Wednesday 24 January 2024 12:19 PM IST

‘അമ്മ മരിച്ചതിനു ശേഷം നോൺവെജ് ഭക്ഷണം കഴിച്ചിട്ടില്ല, ഇപ്പോൾ ഒരു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ’: മുരിക്കൻ പിതാവിന്റെ സന്യാസ ജീവിതം

V R Jyothish

Chief Sub Editor

father-murickan-4

പാഞ്ചാലിമേട്ടിൽ നിന്നു വീണ്ടും അഞ്ചു കിലോമീറ്റർ മല കയറണം തണ്ണിപ്പാറയിലെത്താൻ. കോടമഞ്ഞ് കാഴ്ച മറയ്ക്കുന്ന മലനിരകളാണു ചുറ്റും. തേയിലക്കാടുകൾക്കപ്പുറം വന്യമായ നിശബ്ദത, വല്ലപ്പോഴും കാഴ്ചയിൽപ്പെടുന്ന പ്രാർഥനാലയങ്ങൾ, വനങ്ങൾ അതിരിടുന്ന മലയിടുക്കുകൾ. ഇവിടെ എപ്പോഴും കാറ്റാണ്; പിന്നെ, തണുപ്പും. ചിലപ്പോഴതു മൃദുവായി തഴുകിപ്പോകും. മറ്റു ചിലപ്പോൾ വന്യമൃഗങ്ങളെപ്പോലെ കടിച്ചു കുടയും.

ഈ മലഞ്ചെരുവുകളിലൊന്നിലാണു മാർ തോമസ് സ്ലീഹാ ദയറാ. പാലാ രൂപതയുടെസഹായമെത്രാൻ പദവിയിൽ നിന്നു സന്യാസജീവിതത്തിലേക്കു മാറിയ ബിഷപ്പ് മാർ. ജേക്കബ് മുരിക്കൻ ഏകാന്തജീവിതം നയിക്കുന്ന ഹെർമിറ്റ്. സിറോമലബാർസഭയുടെ ചരിത്രത്തിൽ അത് ആദ്യത്തെ സംഭവമായിരുന്നു. ഒരു പിതാവ് തന്റെ സ്ഥാനമാനങ്ങളെല്ലാം ഇട്ടെറിഞ്ഞ് ഏകാന്തധ്യാനത്തിലേക്കു മ ടങ്ങുക. ആദിമമനുഷ്യനും ദൈവവും തമ്മി ലുള്ള ബന്ധം എങ്ങനെയാണോ അതുപോലെയാണ് ഈ ഏകാന്തജീവിതവും.

പത്തു വർഷത്തോളം പാലാരൂപതയുടെസഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു മുരിക്കൻ പിതാവിന്റെ സ്ഥാനത്യാഗം. ബസിൽ സാധാരണക്കാരനായി യാത്ര ചെയ്തും തെരുവിൽ ജീവിക്കുന്നവരെ ശുശ്രൂഷിച്ചും ഒരു ചെറുപ്പക്കാരനു തന്റെ വൃക്കദാനം ചെയ്തും മുരിക്കൻ പിതാവ് സ്വന്തം ജീവിതത്തെ അത്രമേല്‍ ദൈവത്തിലേക്ക് അടുപ്പിച്ചിരുന്നു. ആളും അർത്ഥവുമുള്ള, തിരക്കുപിടിച്ച െമത്രാൻ ജീവിതത്തിൽ നിന്നാണ് എല്ലാം ത്യജിച്ച സന്യസ്ത ജീവിതത്തിലേക്ക് അദ്ദേഹം മാറിയത്.

നല്ലതണ്ണിക്കു സമീപമുള്ള മാർതോമാ ആ ശ്രമത്തിനടുത്ത് അഞ്ചുസെന്‍റ് സ്ഥലം പാട്ടത്തിനെടുത്തു ചെറിയൊരു വീടുണ്ടാക്കിയാണു മുരിക്കൻ പിതാവിന്റെ ഏകാന്തവാസം. ഒ റ്റമുറിയുള്ള വീടാണ്. ഒരുവശത്തു ചാപ്പലും മറുവശത്ത് അടുക്കളയും. ഇവിടെ വരുന്നവർക്കു രുചികരമായ കഞ്ഞിയും പയറും വിളമ്പും. അതു പിതാവിന്റെ രസക്കൂട്ടാണ്. കിട്ടുന്ന പച്ചക്കറികളും ചേർക്കും.

വൈദികരും സന്യസ്തരും ഒരുപാടുള്ള കുടുംബമാണ് മുട്ടുചിറ മുരിക്കൻ കുടുംബം. വിശുദ്ധയാക്കപ്പെട്ട അൽഫോൻസാമ്മ വളർന്നത് ഇ വിടെയാണ്. മുരിക്കൻ കുടുംബത്തിൽ ജോസഫ് – അച്ചാമ്മ ദമ്പതികളുടെ മകനായി ജനനം. നാട്ടകം ഗവൺമെന്‍റ് കോളജിൽ നിന്നു സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് സെമിനാരിയില്‍ ചേർന്നത്. പാലാരൂപതയുടെ സഹായമെത്രാനായ അദ്ദേഹം ആറുവർഷത്തെ ചിന്തയ്ക്കും ധ്യാനത്തിനും ശേഷമാണ് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്. ആശ്രമത്തിന്‍റെ സ്നേഹവും വിശുദ്ധിയും നന്മയും നിറയുന്ന പ്രകൃതിയിലിരുന്ന് മുരിക്കൻ പിതാവ് സംസാരിക്കുകയാണ്.

എന്തുകൊണ്ടാണ് പിതാവു കാവിവസ്ത്രം ധരിക്കുന്നത്?

ത്യജിക്കുന്നതിന്റെ അടയാളമാണു കാവിനിറം. വ്യക്തിപരമായ താൽപര്യങ്ങളും സ്വാഭാവികമായ വാസനകളാൽ ബന്ധിതമായ ഇഷ്ടങ്ങളും ഒക്കെ ത്യജിക്കുകയാണ് ഒരു താപസൻ ചെയ്യേണ്ടത്. അതുപക്ഷേ, സഹജീവികൾക്കു കൂടി വേണ്ടിയാണ് എന്ന വ്യത്യാസമുണ്ട്. വല്ലപ്പോഴും വല്ലതും ത്യജിക്കാൻ നമ്മൾ തയാറാകണം. അങ്ങനെയാണെങ്കിൽ നല്ല മനഃസമാധാനം കിട്ടും.

ഈ താപസ ജീവിതത്തിന്റെ അർഥം എന്താണെന്നു പ ലരും ചോദിക്കാറുണ്ട്. ഇതിനു ധാരാളം അർഥമുണ്ട്. ആദിമ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പോലെയാണിത്. ഹെർമിറ്റ് എന്നു പറയാം. ഗുഹകളിലും മരുഭൂമികളിലും കാടുകളിലുമൊക്കെ പോയി ഏകാന്തജീവിതം നയിക്കുന്നതിനെയാണ് ഹെർമിറ്റ് എന്നു പറയുന്നത്. ഏഴുനേരം പ്രാർഥന നടക്കുന്ന ഒരിടം.

വലിയൊരു ത്യാഗമാണ് പിതാവിന്റേത് എന്നു ഒരുപാടുേപര്‍ പറയുന്നു?

അഭിഷേകം നടത്തി പട്ടം കൊടുക്കുമ്പോൾ ഒരാൾ ദൈവത്തിന്റെ പ്രതിപുരുഷനാവുന്നു. പട്ടാഭിഷേകത്തിന്റെ പരിപൂർണതയാണു മെത്രാൻ പദവി. ആ മുദ്ര എന്റെ ആത്മാവിൽ പൂർണമായും പതിഞ്ഞിട്ടുണ്ട്. ഞാൻ ത്യജിച്ചു എന്നു മറ്റുള്ളവർ പറയുന്നത് സഭയുമായി ബന്ധപ്പെട്ട അധികാരവും മറ്റു ഭൗതികസാഹചര്യങ്ങളുമാണ്. അവയോടൊക്കെ താൽപര്യം തോന്നുന്നവര്‍ക്ക് ഇതു വലിയ ത്യാഗമായി തോന്നാം. എനിക്കു പക്ഷേ, അങ്ങനെ തോന്നുന്നില്ല. കാരണം ഞാൻ ഒന്നും ത്യജിച്ചിട്ടില്ല. ദൈവത്തോടു കൂടുതൽ അടുത്തു എന്നല്ലാതെ.

മനുഷ്യൻ ദൈവത്തിൽ നിന്ന് അകലുകയാണോ ഇപ്പോൾ?

മനുഷ്യൻ ദൈവത്തിൽ നിന്നകന്നാലും ദൈവം മനുഷ്യനിൽ നിന്ന് അകലുന്നില്ല. ഭൂമിയിൽ വായുവും വെള്ളവും മണ്ണും അഗ്നിയും കാറ്റും സൃഷ്ടിച്ച് ൈദവം മനുഷ്യനെ അ വനിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു.

ബൈബിൾ വചനപ്രകാരം ദൈവം ആദ്യമായി മനുഷ്യനോട് ഒരുകാര്യം ആവശ്യപ്പെടുന്നത് അബ്രഹാമിനോടാണ്. അബ്രഹാം നല്ല കർഷകനായിരുന്നു. നല്ല ജീവിതസാഹചര്യങ്ങളിൽ കുടുംബസമേതം ജീവിക്കുന്ന അബ്രഹാമിനോടു ദൈവം പറഞ്ഞു; ‘ഞാൻ കാണിച്ചു തരുന്ന സ്ഥലത്തേക്കു പോകുക. നീ ഉപേക്ഷിക്കുക, ത്യജിക്കുക.’

അബ്രഹാം പുറപ്പെട്ടു. എന്തിനാണു ദൈവം തന്നെ വിളിക്കുന്നതെന്നു അബ്രഹാമിന് അറിഞ്ഞുകൂടായിരുന്നു. അതു ദുരൂഹമായിരുന്നു. പക്ഷേ, ദൈവം പറഞ്ഞ വഴിയിലൂടെയായതു കൊണ്ട് അബ്രഹാമിന് ആശങ്കകളുണ്ടായിരുന്നില്ല. ഞാനും ദൈവം പറഞ്ഞ വഴികളിലൂടെയാണു നടക്കുന്നത് അതുകൊണ്ട് എനിക്കും ആശങ്കകളില്ല.

എങ്ങനെയാണ് ഈ കാട്ടിലെത്തിയത്?

അതൊരദ്ഭുതമാണ്. ഇവിടെ അടുത്തൊരു ആശ്രമമുണ്ട്. സെമിനാരിയിൽ ഞങ്ങളെ ചരിത്രം പഠിപ്പിച്ച ഫാദർ സേവ്യർ കൂടപ്പുഴ സിറോ മലബാർ സഭയുടെ ചരിത്രകാരനാണ്. അദ്ദേഹം അവിടെയാണു താമസിക്കുന്നത്. അദ്ദേഹത്തെ കാണാൻ ഞാൻ വന്നിട്ടുണ്ട്. പിന്നെ, ഈ കാട്ടിൽ മൂന്നു സാധാരണക്കാർ കഴിഞ്ഞ 25 വർഷത്തിലേറെയായി താമസിക്കുന്നുണ്ട്. ദൈവത്തിൽ ആശ്രയിച്ചും വിശ്വസിച്ചും പ്രാർഥിച്ചുമാണ് അവരുടെ ജീവിതം. വല്ലപ്പോഴും ആരെങ്കിലും അവരെ കാണാൻ വരും. അവർ എന്തെങ്കിലും കൊണ്ടു കൊടുത്താൽ കഴിക്കും. ഇല്ലെങ്കിൽ കഴിക്കില്ല. ഇങ്ങനെയാണ് അവരുടെ ജീവിതം. അവരെ കാണാൻ വേണ്ടിയും ഞാനിവിടെ വന്നിട്ടുണ്ട്. അല്ലാതെ ഈ സ്ഥലവുമായി എനിക്കു ബന്ധമില്ല.

എങ്ങനെയാണ് പിതാവിന്റെ ഒരു ദിവസം തുടങ്ങുന്നത്?

പുലർച്ചെ രണ്ടുമണിക്ക് എഴുന്നേൽക്കും. മൂന്നു മണിക്ക് ഒ ന്നാംയാമ പ്രാർഥന. പിന്നെ, ഓരോ മൂന്നു മണിക്കൂർ ഇടവിട്ടും പ്രാർഥിക്കും. അങ്ങനെ രാത്രി ഒൻപതു മണിയാകുമ്പോൾ ഏഴു യാമപ്രാർഥനകൾ പൂർത്തിയായിരിക്കും. സർവസൃഷ്ട ജാലകമാണ് ഒന്നാം യാമപ്രാർഥന. ഈ ഭൂമിയിലെ സർവജീവികളും സൃഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതായ സങ്കൽപമാണു യാമപ്രാർഥനകളിൽ.

father-murickan-2

ധ്യാനം കൊണ്ടുമാത്രം മനുഷ്യനു ജീവിക്കാൻ കഴിയുമോ?

ആകാശത്തിലെ പറവകൾ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല. എങ്കിലും ഇന്നേവരെ ഒരു പറവയും പട്ടിണി കിടന്നു ചത്തു എന്നു നമ്മൾ ആരും കേട്ടിട്ടില്ലല്ലോ? അ തു ദൈവത്തിന്റെ ഒരു പദ്ധതിയാണ്. ദൈവം മറ്റാരുമറിയാതെ അവരെ പോറ്റുന്നു.

അധികം ആഹാരമൊന്നും എനിക്കിപ്പോള്‍ വേണ്ട. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടും ഏകദേശം നാൽപതു വയസ്സു വരെ നല്ല ഭക്ഷണങ്ങൾ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നതു കൊണ്ടും ഇപ്പോൾ ഒരു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ. അതുകൊണ്ടു മറ്റുള്ളവർ ഒ രുനേരം ആഹാരം കഴിച്ചാൽ മതി എന്നു ഞാൻ പറയില്ല. കഞ്ഞിയും പയറുമാണു പ്രധാനഭക്ഷണം. അല്ലെങ്കിൽ കപ്പയും കാന്താരിമുളക് പൊട്ടിച്ചതും. അമ്മ മരിച്ചതിനു ശേഷം നോൺവെജ് ഭക്ഷണം കഴിച്ചിട്ടില്ല.

കാട്ടുമൃഗങ്ങളാണു കൂട്ട് എന്നു കേട്ടിട്ടുണ്ട്?

കാട്ടുമൃഗങ്ങൾ ഇപ്പോൾ നാട്ടിലുമുണ്ടല്ലോ? ഇവിടെ ചിലതൊക്കെ വരാറുണ്ട്. ഉള്ളിലുള്ള കാട്ടിലൂടെ ചിലപ്പോള്‍ നടക്കാൻ പോകും. അങ്ങനെ പോയപ്പോൾ ഒരിക്കൽ അൻപതു മീറ്റർ മുന്നിലൂടെ ഒരു പുലി പാഞ്ഞുപോയി. എന്നെ ഒ ന്നു നോക്കിയതു പോലുമില്ല. കാട്ടിനുള്ളിൽ ധ്യാനിക്കാനിരിക്കുന്ന പാറയുണ്ട്. ഒരു ദിവസം ഞാനവിടെ ചെന്നപ്പോൾ ആ പാറയിലൊരു പുലി. എന്നെ കണ്ടപ്പോൾ പാറയിൽ നിന്നിറങ്ങി പുലി കാട്ടിലേക്കു മറഞ്ഞു. ശബരിമലയുടെ ഭാഗമാണ് ഈ പ്രദേശം.

ക്രിസ്മസ് കാലത്തിന്‍റെ ഓർമകൾ എന്തെല്ലാമാണ് ?

നല്ല ഓർമകളാണ്. പുൽക്കൂട്, നക്ഷത്രം സമൃദ്ധമായ ഭക്ഷണം, പാതിരാകുർബാന. യഥാർഥത്തിൽ ക്രിസ്മസ് വെളിച്ചത്തിന്റെ ആഘോഷമാണ്. ഈ ദിവസം ൈദവം എന്തിനാണു കുഞ്ഞായി ജനിച്ചത് എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഓരോ കുഞ്ഞൂം ഓരോ സാധ്യതയാണ് എന്നു ൈദവം പറയുകയായിരുന്നു. ദൈവം എന്തിനാണ് ഒരു അമ്മയുടെ ഉദരത്തിൽ ജനിച്ചത്? അമ്മയ്ക്കുള്ള സ്ഥാനം എന്താണെന്നുവ്യക്തമാക്കുകയായിരുന്നു. പ്രപഞ്ചത്തിൽ ഒരു സ്ത്രീക്കുള്ള സ്ഥാനം എന്താണെന്നു വ്യക്തമാക്കാനായിരുന്നു. തിരുപ്പിറവിയിലൂടെ ദൈവം സ്ത്രീശാക്തീകരണത്തെക്കുറിച്ചു ഓർമിപ്പിക്കുകയായിരുന്നു.

ഏറ്റവും കൂടുതൽ ബാല്യമുള്ളതു മനുഷ്യനാണ്. അ തും ദൈവത്തിന്റെ പദ്ധതിയാണെന്നു ഞാൻ പറയും. കാര ണം, ഒരു കുഞ്ഞ് വളർന്നു പറക്കമുറ്റി ഒരു അവസ്ഥയിലെത്താൻ എടുക്കുന്ന സമയമുണ്ടല്ലോ? അതിനിടയിൽ അവൻ മനുഷ്യത്വം എന്നാൽ എന്താണെന്നും ത്യാഗം എ ന്നാൽ എന്താണെന്നും പഠിച്ചിരിക്കണമെന്നു ൈദവത്തിനു നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇത്രയും നീണ്ട ബാല്യം മനുഷ്യനു കൊടുത്തത്.

father-murickan-4

മനുഷ്യർ വല്ലാതെ മാറിപ്പോയി എന്നു തോന്നുന്നുണ്ടോ?

200 വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരു കാട്ടാനയും ഇപ്പോൾ ജീവിക്കുന്ന കാട്ടാനയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. എന്നാൽ 200 വർഷം മുൻപുള്ള മനുഷ്യർ ജീവിച്ചിരുന്നതുപോലെയല്ല ഇന്നു മനുഷ്യർ ജീവിക്കുന്നത്. മനുഷ്യർ മാറിപ്പോയി, സത്യമാണ്.

മയിൽ നന്നായി നൃത്തം ചെയ്യും കുയിൽ നന്നായി പാട്ടുപാടും. മയിൽ പാട്ടുപാടാൻ ശ്രമിക്കുന്നതും കുയിൽ നൃത്തം ചെയ്യാൻ ശ്രമിക്കുന്നതുമാണ് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുണ്ടാകുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനം.

എങ്കിലും ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെ കാര്യത്തിൽ. നല്ലൊരു ജീവിതം അന്വേഷിച്ചു നമ്മുടെ ചെറുപ്പക്കാർ നാടു വിടുന്നു. ഇവിടെ നിന്നാൽ നല്ലൊരു ജീവിതം കിട്ടില്ല എന്ന തോന്നലാണ് അതിനു കാരണം. സമൂഹത്തിൽ നടക്കുന്ന എല്ലാ തിന്മകളുടെയും പ്രധാന വില്ലൻ ലഹരിയാണ്. അതു മദ്യമോ മറ്റെന്തെങ്കിലുമോ ആകാം.

ഈ ഏകാന്തതയിൽ ദൈവത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ?

നിശബ്ദതയിലും ഏകാന്തതയിലുമാണ് ഏറ്റവും ക്രിയാത്മകമായ ജോലികൾ നടക്കുന്നത്. നാം നമ്മുടെ ശരീരത്തിലേക്കു നോക്കുക. നമ്മുടെ ഹൃദയം നിരന്തരം പ്രവർത്തിച്ചു രക്തം എല്ലാ ശരീരഭാഗങ്ങളിലും എത്തിക്കുന്നതായി നമുക്കറിയാം. പക്ഷേ, നമ്മളിൽ ആരെങ്കിലും ആ ശബ്ദം കേൾക്കുന്നുണ്ടോ? ചെറിയൊരു വിത്തു വളർന്നു വൻവൃക്ഷമാകുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, വളരുന്ന ശബ്ദം ആരെ ങ്കിലും കേട്ടിട്ടുണ്ടോ? അതുപോലെയാണു ദൈവത്തിന്റെ ശബ്ദവും. അതു നമ്മൾ കേൾക്കുന്നില്ല. പക്ഷേ, നമുക്കു ചുറ്റും ആ ശബ്ദം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

പിതാവിനെ നയിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ വെളിച്ചം എന്താണ്?

പരിശുദ്ധ കന്യാമറിയം കാനായിലെ വിവാഹാവസരത്തി ൽ പരിചാരകരോടു പറയുന്ന ഒരു വാചകമുണ്ട്, ‘അവൻ പറയുന്നതു പോലെ നിങ്ങൾ ചെയ്യുക.’ വളരെ ലളിതമായ വാചകം. അതിന്റെ അർഥം, ‘വചനം അനുസരിച്ച് ജീവിക്കുക’ എന്നതാണ്.

കാനായിലെ കല്യാണവീട്ടിൽ ഒരു പ്രതിസന്ധിയുണ്ടായി. അവിടുത്തെ വീഞ്ഞു തീർന്നുപോയി. ആ വലിയ അ പമാനം മറികടന്നത് അവൻ പറഞ്ഞതു പോലെ ചെയ്തപ്പോഴാണ്. അപ്പോൾ വെള്ളം വീഞ്ഞായി. ഏതു കാലത്തെ പ്രതിസന്ധിയിലും പ്രസക്തമാണ് ഈ വചനങ്ങൾ.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ