Monday 25 March 2024 12:37 PM IST : By സ്വന്തം ലേഖകൻ

‘ഡയറക്ടർ സുഖമായിരിക്കുന്നു’: സംവിധായകനെ മലർത്തിയടിച്ച് ടൊവിനോ തോമസ്: രസകരമായ വിഡിയോ

tovino-thomas

തന്റെ പുതിയ ചിത്രം ഐഡന്റിറ്റിയുടെ അണിയറ ഒരുക്കങ്ങളിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. സംഘട്ടനരംഘങ്ങളുടെ ചിത്രീകരണത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനിടെയുള്ള ദൃശ്യമാണിത്.

പരിശീലനം കാണാനെത്തിയ സംവിധായകൻ അഖിൽ പോളിനെ ടൊവിനോ മലർത്തിയടിക്കുന്നതാണ് വിഡിയോയിൽ. ‘ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാൻ വന്ന ലെ ഡയറക്ടർ. ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു’ എന്നാണ് വിഡിയോക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. സംഘട്ടന സംവിധായകൻ യാനിക് ബെന്നിനേയും വീഡിയോയിൽ കാണാം.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണിത്. തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.