Wednesday 19 September 2018 12:35 PM IST : By സ്വന്തം ലേഖകൻ

‘ഒറ്റഷോട്ടിലൊരു കല്യാണപ്പാട്ട്’; വൈറലായി പടയോട്ടത്തിലെ പുതിയ ഗാനം–വിഡിയോ

padayottam

തീയറ്ററുകളിൽ‌ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുകയാണ് ബിജുമേനോൻ ചിത്രം പടയോട്ടം. ആക്ഷനും തമാശയും ഇഴചേരുന്ന ചിത്രം ഇക്കൊലത്തെ മികച്ച എന്റർടെയ്നറുകളിൽ ഒന്നെന്നാണ് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ചെങ്കൽ രഘുവെന്ന ഗുണ്ടയായുള്ള ബിജുമേനോന്റെ വേറിട്ട പകർന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിരിപ്പെരുമഴ തീർത്ത് കൂട്ടായി ദിലീഷ് പോത്തൻ, ഷൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രേക്ഷകരുടെ സ്വീകാര്യതയേറ്റുവാങ്ങി പടയോട്ടം തീയറ്റുകൾ കീഴടക്കുമ്പോൾ ചിത്രത്തിൽ നിന്നും മനോഹരമായൊരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘സ്വപ്നം സ്വർഗം’ എന്ന കല്യാണപ്പാട്ടിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങൾ ഏറെയാണ്.

ഒറ്റ ഷോട്ടിൽ എടുത്ത 5 മിനിട്ടോളം ദൈർഘ്യമുള്ള വെഡിങ് സോങ് എന്ന പ്രത്യേകതയോടയാണ് ഗാനമെത്തിയിരിക്കുന്നത്. പല വേഷവിധാനങ്ങളിൽ ഇരുനൂറോളം ആർട്ടിസ്റ്റുകൾ അണിനിരന്ന ഗാനം സതീഷ് കുറുപ്പ് എന്ന ഛായാഗ്രഹകന്റെ പകരം വെക്കാനില്ലാത്ത ഒരു വിരുന്ന് തന്നെയാണ്.

പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ്, ഷബീർ അലി, പ്രീതി പിള്ള എന്നിവർ ചേർന്നാണ്. അൻവർ അലിയുടേതാണ് വരികൾ.

ബിജു മേനോൻ, ഐമ, സുരേഷ് എന്നിവര്‍ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ഗാനം സോഷ്യൽ മീഡിയയിൽ അടക്കം തരംഗം തീർത്ത് മുന്നേറുകയാണ്.