Tuesday 21 March 2023 10:49 AM IST : By സ്വന്തം ലേഖകൻ

സമ്മര്‍ ബമ്പർ: 10 കോടി രൂപ രാജിനി ചാണ്ടിയുടെ സഹായിയായ അസം സ്വദേശിയ്ക്ക്

rajini

കേരള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 10 കോടി രൂപ നടി രാജിനി ചാണ്ടിയുടെ സഹായിയും അസം സ്വദേശിയുമായ ആല്‍ബര്‍ട്ട് ടിഗയ്ക്ക്. എസ് ഇ 222282 എന്ന ടിക്കറ്റിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം.

സമ്മാനര്‍ഹമായ ടിക്കറ്റ് എസ് ബി ഐ ആലുവ ശാഖയില്‍ സമര്‍പ്പിച്ചു. രാജിനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിക്കൊപ്പമെത്തിയാണ് ആല്‍ബര്‍ട്ട് ബാങ്ക് മാനേജര്‍ ഗീവര്‍ഗ്ഗീസ് പീറ്ററിന് സമ്മാനര്‍ഹമായ ടിക്കറ്റ് കൈമാറിയത്. ആലുവ ചൂണ്ടിയില്‍ നിന്നാണ് ആല്‍ബര്‍ട്ട് ടിഗ്ഗ ടിക്കറ്റെടുത്തത്. 1995 ലാണ് ആല്‍ബര്‍ട്ട് ജോലി തേടി കേരളത്തില്‍ എത്തിയത്.

ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കായിരുന്നു. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും. 250 രൂപയായിരുന്നു ടിക്കറ്റ് വില.