ജയറാം നായകനായ 'തിങ്കള്‍ മുതല്‍ വെള്ളി വരെ', 'ആടുപുലിയാട്ടം', 'അച്ചായന്‍സ്' തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കണ്ണന് താമരക്കുളം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ചാണക്യതന്ത്ര'ത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. നടന് അനൂപ് മേനോന്, സംവിധായകരായ സിദ്ദിഖ്, പദ്മകുമാര്‍, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം തുടങ്ങിയ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പൂജ ചടങ്ങിന്റെ ചിത്രങ്ങൾ കണ്ണന് താമരക്കുളം തന്റെ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടിരുന്നു. പോസ്റ്റിലൂടെ സിനിമയ്ക്ക് നിരവധിപേർ ആശംസകൾ അർപ്പിച്ചു. എന്നാൽ ത്രിലോക് ശ്രീധരന് പിള്ള എന്നയാളുടെ കമന്റ് മാത്രം അതിൽ വേറിട്ടുനിന്നു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത 'സൂരൈയാടൽ' എന്ന തമിഴ് സിനിമയുടെ നിർമ്മാതാവാണ് ത്രിലോക് ശ്രീധരന് പിള്ള.
തന്റെ സിനിമ 'സൂരൈയാടൽ' വൻ പരാജയമായതോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്നും, ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും തന്നെ സഹായിക്കണം എന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് നിർമ്മാതാവിന്റെ കമന്റ്. മോശം മേക്കിങ് കാരണം തനിക്ക് കോടികള്‍ നഷ്ടപ്പെട്ടതായും, സിനിമയ്ക്ക് ശേഷം സംവിധായകൻ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.
ഏതെങ്കിലും ചാനലിന് സിനിമയുടെ അവകാശം വിറ്റ് സാമ്പത്തികം നേടിത്തരാമെന്ന വാക്ക് ഇതുവരെ പാലിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. തനിക്ക് സഹായം ചെയ്തില്ലെങ്കില്‍ ഇക്കാര്യം മാധ്യമങ്ങളേയും അധികാരികളേയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.