക്കി റോണിയും ചേർന്നു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു.

പുതിയ തിരക്കഥയുമായി പല നടന്മാരെ സമീപിച്ചെങ്കിലും കഥ കേ ൾക്കാൻ പോലും ആരും തയാറായില്ല. ഒടുവിൽ ഒരു നടൻ കഥ കേട്ടിടത്താണു രണ്ടാമത്തെ ട്വിസ്റ്റ്. ‘സെക്കൻഡ് ഹാഫ് അത്ര പോരാ. ഡോക്യുമെന്ററി സ്വഭാവമുണ്ട്.’ അദ്ദേഹം സിനിമ നിരസിച്ചു. അടുത്ത പത്തു മാസം കൊണ്ട് ആ തിരക്കഥ മിനുക്കി മിനുക്കി പുതിയ മുഖവുമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത് ഇവർ എത്തുന്നു. ‘കണ്ണൂർ സ്ക്വാഡ്’ എന്ന സിനിമ മെഗാഹിറ്റായി മാറുന്ന കാഴ്ചയാണു പിന്നീട്.

ഈ കഥയ്ക്കു മറ്റൊരു ഫ്ലാഷ്ബാക് കൂടിയുണ്ട്. 34 വർഷം മുൻപു മമ്മൂട്ടി നായകനായ മഹായനം നിർമിച്ച്, സാമ്പത്തിക ബാധ്യത തങ്ങാനാകാതെ നാടുവിട്ട സി.ടി രാജന്റെ മക്കളാണു കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്ത് ഡോ. റോണി ഡേവിഡ് രാജും സംവിധായകൻ റോബി വർഗീസ് രാജും. തോൽവികളും പ്രതിസന്ധികളും ട്വിസ്റ്റുകൾ തീർത്തെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു വിജയഹിറ്റടിച്ച ‘സിനിമാ സ്ക്വാഡ്’. സിനിമയിൽ നടന്റെ മേൽവിലാസമുള്ള ഡോ.റോണിയും ഛായാഗ്രഹകനായി പേരെടുത്ത റോബിയും കണ്ണൂർ സ്ക്വാഡിന്റെ വിജയത്തെ നെഞ്ചോടു ചേർക്കുന്നു. ഡോ. റോണി സിനിമാവിശേഷങ്ങളുമായി വനിതയ്ക്കൊപ്പം.

അച്ഛന്റെ നായകൻ തന്നെ മക്കളുടെ സിനിമയിലും നായകനായല്ലോ ?

അതു കാലം കാത്തുവച്ച നിയോഗമാണ്. 34 വർഷങ്ങൾക്കു ശേഷം മമ്മൂക്ക തന്നെ നായകനായി വന്നുവെന്ന ഭാഗ്യം. ഈ സിനിമയുടെ വിജയം കണ്ടു കൊണ്ടു പപ്പയും ഒപ്പമുണ്ട്. അതാണ് എന്റെ വലിയ സ ന്തോഷം. ആദ്യ ചര്‍ച്ചയിൽ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു. മൂന്നാമത്തെ കൂടിക്കാഴ്ചയിലാണു മമ്മൂട്ടിക്കമ്പിനി ഈ സിനിമ നിർമിക്കുകയാണ് എന്നു പറയുന്നത്. സിനിമയിൽ മമ്മൂക്ക അർപ്പിച്ച വിശ്വാസമായിരുന്നു ആ തീരുമാനം.

സിനിമ കൊണ്ടു പൊള്ളിയ അച്ഛന്റെ മകനെ സിനിമ ഭയപ്പെടുത്തിയില്ലേ ?

എനിക്ക് എട്ടും റോബിക്ക് നാലും വയസ്സ്. ആ കാലത്താണ് ഒരൊറ്റ സിനിമ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചത്. മഹായാനം ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. അച്ഛന്റെ തിയറ്റായിരുന്ന താവൂസ് തൊഴിലാളി പ്രശ്നങ്ങളും മറ്റും കാരണം പൂട്ടി. അച്ഛന് നാടുവിടാതെ വഴിയില്ലെന്നായി. അമ്മ സൂസന്റെ സർക്കാർ ജോലിയായിരുന്നു കുടുംബത്തിന്റെ അത്താണി.

സിനിമ ജീവിതം തകർത്തുവെന്നു തോന്നി. പക്ഷേ, ചോരയിലെ സിനിമാക്കമ്പം അങ്ങനെ മായില്ലല്ലോ. ഞങ്ങ ൾക്കു സിനിമ സ്വപ്നമായിരുന്നു. അച്ഛനും അമ്മയ്ക്കും പേടിസ്വപ്നവും. ജോലി ഉപേക്ഷിച്ചാണു റോബി സിനിമട്ടോഗ്രഫിയിലേക്കു വരുന്നത്. പുതിയ നിയമം, ഗ്രേറ്റ് ഫാദർ, ലവ് ആക്‌ഷൻ ഡ്രാമ, വെള്ളം, ജോൺ ലൂതർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ചെയ്തു സിനിമയിൽ പേരു നേടി. പക്ഷേ, ഇന്നും അച്ഛന്റെയും അമ്മയുടെയും മനസ്സു തണുത്തിട്ടില്ല.

ഞാൻ ‍ഡോക്ടർ ജോലി ഉപേക്ഷിച്ചതിലും അവർക്കു പരിഭവമുണ്ട്. കണ്ണൂർ സ്ക്വാഡ് ഇറങ്ങിയപ്പോഴാണ് അമ്മ ആദ്യമായി ഞാൻ ഉഗ്രനായി ചെയ്തു എന്നു പറയുന്നത്. മമ്മൂട്ടിക്കൊപ്പം നല്ലൊരു കഥാപാത്രം ചെയ്യാനായല്ലോ എ ന്നായിരുന്നു അച്ഛന്റെ സന്തോഷവാക്കുകൾ.

dr-rony77

അഭിനയമായിരുന്നോ എന്നും സ്വപ്നം ?

കോളജ് കാലത്തു നാടകങ്ങളിൽ സജീവമായിരുന്നു. സർവകലാശാല കലോത്സവത്തിൽ മികച്ച രണ്ടാമത്തെ നടനായതോടെ ആവേശം കൂടി. വഴി സിനിമ തന്നെ ഞാനുറപ്പിച്ച നിമിഷം പപ്പയെടുത്ത തീരുമാനമാണ് എന്റെ എംബിബിഎസ്. അനുഭവങ്ങളിൽ നിന്ന് അങ്ങനെ തോന്നിയതിൽ തെറ്റു പറയാനാകില്ല. സ്ഥിരവരുമാനമുള്ള ജോലി ആയിരുന്നു പപ്പ കണ്ടെത്തിയ ജീവിതവിജയത്തിന്റെ സമവാക്യം.

സേലം വിനായക കോളജിൽ എംബിബിഎസ് പഠിക്കുന്ന കാലത്തും ഞാനുണ്ടോ നാടകം വിടുന്നു. തമിഴ് നാടകങ്ങളിൽ നടികറായി തിളങ്ങി.

പക്ഷേ, പപ്പയുടെ ആ തീരുമാനമാണു പിന്നീടു പട്ടിണി കിടക്കാതെ ജീവിക്കാനുള്ള വഴി തുറന്നത്. 2004ൽ പഠനം കഴിഞ്ഞിറങ്ങിയതും പ്രാക്ടീസിങ് തുടങ്ങി. എറണാകുളത്തെ ഒട്ടുമിക്ക കാഷ്വാലിറ്റികളിലും ഞാൻ രാപകലില്ലാതെ ജോലി ചെയ്തിട്ടുണ്ട്.

സേലമാണു ജീവിതപാതിയെയും തന്നത്?

അഞ്ജു എന്നേക്കാൾ രണ്ടു വർഷം ജൂനിയറാണ്. ബിഡിഎസ്സിന്റെ ആദ്യ രണ്ടു വർഷം എന്റെ കോളജിലായിരുന്നു അഞ്ജു. ആ പരിചയം പിന്നീടു സൗഹൃദവും പ്രണയവുമായി. പ്രണയം കണ്ണിൽ തിളങ്ങിയപ്പോഴേ പറഞ്ഞിരുന്നു എന്റെ സ്വപ്നവും ലക്ഷ്യവും സിനിമയാണ് എന്ന്. അന്നവൾക്ക് അതിന്റെ ഗൗരവം പിടികിട്ടിയെന്നു തോന്നുന്നില്ല.

കോളജ് പ്രണയം 2006 ൽ വിവാഹത്തിലെത്തി. സിനിമയിലേക്കുള്ള അവസരത്തിനായി പല വാതിലുകൾ മുട്ടുന്ന സമയം. വിവാഹനിശ്ചയ ദിവസം പോലും ഞാൻ അവസരം തേടിപ്പോയിട്ടുണ്ട്. 2007ലാണ് ആദ്യ സിനിമ ചോക്‌ലെറ്റ് റിലീസായത്.

16 വർഷങ്ങൾ 60ലധികം സിനിമകൾ...

ആദ്യമൊക്കെ ഒഡിഷനുകൾക്കു പോയിരുന്നെങ്കിലും സിനിമയില്‍ വേരൂന്നാൻ ആ പരിശ്രമങ്ങൾ പോരായിരുന്നു എന്നാണ് തോന്നുന്നത്. അന്നുമിന്നും ഇടിച്ചു കയറുന്ന ഒരാളുമല്ല ഞാൻ. ഈ വർഷങ്ങൾക്കിടയിൽ പല ചെറിയ വേഷങ്ങളും വേണ്ടെന്നു വച്ചിട്ടുണ്ട്. ആ സിനിമകളിലൂടെ നേടാമായിരുന്ന ബന്ധങ്ങൾ പുതിയ അവസരങ്ങൾക്കായി ഉപയോഗിക്കാം എന്നൊന്നും ഞാൻ ചിന്തിച്ചതേയില്ല.

പൈസ ചോദിച്ചു വാങ്ങുന്ന സ്വഭാവം എനിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ ഹോസ്പിറ്റൽ പ്രാക്ടീസിനായി അധികസമയം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ജീവിതപ്രതിസന്ധികൾ കാരണം 2013 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ വിരലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞത്.

തിരിച്ചുവരവു ഗംഭീരമായില്ലേ ?

സിനിമയിലേക്കു മാത്രമല്ല, ജീവിതത്തിലേക്കുള്ള തിരിച്ചുവരവും 2016ലാണ്. അമ്മ റിട്ടയറായപ്പോൾ എറണാകുളത്തു സ്വന്തമായി ഭൂമി വാങ്ങി. വീടുപണിയും ആരംഭിച്ചു. വീടുപണി പുരോഗമിക്കുന്നതിനിടയിൽ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അച്ഛന്റെ ബന്ധുക്കളുമായി ചില പ്രശ്നങ്ങളുണ്ടായി. അങ്ങനെ വീടുപണി നിർത്തിവയ്ക്കേണ്ടി വന്നു. സബ് കോടതിയിൽ തുടങ്ങിയ കേസ് സുപ്രീംകോടതിയിൽ അവസാനിച്ചപ്പോൾ ഒരു ദശാബ്ദം കഴിഞ്ഞിരുന്നു. വീടുപണിക്കു വേണ്ടി ഉണ്ടായിരുന്ന ചെറിയ അപാർട്മെന്റും വിറ്റു വാടകവീട്ടിലാണ് അന്നെന്റെ താമസം. 2016ലാണു സാമ്പത്തിക ബാധ്യതയിൽ നിന്നെല്ലാം കര കയറി ഞങ്ങൾ കാലുറച്ചു നിന്നത്.

ആ വർഷം തിയറ്ററിലെത്തിയ ‘ആനന്ദം’ ഹിറ്റാകുകയും ചെയ്തു. ആനന്ദത്തിലെ ചാക്കോ മാഷാണ് ബ്രേക് നൽകിയ കഥാപാത്രം. എവിടെയോ വച്ചു കണ്ടിട്ടുണ്ടല്ലോ എന്ന ആളുകളുടെ മുഖഭാവം മാറി. ‘ചാക്കോ മാഷല്ലേ’ എന്നു ചോദിച്ചു വന്നു പരിചയപ്പെടാനും തുടങ്ങി. പിന്നീടിങ്ങോട്ട് ‘തൃശ്ശിവപേരൂർ ക്ലിപ്തം’, ‘ഉണ്ട’, ‘ഹെലൻ’, ‘നിഴൽ’, ‘ആറാട്ട്’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘2018’...

തിരക്കഥാകൃത്ത് എന്ന മോഹം എന്നാണ് ഒപ്പം കൂടിയത് ?

എന്നെ ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ ക്ഷണിച്ചെത്തിയതാണ് മുഹമ്മദ് ഷാഫി. അവന്റെയുള്ളിൽ ബിഗ് സ്ക്രീൻ സിനിമയ്ക്കു വേണ്ട കാലിബറുണ്ടെന്ന് എനിക്കു തോന്നി. ഷാഫിയെഴുതിയ തിരക്കഥ കേൾപ്പിക്കാനായി ഇ4 എന്റർടെയ്ൻമെന്റ്സിലെ സാരഥിച്ചേട്ടന്റെ അടുത്തെത്തിയപ്പോ ൾ അദ്ദേഹത്തിന് ആ കഥ ഇഷ്ടമായില്ല. അദ്ദേഹമാണു മനോരമ വാർഷികപതിപ്പിൽ വായിച്ച കണ്ണൂർ സ്ക്വാഡിനെക്കുറിച്ചു പറയുന്നത്.

ഞങ്ങൾ യഥാർഥ കണ്ണൂർ സ്ക്വാ‍ഡിലെ ബേബി ജോർജ് സാറിനെ സമീപിച്ചു. ആദ്യമെല്ലാം ഒഴിഞ്ഞുമായെങ്കിലും അദ്ദേഹം ഒടുവിൽ വഴങ്ങി. അദ്ദേഹം പറഞ്ഞ കഥകളിൽ എനിക്കും ഷാഫിക്കും ഒരുപോലെ ഇഷ്ടപ്പെട്ടത് 16 ദിവസം കൊണ്ട് 6000 കിലോമീറ്റർ ജീപ്പിലും ട്രെയിനിലും സഞ്ചരിച്ചു പ്രതികളെ പിടിച്ച സ്ക്വാഡിന്റെ ഹീറോയിസമാണ്. അങ്ങനെ ‘റീൽ കണ്ണൂർ സ്ക്വാ‍ഡി’ന്റെ സഞ്ചാരം തുടങ്ങി.

തിരക്കഥ ആദ്യം കേട്ട നടന്റെ കാഴ്ചപ്പാട് ശരിയായിരുന്നു. ജീവിതം സിനിമയാകുമ്പോൾ സിനിമാറ്റിക് എലമെന്റ്സ് കൂടി വേണം. യഥാർഥ സ്ക്വാഡ് കൈക്കൂലിക്കാരേയല്ല. സിനിമയ്ക്കു വേണ്ടി അവരുടെ അനുവാദത്തോടെ അത്തരം ചില മുഹൂർത്തങ്ങൾ ചേർത്തു. സാരഥിച്ചേട്ടന് റിയലിസ്റ്റിക് സിനിമയായിരുന്നു ആവശ്യം. അതുകൊണ്ടുപിന്നീട് അങ്ങോട്ടുപോകാൻ ധൈര്യം വന്നില്ല.

തിരക്കഥ പുരോഗമിക്കുന്നതിനിടയിലാണു റോബി സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. തിയറ്റിൽ കയ്യടി വാങ്ങുന്ന വില്ലേജ് ആക്‌‌ഷൻ രംഗം എഴുതിയതു റോബിയാണ്. ക്യാമറാമാൻ റാഹിൽ, സഹസംവിധായകൻ വി.ടി. ആദർശ് എന്നിവരും കൂടിയിരുന്നാണു തിരക്കഥ ഫൈൻ ട്യൂൺ ചെയ്യുന്നത്. അതിനെടുത്തു ഒന്നര വർഷം.

തിരിച്ചടികളാണോ മുന്നോട്ടു നയിച്ചത് ?

കഥാപാത്രത്തിനായി മാസങ്ങളോളം കാത്തിരുന്നിട്ട് ഒടുവിൽ അവസരം നഷ്ടപ്പെട്ട അനുഭവങ്ങളുണ്ട്. ഞാൻ ചെയ്യാനിരുന്ന കഥാപാത്രം വളരെ അടുത്ത സുഹൃത്ത് അഭിനയിക്കുന്നതു കാണേണ്ടി വന്നിട്ടുണ്ട്. ഒരു വിജയം വന്നപ്പോൾ തിരിച്ചടികൾ വിളിച്ചു പറയുന്നുവെന്നു കരുതരുത്. സ്ട്രഗിൾ ചെയ്യുന്ന നിരവധിപേർ ഈ മേഖലയിലുണ്ട്. കാലിടറിയാലും പതറാതെ മുന്നോട്ടു പോകാൻ അവർക്കിതു പ്രേരകമായേക്കും എന്ന പ്രതീക്ഷയിൽ പറയുന്നതാണ്.

മുന്നോട്ടു നയിച്ചതിൽ കുടുംബത്തിനും വലിയ റോളുണ്ട്. ഭാര്യയും മക്കൾ ജോവാനും നോഹയും റോബിയുടെ ഭാര്യ അഞ്ജുവും മൂന്നു വയസ്സുകാരൻ നതാനിയേലും ഒക്കെ ഈ സിനിമയുടെ വിജയത്തിന്റെ ഭാഗമാണ്. നമ്മളെ ബാധിക്കുന്ന നല്ലതും മോശമായതും കുടുംബത്തെയും ബാധിക്കും. ആ സമയങ്ങളിൽ അവർ നൽകുന്ന പിന്തുണയും സ്നേഹവും വിജയപാതയിലേക്കുള്ള വെളിച്ചമാകും.

മക്കൾക്കു സിനിമാമോഹമുണ്ടോ ?

ആറാം ക്ലാസ്സുകാരി ജോവാന് ന‍ൃത്തമാണിഷ്ടം. മൂന്നാം ക്ലാസ്സുകാരനായ മകൻ നോഹയ്ക്ക് സ്പോർട്സും. ഓരോ വ്യക്തിക്കും ഓരോ കഴിവുണ്ട്. ഒരു ഘട്ടത്തിൽ അവരതു തിരിച്ചറിയും. അതെന്തായാലും അതിനൊപ്പം ഞങ്ങളുണ്ട്.

റോബിയെ എൻജീനയറാക്കാൻ ആഗ്രഹിച്ചവരാണു മാതാപിതാക്കൾ. പക്ഷേ, അവൻ മികച്ച ഛായാഗ്രഹനായി മാറുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു. അതു കാലം തെളിയിച്ചു. എന്നാൽ അവൻ മികച്ച സംവിധായകനായി മാറണമെന്നുകൂടി ദൈവം എഴുതിയിരുന്നു.

അമ്മു ജൊവാസ്

ഫോട്ടോ: ശ്യാം ബാബു