Friday 24 November 2023 03:20 PM IST

മലയാളികളുടെ സ്നേഹം അനുഭവിച്ചറി‍ഞ്ഞിട്ടുണ്ട്, അതെനിക്ക് ലഭിച്ചിട്ടുണ്ട് ദീപ്തി സതി

Baiju Govind

Sub Editor Manorama Traveller

Photo: Sreekanth Kalarickal Photo: Sreekanth Kalarickal

കൈവിട്ടുപോയ പ്രണയത്തിന്റെ നൊമ്പരം മറികടക്കാൻ ഏകാന്തയാത്ര തുടങ്ങിയ നീന. വസന്തവും ശിശിരവും കടന്ന് മഞ്ഞു പെയ്യുന്ന നാളുകൾ വന്നണഞ്ഞപ്പോഴേക്കും അവൾ റഷ്യയിലെത്തിയിരുന്നു. ഓർമപ്പൂക്കളോടു ഗുഡ് ബൈ പറയുന്നതിനു മുൻപ് ഓവർകോട്ടിന്റെ പുറംചട്ടയിൽ മുറുകെ പിടിച്ച് നീന ഒരു നിമിഷം തിരിഞ്ഞു നോക്കുന്നുണ്ട്. സെന്റ് പീറ്റേഴ്സ് ബർഗിലെ കത്തീഡ്രലിനു മുന്നിൽ കൊളുത്തി വച്ച മെഴുകുതിരി പോലെയാണ് അവളുടെ കണ്ണുകൾ തിളങ്ങുന്നത്. അതൊരു രംഗപ്രവേശമായിരുന്നു, മലയാള സിനിമയിലേക്ക് ദീപ്തി സതി എന്ന നായികയുടെ റൊമാന്റിക് എൻട്രി.

ഇക്കഴിഞ്ഞ ദിവസം, എറണാകുളത്ത് ക്രൗൺ പ്ലാസ ഹോട്ടലിന്റെ രണ്ടാം നിലയിൽ ഇൻഫിനിറ്റി പൂളിനരികെ വച്ച് ദീപ്തിയെ കണ്ടു. പുതിയ സിനിമയിൽ അഭിനയിക്കാൻ മുംബൈയിൽ നിന്ന് എത്തിയതാണു ദീപ്തി. സിനിമാ വിശേഷങ്ങൾ അന്വേഷിക്കാമെന്നു കരുതി കൂടെയിരുന്നപ്പോൾ അടുത്തിടെ ലണ്ടനിലേക്കും ഫ്രാൻസിലേക്കും പോയപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളാണ് ദീപ്തി പങ്കുവച്ചത്.

Photo: Sreekanth Kalarickal Photo: Sreekanth Kalarickal

ഫ്രാൻസിൽ പോയാൽ ഫ്രഞ്ച് പറയണം

‘‘നാനും സിങ്കിൾ താൻ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഓഗസ്റ്റ് ആദ്യവാരം ഈ ചിത്രം റിലീസാകും. തമാശ എന്നൊരു തെലുങ്ക് ചിത്രത്തിന്റെയും ഷൂട്ടിങ് പൂർത്തിയായി. ഈ സിനിമയിലെ ഗാനരംഗങ്ങൾ കോർസിക്ക ദ്വീപിലാണ് ചിത്രീകരിച്ചത്. പതിനഞ്ചു ദിവസത്തോളം അവിടെ താമസിച്ചു. ഫ്രാൻസിൽ നിന്നു കോർസിക്കയിലേക്ക് ക്രൂസ് ഷിപ്പിലായിരുന്നു യാത്ര. ക്രൂസ് ഷിപ്പിലെ അഡംബരങ്ങൾ കൗതുകക്കാഴ്ചയാണ്.

സ്പെയിൻ, കോസ്റ്ററിക്ക, മൊറോക്കോ, ഗ്രീസ്, അന്റാർട്ടിക്ക എന്നീ രാജ്യങ്ങളിൽ പോകണമെന്ന് ആഗ്രഹമുണ്ട്. ആ രാജ്യങ്ങളുടെ ചരിത്രപശ്ചാത്തലമാണ് അവിടേക്ക് ആകർഷിക്കുന്നത്. ആദ്യം ഇന്ത്യ യാത്ര, അതു കഴിഞ്ഞ് യൂറോപ്പ് – ഇതാണ് ട്രാവൽ പ്ലാൻ. ’’ നീനയിൽ തുടങ്ങിയ സിനിമാ ജീവിതത്തിലെ യാത്രകളെക്കുറിച്ച് ദീപ്തി പറഞ്ഞു തുടങ്ങി.

ഏറ്റവും അടുപ്പമുള്ള കൂട്ടുകാരോടൊപ്പമാണ് യാത്ര ചെയ്യാറുള്ളത്. അല്ലാത്ത യാത്രകളിൽ അമ്മ കൂടെയുണ്ടാകും. തമിഴ്, തെലുങ്ക് സിനിമകൾക്കു വേണ്ടി ലണ്ടനിലും ഫ്രാൻസിലും പോയ സമയത്തും അമ്മ കൂടെയുണ്ടായിരുന്നു. പരിഷ്കൃത നഗരമാണു ലണ്ടൻ. വൃത്തിയായി പരിപാലിക്കുന്ന വീഥികൾ, പ്രൗഢമായ കെട്ടിടങ്ങൾ. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവർ അവിടെ ജീവിക്കുന്നു. അതേസമയം, യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമാണു ഫ്രാൻസ്. കെട്ടിടങ്ങളും നഗര ചത്വരങ്ങളും ആളുകളുടെ പെരുമാറ്റവും സാംസ്കാരിക തനിമയുള്ളതാണ്. ഡിഗ്രി പഠിക്കുന്ന കാലത്ത് ഫ്രഞ്ച് ഭാഷ പരിശീലിച്ചതിനാൽ ഫ്രാൻസിലെ യാത്ര എനിക്കു കൂടുതൽ രസകരമായി. അവിടത്തുകാരോട് അവരുടെ ഭാഷയിൽ വർത്തമാനം പറയാൻ സാധിച്ചു. ഫ്രഞ്ച് സംസാരിക്കുന്നവരോട് ഫ്രാൻസിലുള്ളവർക്ക് പ്രത്യേക ആദരവും ബഹുമാനവുമുണ്ട്.

3 - deepti

ലവിങ് ഹിമാചൽ

കൂട്ടുകാരോടൊപ്പം ആറേഴു മാസം മുൻപ് ഹിമാചൽപ്രദേശിൽ പോയിരുന്നു. ഒരു ഫൊട്ടോഗ്രഫറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. മണാലി, തോഷ്, സ്പിതി താഴ്‌വര എന്നിവങ്ങളിലൂടെയായിരുന്നു യാത്ര. ആറു വർഷം മുൻപ്, 2017ൽ വേറെ കുറച്ചു കൂട്ടുകാരോടൊപ്പം അതേ റൂട്ടിലുള്ള ചന്ദ്രതാൽ തടാകം സന്ദർശിച്ചിരുന്നു. രണ്ടു ട്രിപ്പുകളിലും ഇടത്താവളം മണാലിയായിരുന്നു. രണ്ടാം തവണയും മണാലിയിൽ എത്തിയപ്പോൾ മുൻപു കണ്ടതിനെക്കാൾ ഭംഗി കൂടിയതായി തോന്നി. പുതുമ പ്രദർശിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണു മണാലി. ലേ, ലഡാക്ക് യാത്രികർ മണാലിയിൽ ഒരു ദിവസമെങ്കിലും ക്യാംപ് ചെയ്യാറുണ്ട്. ഓരോ കാലാവസ്ഥയിലും അണിഞ്ഞൊരുങ്ങുന്ന മണാലി സഞ്ചാരികളുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നു.

മണാലി പട്ടണത്തിലൂടെ നടന്നാൽ ഉന്മേഷം നൽകുന്ന കാഴ്ചകൾ ആസ്വദിക്കാം. ഹിഡിംബ ക്ഷേത്രവും അരുവികളും ഹിമാചലിന്റെ തേജസ്സാണ്. ഒട്ടുമിക്ക സഞ്ചാരികളും അവിടെ എത്തിയാൽ പാരാഗ്ലൈഡിങ് ചെയ്യാറുണ്ട്. ഞങ്ങൾ അവിടെ എത്തിയ ദിവസം കാറ്റ് ശക്തമായിരുന്നു. പറന്നുയർന്നപ്പോൾ ചെറിയൊരു പേടി തോന്നി. കാറ്റിനൊപ്പം ദിശ കിട്ടിയതോടെ കാഴ്ചകൾ രസകരമായി.

ലാൻഡ് ചെയ്തതിനു ശേഷമാണ് എനിക്കു മുൻപ് പറന്നയാൾ അപകടത്തിൽപ്പെട്ട കാര്യം അറിഞ്ഞത്. ശക്തമായ കാറ്റിൽ പാരാഗ്ലൈഡ് ഒരു മരക്കൊമ്പിൽ കുടുങ്ങിയതാണത്രേ. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് യുവതിയെ മരക്കൊമ്പത്തു നിന്ന് ഇറക്കിയത്.

മൂന്നു മണിക്കൂർ കാത്തു നിന്നിട്ടാണ് പാരാഗ്ലൈഡിങ്ങിന് അവസരം കിട്ടിയത്. അര മണിക്കൂർ പറക്കലിനു ശേഷം ടർഫിൽ ലാൻഡ് ചെയ്തപ്പോൾ പെരുമഴ. നനയാതിരിക്കാൻ അടുത്തുള്ള വീടിന്റെ ഇറയത്തേക്ക് ഓടിക്കയറി. സിനിമാ നടിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വീടിനുള്ളിലേക്കു സ്വാഗതം ചെയ്തു. ഹിമാചലിലെ സ്ത്രീകൾ അതിഥികളെ ബഹുമാനിക്കുന്നവരാണ്, ആദരവു പ്രകടിപ്പിക്കുന്നവരാണ്.

തോഷ് എന്ന സ്ഥലത്തേക്ക് ട്രെക്കിങ് നടത്തി. കൽഗ–പുൽഗ–തുൽഗ ഗ്രാമങ്ങൾ സന്ദർശിച്ചു. നഗരങ്ങൾ പരിചയമില്ലാത്തവരാണ് പുൽഗയിലെ ഗ്രാമീണർ. അവിടുത്തെ കടകളിൽ കിട്ടുന്ന പൊറോട്ട, പാൻകേക്ക്, മധുരപലഹാരങ്ങൾ എന്നിവ രുചികരമാണ്.

4 - deepti

റഷ്യയിലെ സുന്ദരന്മാരും സുന്ദരികളും

നീന എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി കേരളത്തിൽ വന്നത്. എന്റെയമ്മ മാധുരി ജനിച്ചത് എറണാകുളത്താണ്. അച്ഛൻ ദിവ്യേഷ് സതി മുംബൈ സ്വദേശിയാണ്. അമ്മയുടെ പരിചയത്തിലൊരാളാണ് നീന എന്ന സിനിമയിലേക്ക് നായികയെ അന്വേഷിക്കുന്ന വിവരം അറിയിച്ചത്. ആ സമയത്ത് ഞാൻ മുംബൈ സേവ്യേഴ്സ് കോളജിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയായിരുന്നു. പഠനത്തിനൊപ്പം മോഡലിങ് ചെയ്തിരുന്നു. ലാൽജോസ് സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണമെന്ന് അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ യെസ് പറഞ്ഞു.

ഓഡിഷൻ എറണാകുളത്തായിരുന്നു. നീന എന്ന കഥാപാത്രത്തിന് എന്റെ മുഖം ഓകെയാണെന്ന് ലാൽ ജോസ് പറഞ്ഞു. കഥ മുഴുവൻ കേട്ടപ്പോൾ നീന എന്ന സിനിമ നൽകുന്ന സന്ദേശം ബോധ്യപ്പെട്ടു. ഞാൻ അങ്ങനെ സിനിമാ നടിയായി.

Photo: Sreekanth Kalarickal Photo: Sreekanth Kalarickal

തിരുവനന്തപുരത്തും വർക്കലയിലും കോട്ടയത്തുമൊക്കെയായിരുന്നു നീനയുടെ ചിത്രീകരണം. കുറച്ചു രംഗങ്ങൾ ഷൂട്ട് ചെയ്തതു റഷ്യയിലാണ്. താപനില മൈനസ് നാലു ഡിഗ്രിയിലെത്തിയ കാലാവസ്ഥയിലാണ് ഞങ്ങൾ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ എത്തിയത്. ആദ്യ രംഗത്തിനു ക്ലാപ്പടിച്ചത് സെന്റ് പീറ്റേഴ്സ്ബർഗിൽ മാതാവിന്റെ പള്ളിയുടെ മുന്നിലാണ്. റഷ്യയിലെ തണുപ്പും രുചികരമായ വിഭവങ്ങളും മറക്കാനാവില്ല. അവിടുത്തെ പെണ്ണുങ്ങളും ആണുങ്ങളും സുന്ദരികളും സുന്ദരന്മാരുമാണ്.

ആദ്യമായി കേരളത്തിൽ എത്തിയ സമയത്ത് കുടിക്കാൻ വെള്ളം വേണമെന്നു പറയാൻ പോലും മലയാളം അറിയില്ലായിരുന്നു. ഇപ്പോൾ പച്ചവെള്ളം പോലെ മലയാളം പറയാനറിയാം. അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കുന്നവരാണ് മലയാളികൾ. നീനയുടെ ആദ്യ ദിവസം മുതൽ ആ സ്നേഹം എനിക്കു ലഭിച്ചിട്ടുണ്ട്. - മലയാളത്തെ ചേർത്തു പിടിച്ചുകൊണ്ട് ദീപ്തി പറഞ്ഞവസാനിപ്പിച്ചു.