Monday 12 February 2024 03:22 PM IST : By സ്വന്തം ലേഖകൻ

‘പാലിൽ ചെറുപയർപൊടിയും അൽപം നാരങ്ങാനീരും ചേര്‍ത്തു പുരട്ടാം’; മുഖത്തെ രോമവളർച്ചയ്ക്ക് നാടന്‍ വഴികള്‍

hair-istock76532

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖത്തെ രോമവളർച്ച. മുഖരോമങ്ങളുള്ളവർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പല പരിഹാരമാർഗങ്ങളും ഇന്ന് നിലവിലുണ്ട്. ധാരാളം ഹെയർ റിമൂവൽ ക്രീമുകളും വിപണിയിൽ ലഭിക്കും. എന്നാല്‍ മുഖത്തെ രോമങ്ങളുടെ വളര്‍ച്ച കുറയ്ക്കാന്‍ ചില നാടന്‍ മാര്‍ഗങ്ങളുണ്ട്.

∙ പാൽപ്പാടയിൽ കസ്തൂരിമഞ്ഞൾ ചേർത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.

∙ മഞ്ഞളും പപ്പായയും ചേർത്ത് അരച്ചു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക.

∙ മഞ്ഞൾ കുഴമ്പുരൂപത്തിലാക്കി മുഖത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ മാത്രം തേച്ച് രാത്രി ഉറങ്ങുക. രാവിലെ മുഖം വൃത്തിയായി കഴുകികളയുക. ഇത് കുറച്ചു നാൾ തുടർച്ചയായി ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പുരികത്ത് മഞ്ഞൾ പുരളാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ പാലിൽ ചെറുപയർപൊടി, അൽപം നാരാങ്ങാനീര് എന്നിവ ചേർത്ത് രോമവളർച്ചയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.

∙ കടലമാവ്, മഞ്ഞൾപ്പൊടി എന്നിവ സമാസമം ശുദ്ധമായ വെള്ളത്തിൽ കുഴച്ച് രോമവളർച്ചയുള്ള മുഖഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക.

മഞ്ഞളും മഞ്ഞൾ ചേർന്നുള്ള കുഴമ്പുകളും പുരികങ്ങളിൽ തൊടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞളിന്റെ നിരന്തരമായ പ്രയോഗം പുരികത്തെ രോമങ്ങൾ നഷ്ടപ്പെടുവാൻ കാരണമാകും.

Tags:
  • Glam Up
  • Beauty Tips