Tuesday 05 December 2023 11:01 AM IST : By സ്വന്തം ലേഖകൻ

‘ഞാനും ഫിറോസ് ഇക്കയും വേർപിരിയുന്നു, കാരണം ആ വ്യക്തിയല്ല... തികച്ചും വ്യക്തിപരം’: സജ്ന നൂർ

sajna-firoz-4

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരജോഡിയായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും തികച്ചും വ്യക്തിപരമായ കാരണങ്ങളായതു കൊണ്ടു തന്നെ കാരണം പുറത്തു പറയാനാകില്ലെന്നും സജ്ന വെളിപ്പെടുത്തി. ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോൾ മറ്റുള്ളവർക്ക് തന്നോടുള്ള പെരുമാറ്റത്തിൽ വ്യത്യാസമുണ്ടെന്നും സജ്ന പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.

‘പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്.വേർപിരിയുക എന്നത് ഞങ്ങൾ രണ്ടു പേരും കൂടി എടുത്ത തീരുമാനമാണ്. വേർപിരിയുമ്പോഴും ഞാനും ഫിറോസ് ഇക്കയും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ല ഉമ്മയും ബാപ്പയും ആയിരിക്കും. കുഞ്ഞുങ്ങൾ എന്റെ ഉമ്മയുടെ കൂടെയാണ്. പപ്പ എവിടെ പോയെന്ന് മകൻ ചോദിക്കും. അവനോട് ഷൂട്ടിന് പോയെന്നാണ് പറയുന്നത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ കുറച്ചു വിഷമമമുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം മാത്രമേ ഞങ്ങൾക്ക് സംസാരിക്കാനുള്ളൂ. മറ്റൊന്നുമില്ല.’– സജ്ന പറയുന്നു.

‘എവിടെപ്പോയാലും ഫിറോസിക്കയെ ആശ്രയിക്കുന്ന ഒരാളായിരുന്നു ഞാൻ. ഇപ്പോഴും വേർപിരിഞ്ഞത് പൂർണമായി ഉൾക്കൊള്ളാന്‍ ആയിട്ടില്ല. ആ നഷ്ടത്തിൽ നിന്ന് ഞാൻ റിക്കവറായി വരുന്നതേയുള്ളൂ. ആരുടെ മുന്നിലും തോറ്റു കൊടുക്കില്ല. എന്റെ കുഞ്ഞുങ്ങൾക്കായി എനിക്കു ജീവിക്കണം.’

‘വേർപിരിഞ്ഞെന്നു കരുതി ഞങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ വന്നെന്നോന്നും കരുതരുത്. അതൊന്നുമല്ല ഞങ്ങൾ തമ്മിൽ ഉണ്ടായ ചില അഭിപ്രായ വ്യാത്യാസങ്ങളാണ് കാരണം.  ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലർ പറയുന്നുണ്ട്. അത് ഇപ്പോൾ വരുന്ന ചില റീൽസ് കണ്ടിട്ട് പറയുന്നതാണ്.  ഞങ്ങളുടെ വേർപിരിയലിൽ ഷിയാസിന് യാതൊരു ബന്ധവും ഇല്ല.’– സജ്ന വിശദമാക്കുന്നു

ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്. ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. സജ്ന സീരിയൽ അഭിനയവുമായും സജീവമായിരുന്നു.