Saturday 16 March 2024 12:51 PM IST : By പി. രാംകുമാർ

‘ഗായികയുടെ മകൾ ചാണകം വാരണ്ട, അഭിനേത്രിയായി വാരിയാൽ മതി’: ശ്രീകുമാരൻ തമ്പിയെന്ന ഒറ്റയാൻ

sreekumaran-thampi-1

മലയാളികളുടെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പി ശതാഭിഷേക നിറവിൽ. മലയാള സിനിമയെ ഒരു കാലത്ത് പാട്ടു കൊണ്ടും വ്യത്യസ്തമായ തിരക്കഥകൾ കൊണ്ടുമൊക്കെ സമ്പന്നമാക്കിയ കവിക്ക് പ്രേക്ഷകലോകം പിറന്നാൾ മധുരമേകുമ്പോൾ ഇതാ ഹൃദ്യമായൊരു ഓർമക്കുറിപ്പ്. വയലാർ അവാർഡിന്റെ നിറവില്‍ നിൽക്കേ ശ്രീകുമാരൻ തമ്പി വനിത ഓൺലൈനോടു പങ്കുവച്ച വാക്കുകൾ...

–––––

ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ്. ആ കാവ്യനീതി വൈകിയാണെങ്കിലും അങ്ങനെ നടപ്പിലായി. അവാർഡ് ആത്മകഥക്കാണെങ്കിലും അവാർഡ് വയലാറിന്റെ പേരിലുള്ളതായതിനാൽ തമ്പി സാർ ഏറെ സന്തോഷിച്ചിരിക്കും.

പി ഭാസ്കരൻ, വയലാർ, ഒ എൻ വി ത്രയങ്ങളുടെ ഗാനങ്ങൾ മലയാള ചലചിത്ര രംഗത്ത് അനുസ്യൂതമൊഴുകുമ്പോഴും തമ്പിയുണ്ടായിരുന്നു അവരുടെ തൊട്ടു തന്നെ.

ഒരു പക്ഷേ, ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും’ എന്ന തമ്പി സാറെയെഴുതിയ വരികൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗാനശകലമായിരിക്കും. ശ്രീകുമാരൻ തമ്പിയുടെ പല ഗാനങ്ങളും വയലാറെഴുതിയതായി പ്രചരിച്ചിട്ടുണ്ട്. നാലാങ്കൽ കൃഷ്ണ പിള്ളയുടെ ‘മഹാക്ഷേത്രങ്ങൾക്കു മുൻപിൽ’ എന്ന വിഖ്യാത പുസ്തകത്തിലെ ഒരു ഭാഗമിങ്ങനെ: ‘ക്ഷേത്രത്തിൽ തൊഴുതു മടങ്ങവേ അതാ വയലാറിന്റെ മനോഹരമായ സരസ്വതി സ്തുതി കാതിൽ മുഴങ്ങുന്നു, ‘മനസിലുണരൂ ഉണരൂ ഉഷസന്ധ്യയായ്...’. എഴുത്തുകാരനായ നാലങ്കൽ കൃഷ്ണ പിള്ള പോലും ധരിച്ച് വച്ചിരിക്കുന്നത് ഇങ്ങനെയാണെങ്കിൽ എന്ത് ചെയ്യും ? തമ്പിയുടെ ഏറ്റവും നല്ല ഗാനങ്ങളൊന്നായ ‘പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞു വീണു’ (നൃത്തശാല) വിനെക്കുറിച്ച് പടം നിരൂപണം ചെയ്ത് നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ കുങ്കുമത്തിൽ എഴുതി, ‘പടത്തിൽ രണ്ട് ഗാനരചയിതാക്കളുണ്ട്. പക്ഷേ, ഈ ഗാനം എഴുതാൻ ഭാസ്കരൻ മാസ്റ്റർക്കേ കഴിയൂ’. പിൽക്കാലത്ത് ‘സ്വന്തമെന്ന പദത്തിനെന്തർഥം’ എന്ന ഹിറ്റ് ഗാനമെഴുതുന്ന സമയത്ത് ഈ കാര്യങ്ങളെല്ലാം തമ്പിയുടെ മനസിൽ വന്നിരിക്കാം. ‘മനസിലുണരൂ ഉഷസന്ധ്യയായ്’ എന്ന തമ്പിസാറിന്റെ ഗാനം മൂന്നാല് വർഷം മുൻപ് ഒരു വേദിയിൽ വയലാറിന്റെ ഗാനം എന്ന് പറഞ്ഞ് പാടിയ യേശുദാസ് പോലും പിന്നീട് ഖേദപൂർവ്വം, തനിക്ക് തെറ്റിയതാണെന്നും ഇത് തമ്പിസാറിന്റെതാണെന്നും പറഞ്ഞിരുന്നു. അങ്ങനെ വയലാറിന്റെത് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് പ്രചരിച്ച ഒരുപിടി ഗാനങ്ങൾ അദ്ദേഹത്തിനുണ്ട്. അതിന്റെയൊക്കെ പ്രായശ്ചിത്തവുമാകാം വയലാർ അവാർഡ് അവസാനം വൈകിയാണെങ്കിലും ലഭിച്ചത്.

യഥാർത്ഥത്തിൽ വയലാർ രാമവർമ്മയുടെ ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയെന്ന ചലചിത്ര ഗാനരചയിതാവിന്റെ വളർച്ചക്ക് ഒരു കാരണം. അതിനു പങ്കു വഹിച്ച ഒരാൾ കൂടിയുണ്ട് – ദേവരാജൻ മാസ്റ്റർ. അതൊരു ഫ്ലാഷ് ബാക്ക് കഥയാണ്. 1966 ൽ പുറത്തു വന്ന നീലായുടെ ‘കാട്ടുമല്ലിക’ യെന്ന പടത്തിലൂടെയാണ് ഗാനരചയിതാവായി ശ്രീകുമാരൻ തമ്പിയെന്ന 26 കാരൻ ചലചിത്ര ഗാനരംഗത്ത് എത്തുന്നത്. ആദ്യ ഗാനം ‘താമരത്തോണി’. വയലാർ രാമവർമ്മ രചിച്ച ‘ചെമ്മീനി’ലെ ‘മാനസ മൈന’യുൾപ്പടെ പ്രശസ്ത ഗാനങ്ങൾ വൻഹിറ്റായി കഴിഞ്ഞു. ‘പകൽ കിനാവിൻ സുന്ദരമാകും’ എന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ഗാനം കേരളം മുഴുവൻ എറ്റുപാടുന്നു. ഒ.എൻ.വി ‘കരുണ’യിൽ എഴുതിയ ‘വാർത്തിങ്കൾ തോണിയേറി’ യെന്ന ഹിറ്റ് ഗാനം വന്നു കഴിഞ്ഞു. ഇതാണ് ശ്രീകുമാരൻ തമ്പി ഗാനങ്ങളെഴുതാൻ തുടങ്ങിയ കാലം. മലയാള ചലചിത്ര ഗാനങ്ങളുടെ വസന്തം ആരംഭിച്ച കാലം.

1967 ൽ നടൻ മുത്തയ്യ നിർമ്മിച്ച ‘ചിത്രമേള’യിൽ ശ്രീകുമാരൻ തമ്പി പാട്ടെഴുതുന്നു. ഒന്നല്ല, 8 ഗാനങ്ങൾ! സംഗീതം ദേവരാജൻ മാസ്റ്റർ. പടം പൊട്ടിയെങ്കിലും ഗാനങ്ങൾ സൂപ്പർ ഹിറ്റ്. (മലയാളത്തിലെ ആദ്യത്തെ സമാഹാര ചിത്രം. 3 ചെറിയ സിനിമകളാണ് ചിത്രമേള .1 നഗരത്തിന്റെ മുഖങ്ങൾ 2. പെണ്ണിന്റെ പ്രപഞ്ചം 3. അപസ്വരങ്ങൾ. ഈ ഗണത്തിലെ ആദ്യത്തെ മലയാള ചിത്രമാണ് ഇത്. അത്തരമൊരു ചിത്രത്തിന് ആദ്യമായി ഗാനങ്ങൾ എഴുതിയ ബഹുമതിയും തമ്പിക്കു തന്നെ). 8 പാട്ടും പാടിയത് യേശുദാസ്. ഒരെണ്ണത്തിൽ മാത്രം എസ്.ജാനകിയുടെ ഹമ്മിങ്ങുണ്ട്, ‘മദം പൊട്ടി ചിരിക്കുന്ന മാനം’ എന്ന ഗാനത്തിൽ.

1968 ൽ വന്ന ‘വെളുത്ത കത്രീന’യിലെ ഗാനങ്ങൾ കൂടി സൂപ്പർ ഹിറ്റായതോടെ തമ്പിസാറിനെ പിടിച്ചാൽ കിട്ടിതെയായി. റൊമാന്റിക്ക് ഗായകൻ എം. എം. രാജയുടെ അവസാന മലയാള ഹിറ്റുകളിലൊന്നായ ‘കാട്ടുചെമ്പകം പൂത്തുലഞ്ഞു’ എന്ന ഗാനമൊക്കെ ഗാനാസ്വാദകർ ഏറെ നാൾ മൂളിയതാണ്. അതിനിടയിൽ തമ്പി - ദേവരാജൻ കൂട്ടുകെട്ടിനെതിരെ ചില തൽപ്പരകക്ഷികൾ രംഗത്തിറങ്ങി. തമ്പിയുടെ വളർച്ചയിലെ കണ്ണുകടിയായിരുന്നു കാരണം. ഗാനരചനയിൽ വയലാറിനെ തമ്പി മറികടക്കും എന്നൊക്കെ വാർത്തകൾ വരാൻ തുടങ്ങിയപ്പോൾ ദേവരാജൻ മാസ്റ്റർ തമ്പിയോട് പറഞ്ഞു ‘ഇനി നമ്മൾ തമ്മിൽ പടം ചെയ്യില്ല. അത് കുട്ടന് (വയലാർ) ഇഷ്ടപ്പെടില്ല’. അക്കാലത്ത് വയലാർ - ദേവരാജൻ കൂട്ട്കെട്ട് ഗാന രംഗത്ത് അശ്വമേധമാരംഭിച്ചിരുന്നു. തമ്പി - ദേവരാജൻ കൂട്ടുകെട്ട് രണ്ട് പടങ്ങളിലായ് 15 ഗാനങ്ങൾ ഒരുക്കി. എല്ലാം ഹിറ്റും. എന്നിട്ടും ദേവരാജൻ മാസ്റ്ററുടെ ഈ നിലപാട് കണ്ട് നിരാശനായ തമ്പിസാർ തിരിച്ചടിച്ചു. ‘അങ്ങയുടെ വയലിനിസ്റ്റ് ചെയ്താലും എന്റെ പാട്ട് ഹിറ്റാവും’എന്ന് മുഖത്ത് നോക്കി പറഞ്ഞ് തമ്പിസാർ പടിയിറങ്ങി. പിന്നെ അഞ്ച് വർഷം ദേവരാജൻ മാസ്റ്ററുമായി സഹകരിച്ചില്ല. നഷ്ടം അവർക്ക് രണ്ട് പേർക്കും മാത്രമല്ല. മലയാള ഗാനശാഖക്കു കൂടിയായിരുന്നു. കുറെ നല്ല ഗാനങ്ങൾ പിറക്കാതെ പോയി.

ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി പണ്ടേ അങ്ങിനെയാണ്, നിലപാടുകൾ ഉറച്ചതാണ്. അന്നും ഇന്നും അതിന് മാറ്റമില്ല. പിന്നീട് തമ്പിയുടെ വരികൾക്ക് എം.കെ. അർജുനൻ, ദക്ഷിണാമൂർത്തി എന്നിവരുടെ ഈണത്തിൽ അനേകം മികച്ച ഗാനങ്ങൾ ജനിച്ചു. 70 കളുടെ ആദ്യം വന്ന അടിയിടി–കുത്ത്–ശണ്ഠ പടങ്ങൾ – സി.ഐഡി നസീർ , മന്ത്ര കോടി , പുഷ്പാഞ്ജലി, അജ്ഞാതവാസം, തുടങ്ങിയ അമ്പതിലധികം സിനിമകൾ – തമ്പിയെഴുതിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയാണ് ആളുകൾ ഇന്ന് ഓർമിക്കുന്നത് തന്നെ. ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ഏത് പടത്തിലേയും, എത് കാലത്തും ഒരെണ്ണമെങ്കിലും ഹിറ്റാകും.

വിമർശകർ എന്നും തമ്പി സാറിന്റെ കൂടെ തന്നെയുണ്ടായിരുന്നു 1969 ൽ ഇറങ്ങിയ ‘ഡെയിഞ്ചർ ബിസ്കറ്റ്’ എന്ന പടത്തിലെ ‘ഉത്തരാ സ്വയംവരം’ എന്ന ഗാനം സൂപ്പർ ഹിറ്റായി. പിന്നാലെ വിവാദവും വന്നു. കേരളത്തിലെ മഹാരഥമാരായ കഥകളി നടന്മാരെ നാല് വരിയിൽ ഈ ചലച്ചിത്ര ഗാനത്തിൽ ആവാഹിച്ച ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി.

sreekumaran-thampi-2

‘കുടമാളൂർ സൈരന്ധ്രിയായ്

മാങ്കുളം ബൃഹന്ദളയായ്

ഹരിപ്പാട്ട് രാമകൃഷ്ണൻ വലലനായി

ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂര് വന്നു

വാരാസിതൻ ചെണ്ടയുണർന്നുയർന്നു’ എന്ന് വളരെ ലളിതമായി ഒരു സിനിമാ ഗാനത്തിലൂടെ അവതരിപ്പിച്ച രചന.

അവസാനത്തെ വരികളാണ് വിമർശനത്തിന് വിധേയമായത് –

‘ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ

അർജ്ജുനനായ് അവൾ ഉത്തരയായി’.

sreekumaran-thampi-3

വ്യാസഭാരതത്തിലെ വിരാടപർവമാണ് സന്ദർഭം. അർജുനൻ മുൻ കൈയ്യെടുത്ത് മകനായ അഭിമന്യുവിനെ കൊണ്ടാണ് ഉത്തരയെ കല്യാണം കഴിപ്പിക്കുന്നത്. അങ്ങനെയിരിക്കെ സിനിമാ ഗാനത്തിൽ ഉത്തര എങ്ങനെ അർജുനന്റെ പ്രണയ ജോഡിയാകും ? ഇതായിരുന്നു. വിമർശനം. കഥയറിയാതെ ആട്ടം കാണുന്നവരാണ് ഈ വിമർശനം ഉന്നയിക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി മറുപടിയിൽ തുറന്നടിച്ചു. അർജുനന്റെ ശിഷ്യയാണ് ഉത്തര. സിനിമക്ക് വേണ്ടി എഴുതിയ ഗാന സന്ദർഭമാണ് ഇത്. 1973 ൽ ‘ശ്രീകുമാരൻ തമ്പിയുടെ ഫിലിം ഗാനങ്ങൾ’ (രണ്ടാം ഭാഗം) എന്ന സമാഹാരത്തിൽ ഈ പാട്ട് ചേർത്ത് അതിനടിയിൽ തന്റെ വിശദീകരണ കുറിപ്പ് എഴുതി.

‘ഡെയ്ഞ്ചർ ബിസ്കറ്റ് എന്ന ചിത്രത്തിൽ ഒരു CID ഓഫീസറാണ് ഈ ഗാനം പാടുന്നത്. അജ്ഞാത വാസത്തിൽ കഴിയുന്ന അയാളെ ശ്യംഗാര ചേഷ്ടകൾ കാട്ടി എതിർപക്ഷത്തുള്ള ഒരു നഴ്സ് ആകർഷിക്കാൻ ശ്രമിക്കുന്നു. അവൾക്ക് ‘ഉത്തര’ യാകാനാണ് മോഹം. എന്നാൽ സ്വയം വരത്തിന് വന്ന അഭിമന്യുവല്ല അയാൾ. പോരിൽ ജയിച്ചു അർജുനനെപ്പോലെ മടങ്ങാനാണ് അയാൾക്കാഗ്രഹം. അതു കൊണ്ടാണ് ‘അർജുനനായ് ഞാൻ, അവൾ ഉത്തരയായായി’ എന്ന് അർത്ഥഗർഭമായി പ്രയോഗിച്ചത്. അവൾക്ക് ശിഷ്യയുടെ സ്ഥാനമേ അയാൾ നൽകുന്നുള്ളൂ’. ഒരു സിനിമാ ഗാനത്തിന് വിശദീകരണമെഴുതിയ ആദ്യത്തെ ഗാനരചയിതാവും തമ്പിയാണ്. അതോടെ വിമർശകരുടെ വായടഞ്ഞു.

അറുപതുകളുടെ ആദ്യം മദ്രാസിൽ തമ്പി വാട്ടർ ടാങ്കുകൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന ഒരു സ്ഥാപനം നടത്തിയിരുന്നു. ‘ഏത് എഞ്ചിനീയർക്കും വീടുണ്ടാക്കാം. എന്നാൽ ഒരു എഞ്ചിനീയറായ കവിക്കേ കല്ലുകളിൽ കവിത വരുത്താൻ കഴിയൂ’.– ഇതായിരുന്നു സ്ഥാപനത്തിന്റെ പരസ്യവാചകം. തമ്പിയുടെ അക്കാലത്തെ മോശമല്ലാത്ത വരുമാനം ഇതിൽ നിന്നായിരുന്നു. കേരളത്തിൽ ടൗൺ പ്ലാനർ എന്ന നല്ല ജോലി ഉപക്ഷിച്ച് സിനിമക്കായി മദ്രാസിൽ വന്ന് താമസമാരംഭിച്ച ആളാണ്. അന്ന് മലയാള സിനിമ മദ്രാസിലാണല്ലോ.

sreekumaran-thampi-4

1970 ൽ സ്വന്തം നോവൽ ‘കാക്ക തമ്പുരാട്ടി’ പി.ഭാസ്ക്കരൻ സിനിമയാക്കിയപ്പോൾ അതിന് തിരക്കഥ തമ്പി തന്നെയെഴുതി. സാമാന്യം വിജയിച്ച പടമായിരുന്നു അത്. അതോടെ സ്വന്തമായി പടം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. 1974 ൽ ‘ചന്ദ്രകാന്തം’ എന്ന പടം . കഥയും ഗാനവും സംവിധാനവും തമ്പി തന്നെ. ലങ്കാദഹനത്തിലൂടെ മലയാളികളെ മനം കുളിർപ്പിച്ച ഹിറ്റ് ഗാനങ്ങളൊരുക്കിയ എം.എസ് വിശ്വനാഥൻ സംഗീതം. സൂപ്പർ താരവുമായി ഇടഞ്ഞായിരുന്നു ആരംഭം തന്നെ. അന്ന് ഒരൊറ്റ സൂപ്പർ താരമേ മലയാളത്തിലൂള്ളൂ. സാക്ഷാൽ പ്രേം നസീർ. തമ്പിയുമായി നല്ല ബന്ധവുമാണ്. തമ്പി ആദ്യം പാട്ടെഴുതിയ കാട്ടുമല്ലിക തൊട്ടുള്ള പരിചയവുമാണ്. താൻ പടം നിർമ്മിച്ച് സംവിധാനം ചെയ്യാൻ പോകുകയാണെന്നും നായകനായി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നത് നസീറാണെന്നും കാൾ ഷീറ്റ് തരണമെന്നും നസീറിനോട് തമ്പി അവശ്യപ്പെട്ടു. മലയാള സിനിമ നിർമ്മാണത്തിലെ നേരും നെറികേടും നന്നായി അറിയാവുന്ന നസീർ തമ്പിയെ നിരുത്സാഹപ്പെടുത്തി. നിർമ്മാണം കച്ചവടക്കാർക്കുള്ളതാണെന്നും തമ്പിയുടെ സ്വഭാവത്തിന് നിരക്കുന്നതല്ല പടം പിടുത്തമെന്നും. ഉള്ള കാശ് കളയരുതെന്നും ഉപദേശിച്ചു. അതൊന്നും തമ്പി ചെവിക്കൊണ്ടില്ല. ഡേറ്റ് തരാനുള്ള വൈമനസ്യമാണെങ്കിൽ അത് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. തന്റെ ഉപദേശം തള്ളിക്കളഞ്ഞെങ്കിലും ഒടുവിൽ നസീർ അഭിനയിക്കാമെന്നു സമ്മതിച്ചു. അങ്ങനെ എഞ്ചിനിയറായ കവി സംവിധായകനായി അരങ്ങേറി. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട പേരും തന്റെ നിർമ്മാണ കമ്പനിക്ക് നൽകി – ‘രാജ ശിൽപി’ 1973 ഫെബ്രുവരിയിൽ റിലീസായ ചന്ദ്രകാന്തത്തിൽ ജയഭാരതിയായിരുന്നു നായിക. നിത്യ ഹരിത നായകൻ നസീർ ഇരട്ടവേഷത്തിലഭിനയിച്ചിട്ടും പടം എട്ട് നിലയിൽ പൊട്ടി. പക്ഷേ, ഗാനങ്ങൾ അതി മനോഹരങ്ങളായിരുന്നു. തമ്പിയെഴുതിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’ ലും ചില കവിതാശകലങ്ങളുമടക്കം പത്തിലേറെ ഗാനങ്ങൾ പടത്തിൽ ഉള്ളത് എല്ലാം ഹിറ്റുമായിരുന്നു. ചന്ദ്രകാന്തം എന്ന ചിത്രം ഓർമ്മിക്കുന്നത് അതിലെ ഗാനങ്ങളിലൂടെയാണ്.

പിന്നീട് നാൽപ്പത്തിയൊന്നു വർഷങ്ങളിലായ് 29 ചിത്രങ്ങൾ തമ്പി സംവിധാനം ചെയ്തു. അതിൽ ‘മോഹിനിയാട്ടം’ ‘ഗാനം’ എന്നീ ചിത്രങ്ങക്ക് ശ്രദ്ധേയും അംഗീകാരവും ലഭിക്കുകയും ചെയ്തു. പിന്നോക്ക സമുദായത്തിൽപ്പെട്ട ഒരാൾ സംഗീതം പഠിച്ച് ഗായകനാവുന്നതും സമൂഹം അയാളെ ജാതിയുടെ പേരിൽ അംഗീകരിക്കാതെ ആക്ഷേപിക്കുന്നതുമാണ് ‘ഗാനം’ എന്ന ചിതത്തിന്റെ കഥ. കന്നട നടൻ അംബരീഷാണ് ഗായകനായി അഭിനയിച്ചത്. ജാതിവ്യവസ്ഥ സംഗീതത്തിലെ വിവേചനങ്ങൾക്കു വഴിയൊരുക്കുന്നത് പ്രമേയമാക്കിയ ഇന്ത്യയിലെ ആദ്യ ചലചിത്രങ്ങളിലൊന്നാണിത്.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 1969ൽ ആരംഭിച്ചപ്പോൾ ഗാനരചനക്കുള്ള ആദ്യ അവാർഡ് നേടിയത് വയലാർ രാമവർമ്മയായിരുന്നു. പിറ്റെ കൊല്ലം നേടിയത് പി. ഭാസ്കരനും. 1971 ൽ മികച്ച ഗാനരചയിതാനുള്ള പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയെ തേടിയെത്തി. ‘വിലക്കു വാങ്ങിയ വീണ’ യിലെ ഗാനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. വയലാറും പി.ഭാസ്കരനും സജീവമായി ഗാനരചനയിൽ മുഴുകിയ കാലമായിട്ടും ശ്രീകുമാരൻ തമ്പിക്ക് മികച്ച ഗാനരചനക്കുള്ള അംഗീകാരം ലഭിച്ചത് അവഗണിക്കാൻ പറ്റാത്ത പ്രതിഭയായതു തന്നെയാണ്. ഒരേ രംഗത്തെ മൂന്ന് പ്രതിഭകളുടെ – വയലാർ, പി.ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവർ മൂന്നു പേരും ഗാന രചന നടത്തിയ ശ്രീധർമ്മ ശാസ്‌ത, അഭയം, സ്വാമി അയ്യപ്പൻ, ജീസസ് എന്നീ നാല് ചിത്രങ്ങൾ അതേ സമയത്തു തന്നെ പുറത്ത് വന്നു. ആദ്യത്തെ ഗാന രചന അവാർഡിന് ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞ് 2011 ലാണ് സംസ്ഥാന അവാർഡ് ഗാന രചനക്ക് ലഭിക്കുന്നത്. ഈ കാലമത്രയും തന്നെ മനപൂർവം ഒഴിവാക്കിയതാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. കുറഞ്ഞത് 4 തവണയെങ്കിലും അതിന് അർഹനാണ് താനെന്നും.

നേരെ വാ നേരെ പോ സ്വഭാവം. നിലപാടുകൾ കടുത്തതായതിനാൽ ബന്ധുക്കൾ തന്നെ ശത്രുക്കളായ ജീവിതമാണദ്ദേഹത്തിന്റെത്. ആദ്യ ചിത്രമായ ചന്ദ്രകാന്തത്തിന്റെ ഷൂട്ടിംഗിൽ ആദ്യ ഷോട്ടിൽ തന്നെ കോസ്റ്റ്യൂം പറ്റില്ല എന്ന് പറഞ്ഞ നായികയോട് അത് ധരിക്കാൻ പറ്റില്ലെങ്കിൽ സ്ഥലം വിട്ടോളാൻ പറഞ്ഞ സംവിധായകനാണ്. വെറെ ഒരു പടത്തിൽ ഒരു സീൻ ഷൂട്ട് ചെയ്യവേ, ചാണകം വാരാൻ വിസമ്മതിച്ച നായിക നടി പറഞ്ഞത്, ‘താൻ പ്രശ്സ്ത ഗായികയുടെ മകളാണ്. ചാണകം കൈ കൊണ്ട് തൊടില്ല’ എന്നായിരുന്നു. സംവിധായകൻ തമ്പി പറഞ്ഞത്, ‘ഗായികയുടെ മകൾ ചാണകം വാരണ്ട.. അഭിനേത്രിയായി വാരിയാൽ മതി’ എന്നായിരുന്നു. കല്ലേ പിളർക്കും കൽപ്പനയാണ്. നിവൃത്തിയില്ലാതെ നടി ചാണകം വാരി. സീരിയൽ ഷൂട്ടിംങ്ങിൽ, യുവനടന്റെ കാരവനിൽ കയറിയുള്ള ചെയ്തികൾ കണ്ട തമ്പി അയാളുടെ മുഖത്ത് നോക്കി പറഞ്ഞു. ‘ഇത്തരം കാര്യങ്ങൾ എന്റെ സെറ്റിൽ നടക്കില്ല’. രണ്ട് കാര്യങ്ങൾ വന്നു ഭവിച്ചു. ഒന്ന്: ഒരു പുതിയ ശത്രു കൂടിയുണ്ടായി. രണ്ട് : നടൻ പ്രബലനായിരുന്നു. ഈ നടന്റെ സ്വാധീനം മൂലം മലയാള സിനിമയുടെ 75 ാം വർഷ ആഘോഷങ്ങളിൽ ശ്രീകുമാരൻ തമ്പിയെ ക്ഷണിച്ചില്ല. മൂന്നു പതിറ്റാണ്ട് മലയാള ചലചിത്ര രംഗത്ത് അനുഭവ സമ്പത്തുള്ള ഇപ്പോഴും സജീവമായ, ഒരു മുതിർന്ന കലാകാരനെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്യാൻ അന്ന് സാംസ്കാരിക ശിങ്കങ്ങൾ ആരുമുണ്ടായില്ല.

‘തീയിനാർ ചുട്ട പുണ്ണ് ഉള്ളാറും: ആറാതേ നാവിനാർ ചുട്ട വടു’ മഹാകവി തിരുവള്ളുവരുടെ തിരുക്കുറലിലെ ഒരു വചനമാണിത് . തീ കൊണ്ട് ഉണ്ടാകുന്ന പുണ്ണിന്റെ ഉള്ള് കരിയും പക്ഷേ നാവു സൃഷ്ടിക്കുന്ന വ്രണം കരിയാതെ കിടക്കും. ഈ വരികൾ പണ്ടു തന്നെ കവിയായ ശ്രീകുമാരൻ തമ്പിക്കറിയാം പക്ഷേ, ജീവിതത്തിൽ അത് പകർത്താൻ പലപ്പോഴും മറന്നുപോയി. അദ്ദേഹം ഇത് ഓർത്തിട്ടായിരിക്കണം ഒരിക്കൽ എഴുതിയത്, ‘നമുക്ക് ലാഭം നേടിത്തരുന്നതിലും നഷ്ടം നേടിത്തരുന്നതിലും നമ്മുടെ വാക്കുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്’ എന്ന്.

സിനിമാ രംഗത്തുള്ള ഒരു ഗ്രൂപ്പുകളിലുമില്ല, പുകവലിയില്ല, മദ്യപാനമില്ല, സിനിമാ രംഗത്തെ മാനുഷിക ദൗർബല്യങ്ങളൊന്നും ബാധിച്ചിട്ടുമില്ല. നീണ്ട 57 വർഷത്തെ സുതാര്യമായ ചലചിത്ര ജീവിതം. ഒരു വിവാദത്തിലും പെട്ടില്ല. തന്റെ പടം ഗംഭീരമാണെന്നോ പുരസ്കാരത്തിന് അർഹമാണെന്നോ ഒരിക്കൽ പോലും അവകാശവാദമുന്നയിച്ചില്ല. മാന്യമായി കുടുംബമായി കാണാവുന്ന സിനിമ മാത്രം നിർമ്മിച്ചു. സംവിധാനം ചെയ്തു. ഗാനരചന, സംഗീതം, കഥ തിരക്കഥ, സംവിധാനം നിർമ്മാണം... കാലം മാറി, മലയാള ചലചിത്ര രംഗവും മാറി. കൊട്ടകകളിൽ നിന്ന് ഒ ടി.ടി പ്ലാറ്റ്ഫോമിലേക്ക് സിനിമ എത്തി. ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി മാറിയില്ല. പഴയ തമ്പി തന്നെ! പ്രേം നസീറിനെ കുറിച്ച് ആധികാരികമായ ജീവചരിത്രം ആദ്യം എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ‘പ്രേംനസീർ എന്ന പ്രേമഗാനം’ എന്ന നസീറിന്റെ ജീവിത കഥ അദ്ദേഹത്തിന്റെ മരണശേഷം 1989 ൽ മനോരാജ്യം വാരികയിൽ ഖണ്ഡശ പ്രസിദ്ധികരിച്ചപ്പോൾ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. അവർ തമ്മിലുള്ള ആത്മബന്ധം ശക്തമായിരുന്നു. ഒരു പക്ഷേ, തമ്പി ആദരവോടെ ബഹുമാനം കാത്ത് സൂക്ഷിച്ച ഏക നടൻ പ്രേം നസീറായിരിക്കും.

ആദ്യ കവിത സമാഹാരം ‘എഞ്ചിനിയറുടെ വീണ’. തിരഞ്ഞെടുത്ത ആയിരത്തൊന്ന് ഗാനങ്ങൾ പുറത്തിറക്കി – ‘ഹൃദയസരസ്സ്’. ആ സമാഹാരം ഇതിനകം അനേകം പതിപ്പായി. ഗാനങ്ങളുടെ റോയൽറ്റി വിവാദവും നന്ദിയും നന്ദികേടും ഓർത്തതിനാലാകാം തന്റെ ഗാനങ്ങൾ ആലപിച്ച ഗായകരുടെ പേര് പുസ്തകത്തിലൊഴിവാക്കി. കാനു ഘോഷ്, വേദ്പാൽ വർമ്മ തുടങ്ങിയ കേരളീയരല്ലാത്ത സംഗീത സംവിധായകർ ഈണം പകർന്ന ഗാനങ്ങളെഴുതിയ എക ഗാനരചയിതാവാണ് തമ്പി. 2017 ൽ മലയാള ചലചിത്ര വേദിയിലെ ഏറ്റവും വലിയ ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്ക്കാരം നൽകി ശ്രീകുമാരൻ തമ്പിയുടെ സമഗ്ര സംഭാവനയെ ആദരിച്ചിരുന്നു. ചിലമ്പിന്റെ ശബ്ദമെഴുതി ഗാനമാരംഭിക്കാൻ എത് ഗാനരചയിതാവിന് പറ്റും ? തമ്പിക്കല്ലാതെ ! കേട്ടിട്ടില്ലെ ? ‘ജിൽ ജിൽ ചിലമ്പനങ്ങി ചിരിയിൽ, വളകൾ കിലുങ്ങി മൊഴിയിൽ നാണംപൂക്കൾ വിൽക്കും പൂക്കാരി നീ’.

മീന മാസത്തില്‍, രോഹിണി നക്ഷത്രത്തിലാണ് തമ്പിയുടെ ജനനം. അപ്പോൾ സ്വാഭാവത്തിന് ചൂട് അനുഭവപ്പെട്ടതിൽ അൽഭുതമില്ല. ഈ 83 വയസിലും ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പിയുടെ സംഗീത തപസ്യ അനുസ്യൂതം തുടരുന്നു, യൂട്യൂബിൽ വരുന്നു, പറയുന്നു, പത്രമാസികളിൽ എഴുതുന്നു. ഓർമ്മകൾ തൻ താമര മലരുകൾ ഓരോന്നായി വിടരുന്നു. അവയിൽ തങ്ങിയ മിഴിനീർമണികൾ അമൃത മണികളായ് അടരുന്നു...

  </p>