Thursday 22 February 2024 09:32 AM IST : By സ്വന്തം ലേഖകൻ

‘പ്രേമലു’ ഒരു ബ്ലോക്ബസ്റ്റർ ‘വിജയലു’: 13 ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബിൽ

premalu

തിയറ്ററുകളില്‍ വൻ വിജയത്തിന്റെ ആരവം സൃഷ്ടിച്ച് ‘പ്രേമലു’ 50 കോടി ക്ലബിൽ. റിലീസായി പതിമൂന്നാം ദിവസമാണ് ആഗോള കലക്ഷനിൽ ചിത്രത്തിന്റെ ഈ നേട്ടം. ഈ വർഷം ആദ്യം അൻപത് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രവും ‘പ്രേമലു’ ആണ്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് ദേശങ്ങളിലും വൻവിജയമാണ്. കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണ്. ഇതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചത്. ഏകദേശം 12.5 കോടിയാണ് ബജറ്റ്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നസ്‌ലനും മമിത ബൈജുവുമാണ് നായികാനായകൻമാർ. ഹൈദരാബാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരുമുണ്ട്.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്.