Friday 19 January 2024 11:14 AM IST : By സ്വന്തം ലേഖകൻ

കരിവാളിപ്പും ചുളിവുകളും വന്നു തുടങ്ങുന്നത് ഈ പ്രായത്തിൽ... ചർമ സംരക്ഷണത്തിന് ഓർക്കാം ഈ 5 ടിപ്സ്

anti-aging-

ചർമപരിചരണത്തിൽ നിർണായക പ്രായമാണ് 30 വയസ്സ്. ചർമത്തിലെ കൊളാജൻ കുറയുന്നതു മൂലം ചുളിവുകൾ വന്നുതുടങ്ങാം. ചർമത്തിലെ ജലാംശവും എണ്ണമയവും കുറയാം. അതുവരെ ഉപയോഗിച്ചിരുന്ന സ്കിൻ കെയര്‍ ഉൽപന്നങ്ങൾ ചർമത്തിന്റെ യുവത്വം പിടിച്ചുനിർത്താൻ മതിയാകാതെ വരും.

മുപ്പതിനുശേഷം ചർമപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട, ഉൾപ്പെടുത്തേണ്ട ചിലതറിയാം. വിദഗ്ധ നിർദേശത്തോടെ ഓരോരുത്തരുടെയും ചർമത്തിനു ചേരുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്.

ഹൈഡ്രേഷൻ പ്രധാനമാണ്

ആന്റി എയ്ജിങ് ചർമപരിചരണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഹൈഡ്രേഷൻ. പ്രായം മുന്നോട്ടു പോകുമ്പോൾ ചർമത്തിലെ വരൾച്ച വർധിക്കും. ഇതു ചുളിവുകൾ വീഴാനിടയാക്കും.

ദിവസം രണ്ടു തവണ ഹൈഡ്രേറ്റിങ് ടോണറുകൾ ഉപയോഗിക്കണം. റോസ് വാട്ടർ, വേപ്പില വാട്ടർ എന്നിങ്ങനെയുള്ള ടോണറുകൾ നല്ലതാണ്. ചർമത്തിൽ വരൾച്ച കൂടുതലുള്ളവർക്ക് വൈറ്റമിൻ ഇ അടങ്ങിയ ടോണർ നന്നായിരിക്കും.

സൾഫേറ്റും സുഗന്ധവും ഇല്ലാത്ത സൗന്ദര്യസംരക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. എന്നിരുന്നാലും അലർജി ടെസ്റ്റ് നടത്തി പ്ര ശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഉ പയോഗിക്കാവൂ.

ഒപ്പം ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വെള്ളം കുടിക്കാൻ മറക്കുന്നവർ ഫോണിൽ റിമൈൻഡർ വച്ചാണെങ്കിലും കൃത്യമായി വെള്ളം കുടിക്കണം. ചർമത്തിലെ ജലാംശം നിലനിർത്തുന്നതിൽ ‘വെള്ളംകുടി’ക്കു പ്രധാന പങ്കുണ്ട്.

2104992650

വൈറ്റമിൻ സി സീറം വേണം

ജീവിതത്തിരിക്കുകൾക്കിടയിൽ സൂര്യനിൽ നിന്നു കൃത്യമായ സംരക്ഷണമെടുക്കാൻ പലരും മറക്കും. പതിയെ ചർമത്തിൽ കരിവാളിപ്പ് വന്നുതുടങ്ങും. വൈറ്റമിൻ സി മികച്ച ആന്റി ഓക്സിഡന്റാണ്. ഇതു പതിവായി ഉപയോഗിച്ചാൽ മുഖത്തെ നിറം മങ്ങൽ മാറി പ്രകാശം പരക്കും.

ശ്രദ്ധിക്കേണ്ട കാര്യം, വൈറ്റമിൻ സി വേഗം ഓക്സിഡൈസ് ആകും. അതുകൊണ്ടു സൂര്യപ്രകാശമേൽക്കാത്ത ഇടത്തു വയ്ക്കണം. സീറത്തിന്റെ നിറം മാറിത്തുടങ്ങിയാൽ പിന്നീട് ഉപയോഗിക്കരുത്. മികച്ച ബ്രാൻഡിൽ നിന്നു നല്ല രീതിയിൽ ക്രമപ്പെടുത്തിയ സീറം മാത്രം തിരഞ്ഞെടുക്കാനും ഓർക്കുക.

റെറ്റിനോൾ ഉപയോഗിക്കുക

വൈറ്റമിൻ എ ഡെറിവേറ്റീവാണ് റെറ്റിനോൾ. മുഖത്തെ ചുളിവുകൾ ഒഴിവാക്കാനും ചർമത്തിലെ കൊളാജന്‍ ശക്തിപ്പെടുത്താനും റെറ്റിനോൾ ഉപയോഗിക്കുന്നതിലൂടെ കഴിയും. കുറഞ്ഞ ശതമാനം റെറ്റിനോൾ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ചു തുടങ്ങി, ആവശ്യമെങ്കിൽ മാത്രം കൂടിയ അളവിൽ റെറ്റിനോളുള്ളവ ക്രമേണ ഉപയോഗിക്കാം.

1751929520

സൂര്യനിൽ നിന്നു സംരക്ഷണം

ഹൈപ്പർപിഗ്‌മന്റേഷൻ, മുഖത്തെ ചുളിവുകൾ, ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങൾക്കു പ്രധാന കാരണം ചർമത്തിൽ സൂര്യപ്രകാശമേൽക്കുന്നതാണ്.

ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള സൺസ്ക്രീൻ വേ ണം ഉപയോഗിക്കാൻ. UVA, UVB രശ്മികളിൽ നിന്നു സംരക്ഷണം നൽകുന്ന ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കണം. പുറത്തുപോകുന്നതിനു 20 മിനിറ്റ് എങ്കിലും മുൻപ് സൺസ്ക്രീൻ പുരട്ടണം. പകൽ മുഴുവൻ പുറത്തു ചെലവഴിക്കുന്നവർ മൂന്നു മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും പുരട്ടണം. പകൽ സമയം വീട്ടിലിരിക്കുമ്പോഴും സൺസ്ക്രീൻ പുരട്ടുന്നതാണു നല്ലത്.

ചർമ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്ക ഉൽപന്നങ്ങളും ഫോട്ടോ സെൻസിറ്റീവാണ്. അതായതു സൂര്യപ്രകാശത്തോടു പെട്ടെന്നു പ്രതികരിക്കുന്നവ. അതിനാൽ സൺസ്ക്രീൻ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തിനു കൂടുതൽ ഹാനികരമാകും. മാത്രമല്ല സീറം ഉപയോഗവും മറ്റും ചർമം കൂടുതൽ മൃദുലമാക്കാം. അതുകൊണ്ട് സൺസ്ക്രീൻ എപ്പോഴും ഒപ്പം നിർത്തിക്കോളൂ.

ഫെയ്സ് ഓയിൽസ് നല്ലതാണ്

ചർമത്തിന്റെ വരൾച്ച തടയാൻ ഫെയ്സ് ഓയിൽ സഹായിക്കും. ഇതു ചർമത്തിലെ ഈർപം ‘സീൽ’ ചെയ്യുന്നതുവഴി ചർമം ജലാംശത്തോടെ ഇരിക്കുകയും ചെയ്യും. ചർമം മൃദുവായും മിനുസമായും നിലനിൽക്കും. ഹൈപ്പർ പിഗ്‌മന്റേഷൻ അകറ്റുന്ന എണ്ണകളുമുണ്ട്.

ഓരോ ചർമത്തിനും ചേരുന്ന എണ്ണകൾ ഉപയോഗിക്കുന്നതു പോലെ പ്രധാനമാണു വേണ്ട അളവിൽ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത്. എണ്ണമയമുള്ള ചർമക്കാർക്ക് റോസ് ഹിപ്പ്, ഗ്രേപ്പ് സീഡ്, ഈവനിങ് പ്രിംറോസ് എന്നീ എണ്ണകൾ ഉപയോഗിക്കാം. വരണ്ട ചർമക്കാർക്ക് ഹൊഹോബ, റോസ് ഹിപ്, മറൂല എണ്ണ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടു–മൂന്നു തുള്ളി എണ്ണ മാത്രം ഉപയോഗിച്ചു മൃദുവായി മസാജ് ചെയ്താൽ മതി.