ജൂണിലെ മഴ നനയാതെ ഉയർന്നു പറക്കുന്ന മഴവിൽ നിറങ്ങളുണ്ട് മിക്ക ഷോപ്പിംഗ് സൈറ്റുകളുടെയും പ്രൈഡ് കളക്ഷനിൽ ഈ വർഷം. LGBTQ വിഭാഗത്തിന് പിന്തുണയുമായി ജൂൺ എല്ലാ വർഷവും പ്രൈഡ് മാസമായിട്ട് കാലമേറെയായി. ഇതിനെ സൂചിപ്പിക്കുന്ന ഗേ പ്രൈഡ് അല്ലെങ്കിൽ റെയിൻബോ ഫ്ലാഗിൽ നിന്ന് കടമെടുത്ത ഡിസൈനുകളാണ് ഫാഷനിൽ ഈ മാസത്തെ ട്രെൻഡ്. പ്രമുഖ ലൈഫ്സ്റ്റൈൽ ബ്രാൻഡുകളെല്ലാം പ്രൈഡ് ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന തുകയിൽ നിന്ന് ഡൊനേഷനും, LGBTQ സംഘടനകൾക്ക് നൽകുന്നു. മഴവില്ലിലെ നിറങ്ങളും, സ്ട്രൈപ്പുകളും പല ഡിസൈനുകളിൽ ഭംഗിയാവുകയാണ്. ഗ്രാഫിക് ടി ഷർട്, സ്നീകേർസ്, ഹാൻഡ് ബാഗ്, തൊപ്പി, വാച്ച്, ബെൽറ്റ് എന്ന് വേണ്ട ഭക്ഷണവും പാനീയങ്ങളും വരെ മഴവിൽ നിറങ്ങളിലാകുന്നതാണ് ജൂണിൽ ട്രെൻഡ്.
'എല്ലാ സ്നേഹ ബന്ധങ്ങൾക്കും വേണ്ടി' എന്ന സ്ലോഗനും പല ടി ഷർട്ടുകളും വിളിച്ചു പറയുന്നു. സ്നീകേഴ്സിൽ മഴവില്ല് വരച്ചതിൽ സ്പോർട്സ് ബ്രാൻഡുകൾ മത്സരമാണ്. പ്രമുഖ ബ്രാൻഡുകൾ എല്ലാം ഈ മഴവിൽ കുടക്കീഴിൽ അണി നിരക്കുന്നതുകൊണ്ട് പേരെടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ഡിസൈനിലെ ഓരോ നിറത്തിനും പ്രത്യേക അർഥവും പ്രൈഡിലുണ്ട്. ചുവപ്പ് ജീവിതത്തെയും, ഓറഞ്ച് സൗഖ്യത്തെയും, മഞ്ഞ സൂര്യപ്രകാശത്തെയും, പച്ച പ്രകൃതിയെയും, നീല ഐക്യത്തെയും, വയലറ്റ് ആത്മാഭിലാഷങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഭിന്ന വിഭാഗമായ LGBTQ വിന്, ഫാഷനിൽ ഇടം നേടിക്കൊടുക്കാനുള്ള പിന്തുണയ്ക്ക് വേണ്ടി തുടങ്ങിയതാണെങ്കിലും ഏറെ ആരാധകരാണ് ഈ വ്യത്യസ്ത ഡിസൈനുകൾക്ക്. ഇനി ഫാഷൻ പർച്ചേസിനായി പോകുമ്പോൾ നിറങ്ങളുടെ ഭംഗി കണ്ടും വില നോക്കിയും മാത്രമല്ല, അർത്ഥമറിഞ്ഞുമാകട്ടെ വാങ്ങൽ.