Thursday 25 April 2024 03:22 PM IST

‘വിശപ്പറിയിക്കാതെ ഉമ്മ ‍ഞങ്ങളെ വളർത്തി, പക്ഷേ, പല ദിവസവും ഉമ്മ പട്ടിണിയായിരുന്നു’: ആത്താസിലെ പാട്ടുകാരൻ ഷെരീഫ്

V R Jyothish

Chief Sub Editor

kannur-sherif

കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടിയിലാണ് ‍ഞങ്ങളുടെ വീട്. എന്റെ ഉമ്മയുടെ ബാപ്പ വീടിനടുത്ത പള്ളിയിലെ ഖത്തീബ് ആയിരുന്നു. അങ്ങനെ ‘ഖത്തീബ് ഇക്കാന്റവിട’ എന്നാണ് ഞങ്ങളുടെ തറവാട്ടു വീട് അറിയപ്പെട്ടിരുന്നത്. പക്ഷേ, പുത്തലോൻ എന്നായിരുന്നു വീട്ടുപേര്. ആ വലിയ തറവാട്ടു വീട്ടിലാണു ഞാൻ ജനിച്ചത്.

വല്യുപ്പാന്റെ കാലശേഷം ഞങ്ങളുടെ കുടുംബം സാമ്പത്തികമായി ക്ഷയിച്ചു പോയി. ഒരുപാട് അംഗങ്ങളുള്ള പഴയ കൂട്ടുകുടുംബം. പുറത്തുനിന്നു നോക്കുമ്പോൾ മണിമാളിക പോലെയുള്ള വീട്. മൂന്നാലു അടുക്കളയുണ്ട്. പക്ഷേ, മിക്ക അടുക്കളകളിലും തീ പുകയുന്നുണ്ടാകില്ല.

അതൊന്നും പുറത്ത് അറിയില്ല. ആരും അറിയിക്കാറില്ല. ആ വീട്ടിൽ ഉള്ളവ ർ പോലും അതൊന്നും പരസ്പരം പറയാറില്ല.

എന്റെ ബാപ്പ മൂസക്കുട്ടി സിംഗപ്പൂർ പൗരത്വമുള്ള ആളായിരുന്നു. ലീവിനു നാട്ടിൽ വന്ന സമയത്താണു ഹൃദ്‌രോഗം മൂലം മരി ക്കുന്നത്. അന്നു 35 വയസ്സായിരുന്നു ബാപ്പയുടെ പ്രായം.

ബാപ്പയ്ക്കു പാട്ട് വലിയ ഇഷ്ടമായിരുന്നു. അവധിക്ക് നാട്ടിൽ വരുമ്പോൾ ധാരാളം പാട്ടു കസറ്റുകൾ കൊ ണ്ടുവരുമായിരുന്നു.

മൂത്ത ജ്യേഷ്ഠനു മുഹമ്മദ് റഫി എ ന്നു പേരിടുമ്പോൾ ആ പാട്ടിഷ്ടമാണു പുറത്തു വന്നത്. ജ്യേഷ്ഠൻ നന്നായി പാടും. അദ്ദേഹം പാടുന്നതു കേട്ടാണു ഞാനും പാടാൻ തുടങ്ങിയത്. പക്ഷേ, പാട്ടുകാരനായി അറിയപ്പെട്ടതു ഞാനാണെന്നു മാത്രം.

ഉമ്മയും ബാപ്പയും

ബാപ്പയെ നഷ്ടപ്പെട്ട കുട്ടികൾ എന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിപ്പിക്കാത്ത നിലയിലായിരുന്നു ഉമ്മ ഞങ്ങളെ വളർത്തിയത്. ഉമ്മ വളരെ നിഷ്കളങ്കയായ സ്ത്രീയായിരുന്നു. വീട്ടിൽ ആരു വന്നാലും ഭക്ഷണമുണ്ടെങ്കിൽ കൊടുത്തിരിക്കും. അത്രയ്ക്കും അനുകമ്പയുണ്ടായിരുന്നു ഉമ്മയ്ക്ക്. വിശപ്പ് എന്താണെന്നു നന്നായി അറിയാമായിരുന്നു.

അഫ്സത്ത് എന്നായിരുന്നു ഉമ്മയുടെ പേര്. പക്ഷേ, എല്ലാവരും ആത്താ എന്നാണു വിളിച്ചിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ ഉമ്മയെ വിളിച്ചു. ഞങ്ങൾ മൂന്നു മക്കളാണ്. ബാപ്പ മരിക്കുമ്പോൾ ഉമ്മയ്ക്ക് പ്രായം 29. മൂത്ത ജ്യേഷ്ഠൻ മുഹമ്മദ് റഫി ഒൻപതാം ക്ലാസ്സിൽ . ഞാൻ നാലാം ക്ലാസ്സിൽ. എനിക്കൊരു സഹോദരിയുണ്ട്. സഹീറ ബാനു. അവളെ അന്നു സ്കൂളിൽ േചർത്തിട്ടില്ല.

ബാപ്പയുടെ വിയോഗത്തോടെ ഞങ്ങൾ സാമ്പത്തികമായി യത്തീമുകളായി. ആട് വളർത്തി അതിന്റെ പാലു വിറ്റു കിട്ടുന്ന വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതമാർഗം. ആർഭാടങ്ങളൊന്നും ഇല്ലാത്ത കുട്ടിക്കാലമായിരുന്നു. എങ്കിലും അധികം വിശപ്പറിയിക്കാതെ ഉമ്മ ‍ഞങ്ങളെ വളർത്തി. പക്ഷേ, പല ദിവസവും ഉമ്മ പട്ടിണിയായിരുന്നു എന്നു ഞങ്ങൾ അറിഞ്ഞുമില്ല.

കൂട്ടുകുടുംബമാണെന്നു പറഞ്ഞല്ലോ. പണത്തിനേ ദാരിദ്ര്യം ഉണ്ടായിരുന്നുള്ളൂ. പാട്ടിനു യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ഹിന്ദി പാട്ടുകളുടെ ലോകമായിരുന്നു ഞങ്ങളുടെ തറവാടായ പുത്തലോൻ ഹൗസ്. റഫി സാഹിബ്, കിഷോർകുമാർ, മന്നാഡെ, ഗുലാം അലി എന്നിവരുടെ കസറ്റുകൾ. പിന്നെ, ബാബുക്കയുടെ പാട്ടുകൾ. അങ്ങനെ ഹിന്ദുസ്ഥാനി മയമായിരുന്നു വീട്. വലിയ കാരണവന്മാരൊക്കെ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരായിരുന്നു. തബലിസ്റ്റ് നാസർ, ഹാർമോണിസ്റ്റ് ഹമീദ് ഇവരൊക്കെ എന്റെ കാരണവന്മാരാണ്. ഇവരുടെയൊക്കെ സാന്നിധ്യം എന്റെ സംഗീതജീവിതത്തിനു കൂടുതൽ ശാസ്ത്രീയതയും ആഴവും നൽകി.

kannur-sherif-2

മകൻ നല്ല പാട്ടുകാരനായി അറിയപ്പെടണം എന്ന് ഉമ്മ ആഗ്രഹിച്ചില്ല. കുട്ടിക്കാലത്ത് ഉമ്മയോടു ചോദിക്കും; ‘ഞാ ൻ ആരായി കാണാനാണ് ഉമ്മ ആഗ്രഹിക്കുന്നത്? ഉമ്മ പറയും; ‘ആരുമായില്ലെങ്കിലും നീ നല്ല മനുഷ്യനാകണം.’

തറവാട്ടിൽ നിന്നു പിരിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒന്നുമുണ്ടായിരുന്നില്ല. പിന്നീടു വാടകവീട്ടിലാണു താമസിച്ചത്. അവിെട താമസിക്കുമ്പോഴുള്ള അരക്ഷിതാവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ചുറ്റും കാണുന്നതൊന്നും നമ്മുടേതല്ല എന്ന തോന്നൽ. മുറ്റത്ത് ഒരു പൂവ് വിരിഞ്ഞാൽ പോലും അതു മറ്റാരുടേതോ ആണെന്ന ചിന്ത. ആ സമയത്ത് എങ്ങനെയെങ്കിലും കുറച്ചു സ്ഥലം വാങ്ങുക ഉമ്മയ്ക്കു വേണ്ടി ഒരു ചെറിയ വീട് വയ്ക്കുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു. കോളജിൽ പഠിക്കുമ്പോൾ തന്നെ മ്യൂസിക് ട്രൂപ്പ് ഉണ്ടാക്കി പുറത്തു പാടാൻ പോയി.

പിന്നെ, ഗാനമേളകളിൽ പാടാൻ പോകും. രാവിലെ ക ല്യാണവീടുകളിൽ പോയി പാടും. രാത്രി അമ്പലങ്ങളിൽ പോയി പാടും. മലയാളസിനിമാഗാനങ്ങളായിരുന്നു കൂടു തലായി പാടിയിരുന്നത്. പിന്നീടാണ് മാപ്പിളപ്പാട്ടിലേക്കു വ രുന്നത്. പാടിക്കിട്ടിയ പൈസ കൊണ്ടു പയ്യാമ്പലത്ത് ഒരു തുണ്ടു ഭൂമി വാങ്ങി, ചെറിയ വീടു വച്ചു. ആത്താ എന്നാണല്ലോ ഉമ്മയുടെ വിളിപ്പേര്. അങ്ങനെ ഉമ്മയ്ക്കുള്ള വീട് എന്ന അർഥത്തിൽ ‘ആത്താസ്’ എന്നു പേരിട്ടു. എന്റെ സ ഹോദരിയും കുടുംബവുമാണ് ഇപ്പോൾ അവിടെ താമസം.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: സമീർ എ. ഹമീദ്