Tuesday 27 February 2024 02:36 PM IST : By സ്വന്തം ലേഖകൻ

എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല! അശ്വതിയുടെ കുറിപ്പ്

aswathy

പിറന്നാൾ ദിനത്തിൽ വേറിട്ട കുറിപ്പുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജൻമദിനം. ജൻമദിനാശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

‘അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം.
പിറന്നാൾ ആശംസകൾക്ക്, സമ്മാനങ്ങൾക്ക്, സ്നേഹത്തിന് നന്ദി !
പിന്നേ...പണ്ടത്തെ എന്നെ കണ്ടാൽ ഇന്നത്തെ ഞാൻ എന്ത് പറയുമെന്നോ ?
അച്ഛനും അമ്മയും ഉൾപ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങൾ എടുക്കാൻ.
സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാൾക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും.
എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല !
കണ്ണടച്ച് തുറക്കുമ്പോൾ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാൻ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം.
ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വർഷങ്ങൾക്ക് അപ്പുറത്ത് തീർത്തും അപ്രസക്തമാവാൻ ഇടയുണ്ട്. വ്യക്തികൾ പോലും.
നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവസമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാൻ പഠിക്കണം.
നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്.
സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. സന്തോഷമുള്ള മനുഷ്യർക്കേ അത് പങ്കു വയ്ക്കാൻ കഴിയു
(അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകൾ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളിൽ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റിയ കാര്യങ്ങൾ മാത്രമാണ് ?)
അപ്പൊ എല്ലാം പറഞ്ഞ പോലെ, എല്ലാരോടു സ്നേഹം’.– അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധിയാളുകളാണ് അശ്വതിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.