Thursday 06 April 2023 04:41 PM IST

ടോയ്‌ലറ്റ് ക്ലീനർ കലക്കി കുടിച്ച് മരണം കാത്തുകിടന്നവൾ! എന്തിന്റെ പേരിലായിരുന്നു ആ തീരുമാനം? ആരതി പറയുന്നു

Roopa Thayabji

Sub Editor

arathy-krishna-story

വർഷങ്ങൾക്കു മുൻപ് വിഷാദം താങ്ങാനാകാതെ ആരതി കൃഷ്ണ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ചായയിൽ ടോയ്‌ലറ്റ് ക്ലീനർ കലക്കി കുടിച്ച് അവൾ മരണം കാത്തുകിടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വർഷത്തിനിപ്പുറം അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ആരതി നടക്കാൻ തുടങ്ങി മാസങ്ങൾക്കകം വീടുവിട്ടിറങ്ങി. സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്നതായിരുന്നു ആ ജീവിതം. സ്ത്രീകളുടെ ശരീരസൗന്ദര്യ മത്സരമായ മിസ് കേരള ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ആരതി ഇന്നു ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡ്രീം ഗേളാണ്.

ഈ വർഷത്തെ മിസ് കേരള ചാംപ്യൻഷിപ്പിനു തയാറെടുക്കുന്നതിനിടെയാണ് ആരതിയെ കണ്ടത്. കണ്ടപാടേ ചെറുചിരിയോടെ മുന്നറിയിപ്പ്, ‘‘എനിക്കു സംസാരിക്കാനൊന്നും അറിയില്ല, വേണമെങ്കിൽ ഒന്നു രണ്ടു പോസ് കാണിക്കാം...’’ മരിക്കാൻ തീരുമാനിച്ച ഇന്നലെകളെ മറികടന്ന്, ‘യെസ് അയാം സ്ട്രോങ്’ എന്നുറപ്പിച്ച നിമിഷം വരെയുള്ള ആരതിയുടെ കഥ കേൾക്കാം.

എന്തിനാണു മരിക്കാൻ തീരുമാനിച്ചത് ?

എട്ടാം ക്ലാസ്സു വരെ പഠിപ്പിസ്റ്റായിരുന്ന എനിക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ‘ജെൽ’ ആകാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്കു വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ്ടു പാസ്സായത്. പറമ്പിൽ മാർ ക്രിസോസ്റ്റം കോളജിൽ ബിഎ ലിറ്ററേച്ചറിനു ചേർന്ന കാലത്ത് ഒരു നല്ല ഫ്രണ്ടിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോടു ഇമോഷനലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചതാണ് അന്നത്തെ ഡിപ്രഷനു കാരണം.

ഒറ്റയ്ക്കിരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്‌ലറ്റ് ക്ലീനർ ചേർത്തു കുടിച്ചും ഗുളികകൾ വിഴുങ്ങിയും ഞരമ്പു മുറിച്ചുമൊക്കെ മരിക്കാൻ നോക്കി. ചോര കണ്ടു തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറികടക്കാനാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറി. ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്തു തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ എംഎസ്‌സിയും ബ്രിട്ടിഷ് എംബിഎയും ചെയ്തു.

ഉർവശി എന്നു ടാറ്റൂ ചെയ്യുന്നതു വരെയെത്തി ആ ഇഷ്ടം. പിന്നെ, ലാബ്രഡോർ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടിവച്ചാണ് ബൈക്ക് വാങ്ങിയത്.

ബൈക്കുകളോട് ഇഷ്ടം പണ്ടേയുണ്ടോ ?

പത്തനംതിട്ട അടൂരിനടുത്തു കൈതപ്പറമ്പാണു സ്വന്തം നാട്. അമ്മ വസന്തകുമാരിക്ക് അഗ്രികൾചർ കോ ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു ജോലി. അച്ഛൻ ബാലകൃഷ്ണപിള്ള കെഎസ്ആർടിസി ഡ്രൈവറും. അച്ഛന്റെ ബൈക്ക് അച്ഛനറിയാതെ ഓടിക്കുന്നതായിരുന്നു ആ കാലത്തെ പ്രധാന ഹോബി. ആ ഇഷ്ടം കൊണ്ടാണ് ഡ്യൂക് വാങ്ങിയത്. അതിനു ശേഷമാണു ഗിയറുള്ള വണ്ടിയോടിക്കാൻ ലൈസൻസ് എടുത്തതു തന്നെ. റൈഡിങ് ക്രേസ് തുടങ്ങിയ കാലത്ത് ആ ഫോട്ടോകളൊക്കെ പോസ്റ്റ് ചെയ്തതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സായി. ഓട്ടമൊബീൽ മോഡലിങ്ങിന് അവസരങ്ങൾ വന്നു.

അങ്ങനെയൊരു വർക്കിനു പോയി തിരിച്ചു വരും വഴിയാണ് അപകടം. വൺവേ തെറ്റിച്ചു വന്ന കാറിടിച്ചു തെറിച്ചു പോയ ഞാൻ കാറിനു മുകളിൽ വീണശേഷം ഉരുണ്ടു താഴേക്ക്. വീണ പാടേ ചാടിയെഴുന്നേറ്റു. കാലിനും നടുവിനും ഭയങ്കര വേദന. ശ്വാസമെടുക്കാനും പറ്റുന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, ‘നട്ടെല്ലിനു പരുക്കുണ്ട്, കാലുകൾ തളർന്നു പോകാൻ സാധ്യതയുണ്ട്, വേഗം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു പോകൂ...’ ഭാഗ്യത്തിനു സുഷുമ്നാനാഡിക്കു പരുക്കൊന്നും ഇല്ല. പക്ഷേ, നട്ടെല്ലിനു പൊട്ടലുണ്ട്. നടുവിനു ബെ ൽറ്റിട്ടു കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാകാതെ മാസങ്ങളോളം കിടന്ന കിടപ്പിൽ. അപകടം പറ്റിയതോടെ അച്ഛ ൻ എന്നോടു മിണ്ടാതെയായി.

പിന്നെ, എഴുന്നേറ്റതെങ്ങനെ ?

നട്ടെല്ലിലെ ഡിസ്കുകൾക്കു തള്ളൽ ഉണ്ടായി നേരത്തേ തന്നെ പത്തനംതിട്ടയിലെ ബിനോയ് ഡോക്ടറുടെ ചികിത്സയിലായിരുന്നു ‍ഞാൻ. അപകടവിവരം അറിഞ്ഞു ഡോക്ടർ കാണാൻ വന്നു. വെറുതേ കിടന്നിട്ടു കാര്യമില്ല, നടുവിനു ബലം കൂട്ടാനുള്ള വ്യായാമം ചെയ്യണം എന്നു നിർബന്ധിച്ചു. അങ്ങനെ പതിയെ എഴുന്നേൽക്കാനും നിൽക്കാനും നടക്കാനുമൊക്കെ തുടങ്ങി. അപ്പോൾ ഡോക്ടർ കർശന നിർദേശം നൽകി, ‘രണ്ടു വർഷത്തേക്കു കടുപ്പമുള്ള വ്യായാമം ചെയ്യരുത്. ഒരു ബക്കറ്റു വെള്ളം പോലും എടുത്തു പൊക്കരുത്.’ എന്തെങ്കിലും ചെയ്യരുത് എന്നു കേട്ടാൽ അതൊന്നു പരീക്ഷിക്കാൻ എനിക്കു തോന്നും.

യുട്യൂബിന്റെ സഹായത്തോടെ വലിയ വ്യായാമങ്ങൾ പഠിച്ചു. അഴകളവുകൾ മെച്ചപ്പെടുത്തുന്ന ചെസ്റ്റ്, ഗ്ലൂട്ട് വ്യായാമങ്ങളായിരുന്നു അവ. ബോട്ടിലിൽ വെള്ളം നിറച്ചു തലയ്ക്കു മുകളിലൂടെ കറക്കിയെടുത്തു കൈകൾക്കുള്ള വ്യായാമം ചെയ്യാൻ തുടങ്ങി. അച്ഛനു റബർ ഷീറ്റ് കടയുണ്ട്. അവിടെ തൂക്കം നോക്കുന്ന കട്ടി അടിച്ചുമാറ്റി. കിണറ്റിലെ കപ്പി സീലിങ്ങിൽ തൂക്കിയ ശേഷം ആ വെയ്റ്റ് കെട്ടിത്തൂക്കി. ഇതായിരുന്നു ആദ്യത്തെ വെയ്റ്റ് ട്രെയ്നിങ് ഉപകരണം. പിന്നെ, അഞ്ചു കിലോയുടെ രണ്ടു ഡംബൽസ് വാങ്ങി. അതിനു ശേഷമാണു ജിമ്മിൽ ചേർന്നത്.

arathy-1

അതോടെയാണോ ബോഡി ബിൽഡിങ്ങിലേക്കു തിരിഞ്ഞത് ?

ജിമ്മിൽ കണ്ണാടിയിൽ നോക്കിയാണു വർക്കൗട്ട് ചെയ്യുക. ഓരോ വ്യായാമം ചെയ്യുമ്പോഴും ആ ഭാഗത്തെ മസിലുകൾ ഇളകും. അതു കാണുമ്പോൾ വർക്കൗട്ട് ഹരമായി. അപ്പോഴേക്കും ലോക്‌ഡൗൺ വന്നു. എന്റെ സങ്കടം കണ്ടിട്ട് ജിം ഉടമ താക്കോൽ തന്നു. വീട്ടുകാരും നാട്ടുകാരുമൊക്കെ ഉറങ്ങിയെന്ന് ഉറപ്പായ ശേഷം വെളുപ്പിനു മൂന്നുമണിക്കു ജിമ്മിലേക്കു പോകും. ഷട്ടർ കുറച്ചു പൊക്കി ഉരുണ്ട് അകത്തുകയറും. വർക്കൗട്ട് കഴിഞ്ഞ് ഷട്ടർ പൂട്ടി വീട്ടിലേക്ക്.

2021 മുതൽ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മസിലുകൾക്കു വേണ്ടി പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം തന്നെ കഴിക്കണം. ദിവസം 650 ഗ്രാം ചിക്കൻ, അതും നെഞ്ചുഭാഗം മാത്രം. ദിവസവും  ഇതു വേണ്ടി വന്നപ്പോൾ അമ്മ ദേഷ്യപ്പെട്ടു. സ്വന്തമായി ജോലി ചെയ്തു സമ്പാദിക്കുന്ന പണം ചെലവാക്കാൻ ആരോടും ചോദിക്കേണ്ടല്ലോ. അങ്ങനെയാണു വീടു വിട്ടുപോകാൻ തീരുമാനിച്ചത്.

രൂപാ ദയാബ്ജി
ഫോട്ടോ: വിഷ്ണു വി. നായർ