Thursday 28 October 2021 11:49 AM IST

അമ്മ പകർന്നു തന്ന സുഗന്ധക്കൂട്ട്: ‘ഊർമ്മിളാ ഉണ്ണീസ് വശ്യഗന്ധി’: സ്വന്തം ബ്രാൻഡുമായി താരം

V.G. Nakul

Sub- Editor

urmila-unni

മലയാളത്തിന്റെ പ്രിയനടി ഊർമിള ഉണ്ണിയെ സംബന്ധിച്ച്, ഏറ്റവും ക്രിയേറ്റീവായ, മനസ്സിനു സന്തോഷം തരുന്ന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുകയെന്നതാണ് ജീവിതത്തിന്റെ ഫിലോസഫി. അഭിനയത്തിനൊപ്പം നൃത്തം, പെയിന്റിങ്, എഴുത്ത് എന്നിങ്ങനെ പല മേഖലകളിലും തന്റെതായ അടയാളപ്പെടുത്തലുകള്‍ ഊർമിളയുടെതായുണ്ട്. ഇപ്പോഴിതാ, അത് മറ്റൊരു ഇടത്തിലേക്കു കൂടി എത്തിയിരിക്കുന്നു. തന്റെ മാത്രം സ്വന്തമായിരുന്ന ഒരു സുഗന്ധം ഇനി തനിക്കു ചുറ്റിലുമുള്ളവരിലേക്കു കൂടി പകരുകയാണ് താരം.

‘ഊർമ്മിളാ ഉണ്ണീസ് വശ്യ ഗന്ധി’ എന്ന പെർഫ്യൂം ബ്രാൻഡാണ് താരത്തിന്റെ പുതിയ സംരംഭം. മലയാള സിനിമയിൽ ആദ്യമായാണ് ഒരാളുടെ പേരിൽ ഒരു പെർഫ്യൂം ബ്രാൻഡ് എന്നതാണ് ഏറ്റവും വലിയ കൗതുകം. തന്റെ ജീവിതാഭിലാഷമായിരുന്നു ഈ പ്രൊഡക്ട് എന്നാണ് ഊർമിള പറയുന്നത്.

‘‘വലിയ കച്ചവടസാധ്യതയൊന്നും പരിഗണിച്ചല്ല ഞാനിത് തുടങ്ങിയിരിക്കുന്നത്. ആവശ്യക്കാർ എന്നെ സമീപിച്ചാൽ ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം. അടുത്ത ആഴ്ച മുതൽ കൊടുത്തു തുടങ്ങും. ഇതിനോടകം കുറേയധികം ഓർഡർ വന്നു കഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ചാണ് നിർമാണം’’.– ഊർമിള ഉണ്ണി ‘വനിത ഓൺലൈനോട്’ പറയുന്നു.

urmila-23

അമ്മ പകർന്നു തന്ന സുഗന്ധക്കൂട്ട്

എന്റെ മണമാണ് അത്. അമ്മ പകർന്നു തന്ന സുഗന്ധക്കൂട്ട്. സിനിമയിലും സീരിയലിലുമൊക്കെ ‘ഊർമിളച്ചേച്ചിയുടെ മണം’ എന്നാണ് പറയുക. മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാനാണെങ്കില്‍ അതെന്റെ മാത്രം ഒരു പ്രത്യേകതയായി കൊണ്ടു നടക്കുകയായിരുന്നു. അതൊരു കുഞ്ഞ് കുപ്പിയിലാക്കിയാണ് ലൊക്കേഷനിൽ കൊണ്ടു പോകുക. ആർക്കും അതിന്റെ രഹസ്യം പറഞ്ഞു കൊടുത്തിട്ടില്ല. ഇപ്പോൾ അതിന്റെ പകർപ്പ് തയാറാക്കിയാണ് ഊർമ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.

എന്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നത്. അമ്മ ചന്ദനത്തൈലമുൾപ്പടെ ചെറിയ ഒന്നു രണ്ടു വസ്തുക്കൾ ചേർത്തു വച്ച് ഒരു ഓയിൽ പോലെയാണതു തയാറാക്കിയിരിക്കുന്നത്. ഊർമ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ സ്പ്രേയാണ്.

മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമാ താരത്തിന്റെ പേരിൽ പെർഫ്യൂം വരുന്നത്. അമിതാഭ് ബച്ചന്റെ പേരിലൊക്കെയുണ്ട്. അതു കണ്ടപ്പോഴാണ് ക്രേസ് തോന്നിയത്. മലയാളത്തിൽ ആദ്യം എന്റെ പേരിൽ വേണം എന്നാഗ്രഹിച്ചു.

സാരിയിൽ മ്യൂറൽ പെയിന്റിങ് ഉൾപ്പടെയുള്ള പല ട്രേൻഡുകൾക്കും കേരളത്തിൽ സ്വീകാര്യതയുണ്ടാക്കിയത് ഞാനാണ്. ഇതും അങ്ങനെയൊരു ഐഡിയയാണ്.