Tuesday 12 November 2019 12:51 PM IST

‘ഞാൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’! അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ചന്ദ്രാ ലക്ഷ്മൺ

V.G. Nakul

Sub- Editor

c1

മലയാളം ടെലിവിഷൻ ചരിത്രത്തിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നായ ‘സ്വന്ത’ത്തിലെ, സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രം മാത്രം മതി ചന്ദ്രാ ലക്ഷ്മൺ എന്ന അഭിനേത്രിയെ ഓർക്കാൻ. അത്രത്തോളം ആ കഥാപാത്രവും അഭിനയ മികവിലൂടെ ചന്ദ്രയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിൽ ചന്ദ്ര തിളങ്ങി. ‘സ്റ്റോപ്പ് വയലൻസി’ലെ ആഞ്ജലീനയും ‘ചക്ര’ത്തിലെ മാധുരിയും ചന്ദ്രയുടെ പ്രതിഭ അയാളപ്പെടുത്തുന്ന നായികാ കഥാപാത്രങ്ങളായി. ‘കാക്കി’ ഉൾപ്പടെ മൂന്നു ചിത്രങ്ങളില്‍ പൃഥ്വിരാജ് ആയിരുന്നു ചന്ദ്രയുടെ നായകൻ. മലയാളത്തിലും തമിഴിലുമുൾപ്പടെ, സീരിയൽ രംഗത്തും നിരവധി ഹിറ്റുകളിലൂടെ സാന്ദ്ര തന്റെ ഇടമുറപ്പിച്ചത് വളരെപ്പെട്ടെന്നായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി അഭിനയ രംഗത്തു നിന്നു വിട്ടു നിൽക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയതാരം. എന്തിനാണ് ഈ ഇടവേള എന്ന ചോദ്യത്തിനുള്ള ഉത്തരം ചന്ദ്ര ലക്ഷ്മൺ ‘വനിത ഓൺലൈനോടു’ പറയുന്നു.

ഇടവേള മനപൂർവമല്ല

മലയാളത്തിൽ അഭിനയിച്ചിട്ട് 9 വർഷം ആയി, തമിഴിൽ രണ്ടും. മലയാളത്തിൽ ‘മഴയറിയാതെ’ എന്ന സീരിയൽ ആണ് അവസാനം ചെയ്തത്. ആ സമയത്ത് തമിഴിൽ തിരക്കായിരുന്നു. രണ്ടു മൂന്നു പ്രൊജക്ട് ഉണ്ടായിരുന്നു. എല്ലാം ഹിറ്റ്. തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തിൽ നിന്നു വിട്ടു നിന്നതിന് കാരണം. അല്ലാതെ മനപൂർവം ഒരു ഇടവേള എടുത്തതല്ല. തമിഴിൽ 2017 ലാണ് അവസാനമായി അഭിനയിച്ചത്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് ചെറിയ ഒരു ബ്രേക്ക് എടുത്തു. ഒരു വർഷം കഴിഞ്ഞ് മടങ്ങി വരാം എന്നായിരുന്നു പ്ലാൻ. പക്ഷേ, തമിഴിൽ നിന്നും മലയാളത്തിൽ നിന്നു തെലുങ്കിൽ നിന്നും ഓഫറുകൾ വന്നെങ്കിലും പറ്റിയ റോളുകൾ കിട്ടിയില്ല. അപ്പോഴേക്കും പുതിയ ആളുകൾ ധാരാളം വന്നിരുന്നു. അങ്ങനെ ഇടവേള നീണ്ടു. ഇനി സിനിമയിൽ മതി ഒരു റീ എൻട്രി എന്നാണ് കരുതുന്നത്. സീരിയൽ തൽക്കാലം മാറ്റി വച്ചിരിക്കുന്നു. മലയാളത്തിൽ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചു വരവ് കൊതിക്കുന്നുണ്ട്.

c-4

മ്യൂറൽ ഓറ

എട്ടു കൊല്ലത്തോളമായി ഞാനും അച്ഛനും അമ്മയും ചേർന്ന് ഒരു ഓൺലൈൻ ആർട്ട് ബേസ് ബിസിനസ് നടത്തുന്നു. ‘മ്യൂറൽ ഓറ’ എന്നാണ് പേര്. മ്യൂറൽ പെയിന്റിങ്ങുകൾ ചെയ്തു കൊടുക്കുകയാണ്. ചൈന്നൈ ആണ് ബേസ്. രണ്ടു വർഷത്തോളം ബുട്ടീക് നടത്തിയിരുന്നു.

ഞാൻ ഒറ്റമോൾ

അമ്മയുടെ നാട് തിരുവനന്തപുരത്തും അച്ഛന്റെ നാട് കോഴിക്കോടുമാണ്. ഞങ്ങളുടെത് തമിഴ് അയ്യർ കുടുംബമാണ്. ഞാന്‍ മൂന്നാം ക്ലാസ് വരെ പഠിച്ചത് കൊച്ചിയിലാണ്. പീന്നീട് അച്ഛന്റെയും അമ്മയുടെയും ജോലിയുടെ ഭാഗമായി ചെന്നൈയിൽ എത്തി. പിന്നീട് പഠിച്ചതും വളർന്നതും ഇപ്പോഴും താമസിക്കുന്നതും അവിടെയാണ്. അവധിക്ക് തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു. അച്ഛന്‍ ലക്ഷ്മൺ കുമാർ ഹിന്ദുസ്ഥാൻ ലീവറിലായിരുന്നു. അമ്മ മാലതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും. ഞാൻ ഒറ്റമകളാണ്.

c3

തുടക്കം തമിഴിൽ

ഹോട്ടൽ മാനേജ്മെന്റാണ് പഠിച്ചത്. പഠിക്കുന്ന കാലത്ത് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ചെന്നൈ ക്രൗണ്‍ പ്ലാസയിൽ ഫ്രണ്ട് ഓഫിസിൽ നിൽക്കുമ്പോഴാണ് സിനിമയിൽ ആദ്യം അവസരം ലഭിച്ചത്. അന്ന് ബോയ് കട്ട് ചെയ്ത രൂപമായിരുന്നു എന്റെത്. പിന്നീട് മറ്റൊരു സിനിമയിലും ചാൻസ് കിട്ടി. പക്ഷേ എന്റെ ആദ്യ സിനിമ ‘മനസെല്ലാം’ ആണ്. അത് കഴിഞ്ഞാണ് ‘സ്റ്റോപ്പ് വയലൻസിന്റെ’ ഓഡിഷന് വിളിച്ചത്. അത് ഓക്കെയായി. മലയാളത്തിൽ ആറും തമിഴിൽ രണ്ടും സിനിമകൾ ചെയ്തു.

സാന്ദ്രാ നെല്ലിക്കാടൻ

2002 അവസാനമാണ് ‘സ്വന്ത’ത്തിൽ അഭിനയിച്ചത്. അതിലെ സാന്ദ്രാ നെല്ലിക്കാടൻ വലിയ ഹിറ്റായി. എന്നെ അക്കാലത്ത് പലരും സാന്ദ്ര എന്നും സാന്ദ്രാ ലക്ഷ്മൺ എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ‘മേഘം’, ‘സ്ത്രീ’, ‘മഴയറിയാതെ’ തുടങ്ങി 15 ൽ അധികം സീരിയലുകൾ ചെയ്തു.

c2

ഗോസിപ്പുകൾക്ക് മറുപടി

എനിക്കു തോന്നുന്നത് എന്നെക്കുറിച്ച് കുറച്ചു ഗോസിപ്പുകളേ വന്നിട്ടുള്ളൂ എന്നാണ്. മേഘത്തിൽ അഭിനയിക്കുമ്പോൾ അഭിമുഖം കൊടുക്കാത്തതിനാൽ ഒരു പ്രസിദ്ധീകരണം ഞാൻ വണ്ണം വയ്ക്കുന്നതു കൊണ്ട് തെറാപ്പിക്കു പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെക്കുറിച്ചാണ്. ചന്ദ്ര ലക്ഷ്മൺ അമേരിക്കയിൽ ഭർത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി. ഞാൻ ഇതു വരെ അമേരിക്കയിൽ പോയിട്ടില്ല, എനിക്ക് ഭർത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്നു രണ്ടു റിലേഷൻ ഉണ്ടായിരുന്നു. അതൊന്നു വർക്കൗട്ടായില്ല. പക്ഷേ, ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിന്നെ, ആളുകൾ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്കു തോന്നുമ്പോൾ അതും സംഭവിക്കും.

c-4

വീട് എന്ന വിശ്വാസം

കോച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങൾ ചെന്നൈയിൽ ഫ്ളാറ്റ് വാങ്ങിയത്. പക്ഷേ, കുറേ പ്രശ്നങ്ങൾ ഉണ്ടായി. ആ ഫ്ളാറ്റില്‍ താമസിക്കാന് തുടങ്ങിയ ശേഷം ഞങ്ങൾ മൂന്നു പേർക്കും അപകടങ്ങൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്, സൈക്കിളിൽ വീട്ടിലേക്കു പോകുമ്പോൾ വീണു. തലയിടിച്ചു. ഒരു കാറ് തൊട്ടടുത്തെത്തി ബ്രേക്ക് ചെയ്തില്ലായിരുന്നു എങ്കിൽ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോൾ ആ വീട്ടിൽ വാസ്തുവിന്റെ പ്രശ്നങ്ങൾ കണ്ടു. ഒടുവിൽ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയിട്ടില്ല. ഇപ്പോഴും അഡയാറിൽ ഒരു വാടകവീട്ടിലാണ് താമസം.