Saturday 21 October 2023 03:33 PM IST : By സ്വന്തം ലേഖകൻ

ആ സ്വപ്നം പൂർത്തിയാക്കാൻ ആദിത്യനെ മരണം അനുവദിച്ചില്ല, ‘സാന്ത്വനം’ കഥ പകുതിയിൽ നിർത്തി, ആദിത്യന്റെ വിയോഗം

santhwanam-adithyan

പ്രിയപ്പെട്ടവരിൽ നിന്നും മനുഷ്യരെ നിർദാക്ഷിണ്യം പറിച്ചെടുക്കുന്ന രംഗബോധമില്ലാത്ത കോമാളിയാണ് മരണം. തൊട്ടു മുൻപു വരെ ചിരിച്ചും തമാശ പറഞ്ഞും നമുക്കൊപ്പമുണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം മരിച്ചുവെന്നുള്ള വാർ‌ത്ത... അത് ഹൃദയം നുറുക്കുക തന്നെ ചെയ്യും. വീണ്ടും കാണാമെന്ന് വാക്കുപറഞ്ഞ് സീരിയൽ സെറ്റിൽ നിന്നും വിടപറഞ്ഞ ആദിത്യന്‍ എന്ന സീരിയൽ സംവിധായകനും അത്തരത്തിൽ ഹൃദയങ്ങളെ കുത്തിനോവിക്കുന്ന വേദനയാകുകയാണ്.

നിഴലുപോലെ കൂടെനിന്ന സഹപ്രവർത്തകൻ, മനസറിഞ്ഞ കൂടപ്പിറപ്പ്... സഹപ്രവർത്തകർക്ക് അങ്ങനെ ആരെല്ലാമോ ആയിരുന്നു ആദിത്യൻ. കഴിഞ്‍ ദിവസവും വരെയും സന്തോഷത്തോടെ കൂെട നിന്ന് വീണ്ടും കാണാമെന്ന് വാക്കുപറഞ്ഞു പോയ മനുഷ്യൻ ഈ ലോകത്തില്ലാ എന്നുള്ള സത്യം ഇനിയും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ക്ഷണനേരം കൊണ്ട് മരണത്തെ പുൽകിയ ആ നല്ല മനുഷ്യൻ സീരിയൽ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും നൽകിയ വേദന താങ്ങാലുന്നതിലും അപ്പുറം.

സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ആദിത്യൻ മരണത്തിന്റെ ലോകത്തേക്ക് മറയുന്നത്. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു തൊട്ടു മുൻപായിരുന്ന മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. നാളെ കാണാമെടാ...' എന്നു പറഞ്ഞാണ് പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ ബുധനാഴ്ച സാന്ത്വനം' സീരിയൽ ഷൂട്ടിങ് സെറ്റിൽ നിന്നു മടങ്ങിയത്. ഇന്നലെ പുലർന്നപ്പോൾ വർത്തകർ കേട്ടതു പ്രിയപ്പെട്ട കൂട്ടുകാരന്റെ മരണ വാർത്ത.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷൻ സീരിയലായ സാന്ത്വനത്തിന്റെ ബുധനാഴ്ചത്തെ ഷൂട്ടിങ് മണക്കാടുള്ള ഒരു വീട്ടിലായിരുന്നു. രാത്രി ഒൻപതരയോടെ ഷൂട്ടിങ് കഴിഞ്ഞാണ് ആദിത്യൻ പേയാടുള്ള വാടകവീട്ടിലേക്കു പോയത്. പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ഡയറക്ടർ ശരത്തിനെ ഫോൺ ചെയ്തു നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു.  ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിലായിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപു ആദിത്യൻ മരണമടയുകയായിരുന്നു. 

സീരിയൽ രംഗത്തെ സൂപ്പർ ഹിറ്റ് സംവിധായകനായിരുന്നു. അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചിപ്പി രഞ്ജിത് നിർമിച്ച സീരിയലുകളെല്ലാം വൻവിജയങ്ങളായിരുന്നു. സാന്ത്വനം, ആകാശദൂത്, വാനമ്പാടി എന്നിവ ജനപ്രിയമാക്കുന്നതിൽ ആദിത്യൻ വഹിച്ച പങ്ക് വലുതാണെന്നും, കുടുംബ ബന്ധങ്ങളുടെ കഥ പ്രേക്ഷകർക്കു മുൻപാകെ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ ആദിത്യന് പ്രത്യേക മികവുണ്ടായിരുന്നുവെന്നും നിർമാതാവ് രഞ്ജിത് പറഞ്ഞു.

പ്രേക്ഷകരുടെ പൾസ് നന്നായി അറിയാവുന്ന ആദിത്യൻ നമ്പർ വൺ റേറ്റിങ്ങുള്ള മലയാളം ടെലിവിഷൻ ഡയറക്ടർ കൂടിയായിരുന്നു. 'അമ്മ' എന്ന സീരിയലും സൂപ്പർ ഹിറ്റായിരുന്നു.

തമിഴിൽ പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്ത ആദിത്യന്, മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുക എന്നതു ജീവിതാഭിലാഷമായിരുന്നു. ഇതിനായി പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു മരണം. ജീവിതത്തിന്റെ പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയ ആദിത്യന്റെ മൃതദേഹം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ചപ്പോൾ സിനിമ-സീരിയൽ രംഗത്തെ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്.

സ്റ്റാർ വിജയ് ചാനലിൽ സം പ്രേഷണം ചെയ്ത "പാണ്ഡ്യൻ സ്റ്റോഴ്സ്' എന്ന സീരിയലാണ് സാന്ത്വനം' എന്ന പേരിൽ മലയാ ളത്തിൽ ആദിത്യൻ അവതരിപ്പിച്ചത്. ചിപ്പിയാണ് മുഖ്യകഥാപാതമായ ശ്രീദേവിയെ അവതരിപ്പിക്കുന്നത്.