Thursday 06 April 2023 03:52 PM IST

‘ഇപ്പോൾ ആകാശത്തു പറന്നു നടക്കുകയാകും സുബി; അവൾക്കെന്നും നിത്യയൗവനമല്ലേ, ഇനി അവൾക്കു പ്രായം കൂടില്ല’

Roopa Thayabji

Sub Editor

FB_IMG_1678274471369

‘കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത്  ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന സുബി ഇക്കഴിഞ്ഞ ഫെബ്രുവരി 22നു നമ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ. പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.

ഇനിയെന്നും നിത്യയൗവനം: സാജു കൊടിയൻ

സിനിമാലയുടെ സ്റ്റുഡിയോയിൽ ജയനായി വേഷമിട്ട രാജാസാഹിബിന് ഒരു കൊച്ചു പെൺകുട്ടി ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുക്കുന്നു. അതാണ് ആദ്യം കണ്ട കാഴ്ച. ബ്രേക് ഡാൻസുകാരിയായ സുബി സുരേഷെന്ന മിടുക്കിയെ അന്നേ നോട്ട് ചെയ്തു. പിന്നെ വർഷങ്ങളോളം കു‍ഞ്ഞനിയത്തിയായി അവൾ.

ഒരു ആഫ്രിക്കൻ ഷോ. ഞാനും സുബിയും വിവേകാനന്ദനുമാണ് ടീമിൽ. ബ്രേക്കുള്ള ദിവസം ഞങ്ങൾ ജംഗിൾ സഫാരിക്കു പോയി. കേരളത്തിന്റെയത്ര വലുപ്പമുണ്ട് ആ ഓപ്പൺ സൂവിന്. മൃഗങ്ങളെ ആദ്യം കാണണമെന്നു പറഞ്ഞു സുബി മുൻസീറ്റിൽ ചാടിക്കയറി, ഞാനും വിവേകാനന്ദനും പിന്നിൽ. എവിടെയൊക്കെ ഏതൊക്കെ മൃഗങ്ങളുണ്ടാകും എന്നു മാപ്പിൽ മാർക് ചെയ്തു തരും. നീണ്ടു വളഞ്ഞ വലിയ കൊമ്പുള്ള ആഫ്രിക്കൻ ആനകളാണ് പ്രധാന കാഴ്ച. ഇടയ്ക്കൊരു സിംഹത്തെ കണ്ടു.

അപകടം അരികെ

എന്റെ കാലിന് ഒരു ഓപ്പറേഷൻ വേണ്ടിവന്നിരുന്നു. അതുകൊണ്ടു കുറച്ചുസമയം കാലു മടക്കി ഇരുന്നപ്പോൾ അസ്വസ്ഥത തുടങ്ങി. അതു മനസ്സിലാക്കിയ സുബി എന്നോടു മുന്നിലേക്കു വരാനാവശ്യപ്പെട്ടു. അങ്ങനെ വണ്ടി നിർത്തി സുബി പിന്നിലും ഞാൻ മുന്നിലും മാറിക്കയറി. അടുത്ത സെക്കൻഡിൽ കൺട്രോൾ റൂമിൽ നിന്നു ഫോൺ വന്നു. ‘നിങ്ങൾ വണ്ടി തുറന്നു പുറത്തിറങ്ങിയ സമയം മതി കിലോമീറ്ററുകൾ അകലെ നിന്നൊരു ചീറ്റ പാഞ്ഞുവന്നു നിങ്ങളെ കടിച്ചുകീറാൻ...’ ഞങ്ങൾ ഞെട്ടിപ്പോയി.

അന്നു രാത്രി മറ്റൊരു സംഭവവുമുണ്ടായി. താമസസ്ഥലത്തു ഞങ്ങൾ ബാർബിക്യൂ ഉണ്ടാക്കുകയാണ്. കോമ്പൗണ്ടിനു ചുറ്റും വേലിയുണ്ട്, അതിനപ്പുറം കാട്. പെട്ടെന്നു മുരൾച്ച കേട്ടു നോക്കുമ്പോൾ ചിക്കന്റെ മണം പിടിച്ചു വന്ന കഴുതപ്പുലികളാണ്. ഞങ്ങൾ ഓടി അകത്തു കയറി.

അസുഖം ചിരിയാക്കി

കഴിഞ്ഞ ഓണക്കാലത്ത് ആശുപത്രിയിലായ സുബിയെ കാണാൻ ചെന്നു. കോവിഡ് വന്നു പോയ ക്ഷീണത്തിലാണു സോഡിയം പ്രശ്നമുണ്ടാക്കിയത് എന്നാണ് അവൾ പറഞ്ഞത്. തിരികെ വീട്ടിൽ വന്ന എനിക്കു കോവിഡ് പോസിറ്റീവായി. ‘നിങ്ങൾക്ക് അങ്ങനെ തന്നെ വേണം...’ എന്നുപറഞ്ഞ് അവൾ കുറേ ചിരിച്ചു.

പിന്നെയൊരിക്കൽ സുബി വിളിച്ചു, ‘ചേട്ടൻ ഹെലികോപ്റ്ററിൽ കയറിയിട്ടുണ്ടോ?’ ഇല്ലെന്നു പറഞ്ഞ പിറകേ റെഡിയായിക്കോ എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഒരു ജുവലറിയുടെ സമ്മാനപദ്ധതിയിൽ വിജയിച്ചവർക്കുള്ള കോഴിക്കോട് – കൊച്ചി യാത്രയിൽ ഗസ്റ്റാകാനാണ് അവൾ വിളിച്ചത്. പക്ഷേ, യാത്രയ്ക്കു മൂന്നു ദിവസം മുമ്പ് പറക്കാനുള്ള അനുമതി സ്റ്റേ ആയി. അന്നു സോറി പറയാനും വിളിച്ചു. ഇപ്പോൾ ആകാശത്തു പറന്നു നടക്കുകയാകും സുബി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ മാഞ്ഞുപോകുന്നതു ഭാഗ്യമാണ്. അവൾക്കെന്നും നിത്യയൗവനമല്ലേ. ഇനി അവൾക്കു പ്രായം കൂടില്ല.’’

Tags:
  • Movies