Tuesday 19 March 2024 12:34 PM IST

‘അദ്ദേഹത്തെ വെറുക്കാൻ എനിക്കാവില്ലായിരുന്നു’: രോഹിണിയുടെ പപ്പി ലവ്: നേർത്ത കാറ്റുപോലെ രഘുവരൻ: ഓർമദിനം

V.G. Nakul

Sub- Editor

reghuvaran

അനശ്വര കലാകാരൻ, നടൻ... രഘുവരന്റെ ഓർമദിനമാണിന്ന്.  ഒരാളെപ്പോലെ ഏഴു പേരുണ്ടെന്ന പറച്ചിൽ ചിലരുടെ കാര്യത്തിൽ അത്ര ശരിയല്ലെന്നു തോന്നും. അങ്ങനെയൊരു ‘യുണീക്’ സാന്നിധ്യമായിരുന്നു രഘുവരൻ. ഒഴുകി നീങ്ങുന്ന ഒരു നേർത്ത കാറ്റിനെയാണ് രൂപത്തിലും ശൈലിയിലും അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചത്. അഭിനയത്തിലും ജീവിതത്തിലും മനസ്സ് പായുന്ന വഴിയേ ഒപ്പം പോയ ഉടൽ‌... മലയാളത്തിലെ പല ക്ലാസിക് നോവലുകളും വായിക്കുമ്പോൾ അതില്‍ പലതിലെയും നായകകഥാപാത്രങ്ങൾക്ക് രഘുവരന്റെ രൂപവും ഭാവവും ഏറെ ഇണങ്ങുന്നുവല്ലോ എന്നു തോന്നും. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ രവിയായും ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ലെ ദാസനായും രഘുവരനെ മനസ്സിൽ വരച്ചു നോക്കിയിട്ടുണ്ട്. എം.മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികള്‍’ലെ അല്‍ഫോന്‍സച്ചനായി രഘു എത്തിയപ്പോൾ ഇതിനപ്പുറം ഈ റോളിൽ ഇനിയാരെന്നു തേന്നിയതും മറ്റൊരു കാരണത്താലല്ല.


1958 ഡിസംബർ 11 നു പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിൽ ചുങ്കമന്ദത്ത് എന്ന ഗ്രാമത്തിലാണ് രാധാകൃഷ്ണൻ വേലായുധന്‍ രഘുവരൻ എന്ന ആർ.വി.രഘുവരന്റെ ജനനം.

വി. വേലായുധൻ നായരുടേയും എസ്.ആർ. കസ്തൂരിയുടേയും നാലുമക്കളില്‍ മൂത്തയാൾ. പിതാവിന് കോയമ്പത്തൂരിൽ ഹോട്ടൽ ബിസിനസ്സായിരുന്നതിനാൽ അവിടെയായിരുന്നു രഘുവിന്റെ പഠനം. കോയമ്പത്തൂർ മെട്രിക് സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യസം നേടി, കോയമ്പത്തൂരിലെ ഗവ.ആർട്ട്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. അപ്പോഴേക്കും അഭിനയമോഹം മനസ്സിലുറച്ചിരുന്നു.

അങ്ങനെ ചെന്നൈയിലെ എം.ജി.ആര്‍ ഗവ:ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നു അഭിനയത്തിൽ ഡിപ്ലോമ നേടി. തുടർന്ന് അഭിനയിക്കാൻ അവസരം തേടിയുള്ള അന്വേഷണങ്ങൾ.

1979 മുതൽ 1983 വരെ ‘ചെന്നൈ കിങ്സ്’ എന്ന നാടക സംഘത്തിൽ അംഗമായിരുന്ന രഘുവരൻ ‘ഒരു മനിതനിൻ കഥ’ എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. ‘കക്ക’യാണ് ആദ്യമായി അഭിനയിച്ച മലയാളസിനിമ. ‘ഏഴാവതു മനിതൻ’ ആണ്‌ തമിഴിലെ ആദ്യ ചിത്രം. ആദ്യകാലത്ത് മലയാളത്തിലുൾപ്പടെ ചില സിനിമകളില്‍ നായകനായെങ്കിലും വലിയ വിജയങ്ങൾ നേടിയില്ല. തുടർന്നാണ് വില്ലൻ–ക്യാരക്ടർ റോളുകളിൽ സജീവമായത്. ഇതിൽ ‘ബാഷ’യിലെ ആന്റണി രഘുവരന്റെ എവർഗ്രീൻ ഹിറ്റുകളിലൊന്നായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 300ല്‍ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രഘുവരനിലെ നടനെ ഉപയോഗിക്കത്തക്ക കഥാപാത്രങ്ങൾ ഇവയിൽ കുറവായിരുന്നു.

രഘുവരന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നു വിശേഷിപ്പിക്കാവുന്നതാണ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ’ ലെ ഫാ. അൽഫോൺസ്. ഈ വേഷത്തിനു മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും അദ്ദേഹത്തിനു ലഭിച്ചു.‌

ഷൂട്ടിങ്ങിനിടെ ഭക്ഷണം കഴിക്കാൻ പലപ്പോഴും രഘുവരൻ തയാറാകുമായിരുന്നില്ലത്രേ. കഴിക്കാനിരുന്നാൽ അതുവരെ കിട്ടിയ എനർജിയെല്ലാം പോകും എന്നാണ് അദ്ദേഹം പറയുക. തീരും വരെ ചായ മാത്രം കുടിച്ചു സിഗരറ്റും വലിച്ചിരിക്കും. അൾസറും ഡയബറ്റിസുമൊക്കെയായിരുന്നു അതിനു രഘുവിനു കിട്ടിയ പ്രതിഫലം.

മനിതൻ, മുത്തു, ശിവാജി, ഭീമ, ബാഷ, അമർക്കളം, ഉല്ലാസം, സൂര്യമാനസം, കവചം, മുതൽവൻ, മജ്നു, റൺ, റെഡ് തുടങ്ങി വിവിധ ഭാഷകളിലായി ശ്രദ്ധേയ ചിത്രങ്ങളിൽ രഘുവിന്റെ സാന്നിധ്യമുണ്ട്.

raghuvaran-2

1996 ൽ നടി രോഹിണി രഘുവരന്റെ ഭാര്യയായെങ്കിലും 2004 ൽ ഇവർ പിരിഞ്ഞു. ഋഷിവരൻ ആണ് മകൻ. സായ് ഋഷി എന്നായിരുന്നു രഘു മകനിട്ട പേരെങ്കിലും ഋഷിവരൻ എന്നു മകൻ അതു മാറ്റുകയായിരുന്നു.

‘രഘുവിനെ നൂറു ശതമാനം വെറുക്കാൻ എനിക്കാവില്ലായിരുന്നു. ഒരിക്കലും. അതാണെന്റെ ഫസ്റ്റ് ലവ്. കക്കയിൽ അഭിനയിച്ച കാലത്തു തുടങ്ങിയ എന്റെ പപ്പി ലവ്’. – രഘുവിന്റെ മരണ ശേഷം ‘വനിത’യ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ രോഹിണി പറഞ്ഞു.

‘‘വീട്ടിലിരുന്ന് രഘുവിന്റെ സിനിമകൾ കണ്ടാൽ ഡിപ്രെസ്ഡ് ആയിപ്പോകും ഞാൻ. ഋഷിയും കാണില്ല. അവന്റെ മനസ്സ് ഇനിയും ഇതൊന്നും നേരിടാൻ തയാറായിട്ടില്ല. ‘പപ്പയുടെ സീനാണ് ഇതു നോക്കൂ’ എന്നു പറഞ്ഞാൽ പോലും അവൻ കാണാൻ വരില്ല. രഘു അവന്റെ പപ്പയാണ്, ആക്ടർ അല്ല. പപ്പയുടെ കഥാപാത്രങ്ങളെക്കുറിച്ചു ചോദിക്കാൻ തുടങ്ങിയതു തന്നെ ഇപ്പോഴാണ്’’.– രോഹിണി പറഞ്ഞിരുന്നു.

നിരവധി ആരോഗ്യപ്രശ്നങ്ങളെത്തുടർന്നായിരുന്നു രഘുവരന്റെ അന്ത്യം. അമിതമായ ലഹരി ഉപയോഗം അതിന്റെ പ്രധാന കാരണങ്ങളിലൊന്നായത്രേ. വിവാഹമോചനവും ബന്ധുക്കളിൽ നിന്നുള്ള അകൽച്ചയും അദ്ദേഹത്തെ അമിതമായ മദ്യപാനത്തിലേയ്ക്കും മയക്കുമരുന്ന് ഉപയോഗത്തിലേയ്ക്കും നയിക്കുകയായിരുന്നു. ഒടുവിൽ 2008 മാർച്ച് 19 നു, 49 വയസ്സിൽ രഘുവരൻ മരിച്ചു.

raghuvaran-3

രഘുവരൻ ഒരു മികച്ച ഗായകനുമായിരുന്നു. രഘു ചിട്ടപ്പെടുത്തി പാടിയ ഇംഗ്ലീഷ് ഗാനങ്ങൾ രോഹിണിയും ഋഷിവരനും ചേർന്നു മ്യൂസിക് ആൽബമായി പുറത്തിറക്കിയിട്ടുണ്ട്.

രഘുവരൻ പാടും എന്ന് അടുത്ത സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമല്ലാതെ അധികം ആർക്കും അറിയുമായിരുന്നില്ല.

‌കീബോർഡിൽ കമ്പോസ് ചെയ്ത പാട്ടുകളാണ് ഇവ. ആറ് ട്രാക്കുകൾ.

‘‘രഘുവിന്റെ അമ്മയാണ് പാടാനുള്ള എല്ലാ പ്രോത്സാഹനവും നൽകിയത്. രഘു പത്തിൽ പഠിക്കുമ്പോൾ ഒരു ഗിറ്റാർ വേണമെന്ന ആവശ്യവുമായി അച്ഛന്റെ അടുത്തുചെന്നു. എന്നാൽ അച്ഛൻ പറഞ്ഞു ‘നീ പത്താം ക്ലാസ്സാണ് ഇപ്പോൾ ഗിറ്റാറൊന്നും വേണ്ട, പഠിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്ന്.’ അന്ന് അമ്മ സ്വന്തം കയ്യിലുള്ള വള ഊരിക്കൊടുത്തിട്ട് പറഞ്ഞു, ‘നീ വേണമെങ്കിൽ പോയി വാങ്ങിക്കോ’ എന്ന്. അങ്ങനെയാണ് രഘു ആദ്യമായി ഒരു മ്യൂസിക് ഇൻസ്ട്രുമെന്റ് സ്വന്തമാക്കുന്നത്. പിന്നീട് ‘റോക്ക് ഓൺ’ എന്ന ബാൻഡ് തുടങ്ങി. കൂട്ടുകാരുടെ കൂടെ റസ്റോറന്റുകളിൽ പോയി പാടി തുടങ്ങി’’.– ആൽബത്തിന്റെ റിലീസിനോടനുബന്ധിച്ചു ‘വനിത ഓൺലൈനു’ നൽകിയ അഭിമുഖത്തിൽ രോഹിണി പറഞ്ഞതിങ്ങനെ.

raghuvaran-1