പൊതുനിരത്തിൽ സിനിമാ താരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. ആരാധനയുടെ പേര് പറഞ്ഞ് പിന്നാലെ നടന്നു ബുദ്ധിമുട്ടിക്കുന്നവർ താരങ്ങളെ ചില സമയം വല്ലാതെ അസ്വസ്ഥരാക്കും. ‘ധടക്ക്’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്ന ജാൻവി കപൂറും അത്തരത്തിലൊരു ഒരു സാഹചര്യത്തിലൂടെ കടന്നു പോയിരിക്കുകയാണ്.
എന്നാൽ ഉറ്റ സുഹൃത്തും ധടക്കിലെ നായകനുമായ ഇഷാന്റെ സമയോചിതമായ ഇടപെടൽ ജാൻവിയെ ശല്യക്കാരിൽ നിന്നും രക്ഷിക്കുകയായിരുന്നു. ആ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ധടക്ക് സിനിമയുടെ പ്രമോഷന് വേണ്ടി മാളിൽ എത്തിയിരുന്നു ഇരുവരും. തിരിച്ച് ഇറങ്ങാൻ നേരത്ത് ആരാധകർ ജാൻവിയെ പൊതിഞ്ഞു. അടുത്ത് നിന്ന് സെൽഫി എടുക്കുകയായിരുന്നു പലരടെയും ലക്ഷ്യം. ആരാധകർ കൂട്ടം കൂടിയപ്പോൾ ജാൻവി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അസ്വസ്ഥയായിരുന്ന ജാൻവിയെ അവരിൽ നിന്നും സംരക്ഷിച്ച് വണ്ടിയിൽ വരെ എത്തിച്ചത് ഇഷാൻ ആണ്. പോകുന്ന വഴിയിൽ പലരും ശല്യം ചെയ്യാൻ എത്തിയെങ്കിലും അവരോടെല്ലാം മാന്യമായി തന്നെയാണ് ഇഷാൻ ഇടപെട്ടത്.
ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്യുന്ന ധടക്ക് പ്രണയ കഥയാണ് പങ്കു വയ്ക്കുന്നത്. ജൂലൈ 20നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.