Monday 06 May 2024 03:18 PM IST : By സ്വന്തം ലേഖകൻ

കറ്റാർവാഴ നീരിൽ അൽപം തേൻ ചേർത്തു പുരട്ടാം; നിരവധി ചർമപ്രശ്നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം, ടിപ്സ്

aloe4567g

കാലാവസ്ഥയിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ നിരവധി ചർമപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയ്ക്കെല്ലാം വീട്ടിലിരുന്ന് പ്രകൃതിദത്തമായ മാർഗത്തിലൂടെ പരിഹാരം കണ്ടെത്താം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കറ്റാർവാഴ. സൗന്ദര്യപ്രശ്നങ്ങൾക്കു പരിഹാരമായി കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. 

വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറാൻ കറ്റാർവാഴ സഹായിക്കുന്നു. ഇതിനായി കറ്റാർവാഴയുടെ നീരിനൊപ്പം ഒരൽപ്പം ചെറുനാരങ്ങാ നീരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടുക. ശേഷം മുഖം നല്ല തണുത്ത വെള്ളത്തിൽ കഴുകണം. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യാം.

മുഖക്കുരുവിന്റെ പാടുകൾ, പൊള്ളലേറ്റ പാടുകൾ, ചർമത്തിന്റെ പിഗ്‌മെന്റേഷൻ എന്നിവ മാറ്റാൻ കറ്റാർവാഴ ഉപയോഗിക്കാം. കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തെ പാടുകളിൽ തേച്ചു പിടിപ്പിക്കുക. കുറച്ചു സമയത്തിനുശേഷം കഴുകാം. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.

ചർമത്തിലെ എണ്ണമയം അകറ്റാൻ കറ്റാർവാഴ സഹായിക്കുന്നു. കറ്റാർവാഴ നീരിൽ അൽപം തേൻ ചേർത്ത് മുഖത്ത് തേയ്ക്കാം. ഇത് ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തിന് തിളക്കം നൽകാൻ കറ്റാർവാഴ ഉത്തമമാണ്. അതിനായി ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടി, തേൻ, റോസ് വാട്ടർ, പാൽ, കറ്റാർ വാഴനീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കണം. ഈ മിശ്രിതം നന്നായി മുഖത്തു തേച്ച് 20 മിനിറ്റിനു ശേഷം കഴുകാം.

Tags:
  • Glam Up
  • Beauty Tips