നടി മഞ്ജു പിള്ളയും ഭർത്താവ് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും വേർപിരിഞ്ഞു. സുജിത് വാസുദേവ് തന്നെയാണ് സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായെന്നും സുജിത്ത് പറയുന്നു.
‘‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഡിവോഴ്സ് ആയി. മഞ്ജുവിനെ ഇപ്പോഴും സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. മഞ്ജുവിന്റെ കരിയറിന്റെ കാര്യങ്ങളൊക്കെ ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.’’- സുജിത് വാസുദേവ് പറഞ്ഞു.
ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകളുടെ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ്. 2000 ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്.