Friday 22 March 2019 12:41 PM IST : By സ്വന്തം ലേഖകൻ

‘വീഴല്ലേ പൊന്നേ...’, നിറചിരിയോടെ അമീറക്കുട്ടിയും കരുതലോടെ വാപ്പച്ചിയും! വൈറലായി ചിത്രം

dq

ദുൽഖർ സൽമാൻ – അമാൽ സൂഫിയ ദമ്പതികളുടെ ആദ്യത്തെ കൺമണി മറിയം അമീറ സൽമാന്‍ സോഷ്യൽ മീഡിയയിൽ താരമാണ്. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളും വിഡിയോസും ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്. അടുത്തിടെ ഉപ്പൂപ്പ മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന അമീറയുടെ ക്യൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റെ കൈയിൽ തൂങ്ങി ഒരു തട്ടിൽ കയറി നിൽക്കുന്ന അമീറക്കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിറചിരിയോടെ നിൽക്കുന്ന അമീറയും കരുതലോടെ മകളുടെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്ന ദുൽഖറുമാണ് ചിത്രത്തിൽ. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

വനിതാ ദിനത്തിലും മകളോടൊപ്പമുള്ള ചിത്രം ദുൽഖർ ഫെയ്സ്ബുക്കിൽ പങ്കു വച്ചിരുന്നു. ‘കഷ്ടിച്ച് രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവൾ എന്നെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു, എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക...’വനിതാ ദിനാശംസകൾ നേർന്ന് മകളോടൊപ്പമുള്ള ചിത്രത്തിനൊപ്പം ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ ഈ വർഷം മലയാളത്തിലേക്കു വീണ്ടും മടങ്ങി വരും. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് തിരക്കഥയൊരുക്കുന്നത്.

തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോയ ഫാക്ടർ, മലയാളത്തിൽ കുറുപ്പ് എന്നിവയാണ് ഡിക്യുവിന്റെ പുതിയ ചിത്രങ്ങൾ.