Saturday 03 February 2024 02:18 PM IST : By സ്വന്തം ലേഖകൻ

പൂനം പാണ്ഡെ മരിച്ചിട്ടില്ല, വേദനിപ്പിച്ചതിന് മാപ്പു ചോദിച്ച് വി‍ഡിയോ: ‘പബ്ലിസിറ്റി സ്റ്റണ്ടിനെതിരെ’ ജനരോഷം

poonam-pandey-14

മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തന്‍റെ മരണവാര്‍ത്ത സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ അറിയിച്ചു. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് താരം പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടി വിഡിയോയും പങ്കുവച്ചു. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ഇന്നലെ അറിയിച്ചത്. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.

‘‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് ഉണ്ടാക്കിയത് വ്യാജവാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’’ – അവർ വിഡിയോയിലൂടെ അറിയിച്ചു.

സിനിമ–ഫാഷൻ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന, പൂനം അന്തരിച്ചുവെന്ന കുറിപ്പ് ആരാധകർക്കിടയിൽ വലിയ വേദനയുണ്ടാക്കി. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു പൂനം മരണപ്പെട്ടതെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നത്.

പിന്നാലെ മരണവാർത്തയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ സോഷ്യൽ മീഡിയയിൽ നിറയുകയുണ്ടായി. സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഈ ‘മരണ’മെന്നും ചിലർ ട്വീറ്റുകളിലൂടെ ഉന്നയിച്ചു. മരണവുമായി ബന്ധപ്പെട്ട നടിയുടെ കുടുംബാംഗങ്ങൾ പ്രതികരിക്കാതിരിക്കുന്നതും ആശുപത്രി അധികൃതരോ ഡോക്ടർമാരോ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതും സംശയം ജനിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടി എവിടെയാണെന്ന ഒരു വിവരവും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടില്ല. നാല് ദിവസം മുമ്പ് ഗോവയിലെ ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന വിഡിയോ പൂനം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

അതേസമയം, ഇത്തരമൊരു നാടകം കളിച്ചതിൽ പൂനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിട്ടുണ്ട്.

മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാൻപുരില്‍ 1991ലാണ് പൂനം പാണ്ഡെയുടെ ജനനം. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ് മാതാപിതാക്കള്‍. 2020ല്‍ പൂനം, സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവർ മുംബൈ പൊലീസില്‍ പരാതി നല്‍കി. 2021ല്‍ ഇവര്‍  വിവാഹമോചിതരായി.  

2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനത്തിൽനിന്ന് പിന്മാറി.