Saturday 13 January 2024 02:20 PM IST : By ഡോ. റെജി. D. MD, DGO,DLS, സീനിയർ ഗൈനക്കോളജിസ്റ്റ്

‘പ്ലേറ്റ്ലറ്റ് കൗണ്ട് 7000 എത്തിയപ്പോൾ പിന്നെ കാക്കാനുള്ള ധൈര്യം ഉണ്ടായില്ല’; ഡോക്ടറെന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം, കുറിപ്പ്

pregnnn-dr-post

ഒരു കേസ് ഡയറി

The human body is the most complex system ever created. The more we learn about it, the more appreciation we have about what a rich system it is.. what Bill gate said was absolutely right.. മനുഷ്യശരീരത്തിനേക്കാൾ സങ്കീർണമായ ഒന്ന് ഈ ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഒന്നാലോചിച്ചുനോക്കൂ.. നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത് കോടാനുകോടി സെല്ലുകൾ കൊണ്ടാണ്. ഈ സെല്ലുകൾ ചേർന്നു റ്റിഷ്യുസും, റ്റിഷ്യുസു ചേർന്ന് ഓർഗൻസും ഓർഗൻസ് ചേർന്ന് നമ്മുടെ ശരീരവും അതിലെ ഫങ്ക്ഷൻസും. 

ഇതിനൊക്കെ മുകളിൽ സർവ്വാധിപതിയായി ഏകാധിപതിയായ നമ്മുടെ ബ്രെയിൻ. അവനറിയാതെ ഒന്നും നടക്കുന്നില്ല. നമ്മുടെ ചിന്തകൾ ഓർമ്മകൾ ചലനങ്ങൾ ശ്വാസനിശ്വാസങ്ങൾ ഹൃദയമിടിപ്പ് ഒക്കെയും അവന്റെ നിയന്ത്രണത്തിലാണ്. ബ്രെയിൻ തനിച്ചല്ല ഇതെല്ലം ചെയ്യുന്നത്. ന്യൂറോൺസ് , സിനാപ്സസ്‌  ന്യൂറോട്രാൻസ്മിറ്റർസ്... ഒക്കെ ആൾക്ക് കൂട്ടിനുണ്ട്... കേട്ടിട്ട് വട്ടുപിടിക്കുന്നുണ്ടോ.. 

എന്നാൽ ചിലപ്പോഴൊക്കെ എനിക്ക് വട്ടുപിടിക്കാറുണ്ട്. പിന്നെ  വേറെ ചില ഹ്യൂമൻ ബോഡി ഫങ്ക്ഷൻസിനെ കുറിച്ചോർക്കുമ്പോൾ ഇന്നും  അത്ഭുതമാണ് കാർഡിയാക് സൈക്കിൾ 8s ആക്കിയതും ഹൃദയമിടിപ്പ് 72/ mt എന്ന് തിട്ടപ്പെടുത്തിയതും നാം കഴിക്കുന്ന ഭക്ഷണം , കുടിക്കുന്ന വെള്ളം ഒക്കെ യൂറിനും സ്റ്റൂളും ആയി പോകുന്നതും നാം ഒരാളെ അടിക്കണോ അതോ ഓടണോ എന്നും തീരുമാനിക്കുന്നതും ഒക്കെ ആരാണ്.. ജനിച്ച അന്ന് മുതൽ മരിക്കുന്ന അന്നുവരെ വിശ്രമിക്കാത്ത നമ്മുടെ ഹുദയും ശ്വാസകോശങ്ങൾ ഇതൊക്കെ അത്ഭുതങ്ങളല്ലെങ്കിൽ എന്താണ്.

അപ്പൊ നമുക്കൊരസുഖം വന്നാലോ ഇതെല്ലം തകിടം മാറിയും. പിന്നെ നമ്മുടെ ശരീരം ഒരുയുദ്ധക്കളമാണ്. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റവും രോഗാണുക്കളോ അല്ലെങ്കിൽ അടൈപ്പിക്കൽ കോശങ്ങളോ ഒക്കെ തമ്മിലുള്ള  യുദ്ധം . അതുകൊണ്ടു തന്നെ രോഗങ്ങൾ പ്രത്യേകിച്ച്  ക്രോണിക് അസുഖങ്ങൾ അത്ര സുഖകരമായ അവസ്ഥയല്ല. പ്രത്യേകിച്ച് കാരണം എന്താണെന്നറിയാത്ത ചില അസുഖങ്ങൾ. അത്തരം ഒരു രോഗം വന്ന ഒരു രോഗിയുടെ കഥയായിക്കോട്ടെ  ഇന്നത്തെ നമ്മുടെയീ കേസ് ഡയറിയിൽ ...

എനിക്കിന്നും ഓർമയുണ്ട്. ഏകദേശം 6 വർഷം മുൻപാണ് അവരെന്നെ കാണാൻ ഒപിയിൽ വന്നത്. മെലിഞ്ഞു കൊലുന്നനെയുള്ള യുവതി ഏകദേശം 27–28 പ്രായം വരും. വല്ലാത്ത ഒരു നിരാശയില്‍ ആയിരുന്നു അവർ. മൂന്നു വർഷത്തിനിടയിൽ 2 പ്രഗ്നൻസിയാണ് അവർക്കു നഷ്ടമായത്.

ITP അഥവാ Idiopathic Thrombocytopenic Purpura എന്ന condition ആയിരുന്നു അവർക്ക്. രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവ് ക്രമാതീതമായി കുറയുന്ന ഒരവസ്ഥയാണിത്. സാധാരണ സ്ഥിതിയിൽ ഈ അസുഖം വലിയ പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും ഗർഭാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങും. കാരണം പ്ലേറ്റ്ലറ്റ് കുറയുന്നതു കൊണ്ട് അത് ബ്ലീഡിങ്ങിലേക്കും  അത് അമ്മയുടെയും കുട്ടിയുടെയും ജീവനും ഭീഷണിയാവാം . അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ഗുരുതരമായ പ്രശ്നങ്ങളുണ്ടാവാം. ആരൊക്കെയോ പറഞ്ഞു കേട്ടിട്ടാണ് അവരെന്നെ കാണാൻ വന്നത്. അന്നവർക്ക് മൂന്നു മാസമായിരുന്നു. 

ഞാനവർക്ക് അവരുടെ അസുഖത്തെക്കുറിച്ചും പ്രഗ്നൻസിയിലുണ്ടാകാവുന്ന കോംപ്ലിക്കേഷനുകളെ കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു. എല്ലാം കേട്ടതിനുശേഷം വളരെ ആലോചിച്ച് ഒരു തീരുമാനം എടുത്താൽ മതിയെന്നും പറഞ്ഞു. പ്രഗ്നൻസിയുമായി മുന്നോട്ടു പോവാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. കൂടുതൽ ആലോചിക്കാനൊന്നും അവർ തയ്യാറല്ലായിരുന്നു. അവരുടെ കണ്ണുകളിൽ വല്ലാത്ത ഒരു നിശ്ചയദാർഢ്യം അന്നു ഞാൻ കണ്ടിരുന്നു.

പിന്നീടങ്ങോട്ട് എനിക്കും ടെൻഷന്റെ നാളുകളായിരുന്നു. ഇത്രയും ധൈര്യം കാണിച്ച, എന്നെ മാത്രം വിശ്വസിച്ചു വന്ന അവരെ സേഫ് ആയി അവരുടെ കുട്ടിയോടു കൂടി തിരിച്ചയയ്ക്കണമെന്ന് എനിക്കും വാശിയായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനായി ഒരുപാട് ഹോംവർക്കും ചെയ്തിരുന്നു. കൂടെ സീനിയർ ഡോക്ടേഴ്സിനോടു അഭിപ്രായം ചോദിച്ചു, Gynec forums ൽ debateനു വച്ചു ഒരാളും എൻകറേജ് ചെയ്തില്ല. 

നെറ്റിൽ തപ്പിയപ്പോൾ യുകെയിലോ മറ്റോ പ്ലേറ്റ്ലറ്റ് കൗണ്ട് 4000 ഉണ്ടായിരുന്ന ഒരു രോഗി കുഴപ്പമൊന്നും കൂടാതെ പ്രസവിച്ചതായി കണ്ടു. അതുതന്ന ധൈര്യം കുറച്ചൊന്നുമല്ലായിരുന്നു. അത് ഞാനാ പേഷ്യന്റിനോടും ഷെയർ ചെയ്തിരുന്നു. അത് അവർക്ക് വല്ലാത്തൊരു ശക്തി കൊടുത്തതായി എനിക്കു തോന്നി. ഗർഭകാലം മുന്നോടു പോകും തോറും ടെൻഷനും കൂടി വന്നു. 

ആ അമ്മയും കുഞ്ഞും ആ സാഹചര്യം അതിജീവിക്കില്ലെന്ന് തന്നെയാണ് ഒട്ടുമിക്കപേരും കരുതിയിരുന്നത്. ചിലരൊക്കെ മുഖത്തു നോക്കി പറയുകയും ചെയ്തു. എങ്കിലും കാരിത്താസിലെ വൈദികരും കന്യാസ്ത്രീകളും പിന്നെ ഗൈനക്കോളജി വിഭാഗം മുഴുവനും എന്റെ പിന്നിലുണ്ടായിരുന്നു പ്രാർത്ഥനയോടെ.

പ്ലേറ്റ്ലറ്റ് കൗണ്ട് 7000 എത്തിയപ്പോൾ പിന്നെ കാക്കാനുള്ള ധൈര്യം ഉണ്ടായില്ല. സിസേറിൻ ചെയ്തു. അവർക്കുവേണ്ടി അന്ന് ഹോസ്പിറ്റലിൽ പ്രത്യേക പ്രാർഥനയുമുണ്ടായിരുന്നു, എന്റെ വീട്ടിലും. പ്രാർഥനയുടെ ഫലം കൊണ്ടോ അവരുടെ മനസ്സിലെ ധൈര്യം കൊണ്ടോ എന്നറിയില്ല സർജറി വിജയമായിരുന്നു. കുട്ടിക്കും ഒരു കുഴപ്പമുണ്ടായിരുന്നില്ല. അമ്മയും കുഞ്ഞും സേഫായി സന്തോഷത്തോടെ ഹോസ്പിറ്റൽ വിട്ടപ്പോഴാണ് എനിക്കു സമാധാനമായത്. 

ഇപ്പോഴും അവരെന്നെ കാണാൻ വരുന്നുണ്ട്, ആ കുട്ടിയേയും കൂട്ടി. അവരെ കാണുമ്പോഴും അവരുടെ സന്തോഷം കാണുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകളില്ല. ഒരു ഡോക്ടറെന്ന നിലയിൽ എറ്റവും അഭിമാനം തോന്നുന്ന നിമിഷങ്ങളാണവ. എന്നും എന്റെ മനസ്സിലുണ്ടായിരിക്കും ആ അമ്മയും കുഞ്ഞും. അതുപോലെ അവരുടെ പ്രാർത്ഥനകളിൽ എന്നും ഞാനും.

എഴുതിയത്: ഡോ. റെജി. D. MD, DGO,DLS, സീനിയർ ഗൈനക്കോളജിസ്റ്റ്, ഫെർട്ടിലിറ്റി സ്പെഷല്‍ ആൻഡ് ലാപ് സർജൻ, കാരിത്താസ് ഹോസ്പിറ്റൽ

Tags:
  • Health Tips
  • Glam Up