Friday 20 January 2023 04:47 PM IST : By സ്വന്തം ലേഖകൻ

‘മന്ത്രിയുടെ ഭാര്യ എന്ന വിശേഷണത്തേക്കാൾ എനിക്ക് ഇഷ്ടം അങ്ങനെ വിളിക്കുന്നത്’: ഡോ. ശാന്ത അന്നു പറഞ്ഞു: കുറിപ്പ്

dr-santha-ajith-fb-note

ഒട്ടിച്ചേർന്നു നിൽക്കുന്ന നിഴലല്ല, ഒപ്പം നടക്കുന്ന തണലായിരുന്നു പിജെയ്ക്ക് ഡോ. ശാന്താ ജോസഫ്. ജീവിത വഴിയിൽ തനിക്കൊപ്പം കൈപിടിച്ചു നടന്ന നല്ലപാതി ഡോ. ശാന്താ ജോസഫ് മരണത്തിന്റെ ലോകത്തേക്ക് മറയുമ്പോള്‍ കണ്ണീർവാർക്കുകയാണ് പിജെ ജോസഫും അദ്ദേഹത്തിന്റെ കുടുംബവും. പിജെയുടെ ഹൃദയത്തോടു ചേർന്നു നിന്ന പ്രിയപ്പെട്ടവളെ സഹൃദയരും പിജെയെ സ്നേഹിക്കുന്ന രാഷ്ട്രീയ അനുയായികളും ഓർക്കുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് മനോരമ ട്രാവലർ എഡിറ്റോറിയൽ കോഓഡിനേറ്റർ അജിത് എബ്രഹാം വലിയവീട്ടിൽ.

ഉള്ളുനീറ്റുന്ന ജീവിത പ്രതിസന്ധികളെ പക്വതയോടെ നേരിടുന്ന വ്യക്തിത്വമായിരുന്നു ഡോ. ശാന്തയെന്ന് അജിത് ഓർക്കുന്നു. സന്തോഷങ്ങളിൽ അമിതമായി സന്തോഷിക്കുകയോ ദുഃഖത്തിൽ അമിതമായി സങ്കടപ്പെടുകയോ ചെയ്യാത്ത ഡോക്ടറുടെ ജീവിതം ലാളിത്യം നിറഞ്ഞതായിരുന്നു. വനിതയ്ക്കു വേണ്ടിയുള്ള അഭിമുഖത്തിനിടെയാണ് ഡോക്ടറെ പരിചയപ്പെടാനും അടുത്തറിയാനും അവസരം കിട്ടിയതെന്ന് അജിത് പറയുന്നു.

അജിത് എബ്രഹാം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഓർമ കുറിപ്പ് വായിക്കാം:


മുൻ മന്ത്രി പി.ജെ ജോസഫിൻ്റെ ഭാര്യ ശാന്ത ചേച്ചിയുടെ സംസ്കാരം ഇന്ന് നടക്കുന്നു.

14 വർഷം മുൻപ് , 2009 മേയ് മാസത്തിൽ തൊടുപുഴ , പയറ്റാട്ടിൽ വീട്ടിൽ ചെന്നതോർക്കുന്നു. വനിതയ്ക്ക് വേണ്ടി ഒരു ഇൻ്റർവ്യുവിനാണ് അന്ന് ഞങ്ങൾ ചെന്നത്. ഫോട്ടോഗ്രഫർ ശ്രീകാന്തും ഒപ്പമുണ്ട്.

ചെന്നൈ - കിങ്ഫിഷർ ഫ്ലൈറ്റിലെ സംഭവത്തിൽ

പൊതുമരാമത്ത്

മന്ത്രി പി.ജെ ജോസഫിനെതിരെയുള്ള

കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി,കോടതിയുടെ വിധി വന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു ഞങ്ങൾ പയറ്റാട്ടിൽ വീട്ടിലേക്ക് എത്തുന്നത്.

ശാന്ത എന്ന പേര് അക്ഷരാർത്ഥത്തിൽ ഇണങ്ങുന്ന വിധമായിരുന്നു

ഡോക്ടറുടെ പെരുമാറ്റം. സന്തോഷത്തിൽ അമിതമായി സന്തോഷിക്കുകയോ ദുഃഖത്തിൽ അമിതമായി സങ്കടപ്പെടുകയോ ചെയ്യാത്ത പ്രകൃതം.

ഉള്ളു നീറിയ കാര്യങ്ങൾ പോലും വളരെ ശാന്തമായി അപാര പക്വതയോടെയാണ് ഡോക്ടർ പറഞ്ഞത്. സ്വന്തം സഹോദരങ്ങളെ പോലെ കരുതിയ ചിലർ തെറ്റിദ്ധരിച്ച് അകന്നത്, ഒപ്പം നിന്ന് ചതിച്ചവർ, വേളാങ്കണ്ണിയിൽ പ്രാർത്ഥിക്കാൻ പോയത് പോലും പരാതിക്കാരിയെ സ്വാധീനിക്കാൻ പോയതാണെന്ന് പറഞ്ഞു പരത്തിയത്....

അന്ന് ഇൻ്റർവ്യൂ അവസാനിക്കുമ്പോൾ ഡോക്ടർ പറഞ്ഞു.' മന്ത്രിയുടെ ഭാര്യ എന്ന വിശേഷണത്തേക്കാൾ എനിക്ക് ഇഷ്ടം ഔസേപ്പച്ചൻ്റെ ഭാര്യ എന്ന് കേൾക്കുന്നതാണ്. അതിലും ഇഷ്ടമാണ് ഡോക്ടർ എന്ന വിളി കേൾക്കുന്നത്. '

വളരെ ലളിത വേഷത്തിലായിരുന്നു ഡോ. ശാന്ത. വേറെ സാരി ഉടുത്തു ഒരു ഫോട്ടോ കൂടി എടുത്താലോ എന്ന് ശ്രീകാന്ത് പറഞ്ഞപ്പോൾ, 'ഇത് തന്നെ കൂടുതലാണ് ..' എന്നു പറഞ്ഞു ഡോക്ടർ ഒഴിഞ്ഞു മാറി.

വർഷങ്ങൾക്ക് ശേഷം പിന്നീടൊരിക്കൽ സ്വകാര്യ ചടങ്ങിൽ വച്ച് അവിചാരിതമായി കണ്ടപ്പോൾ ഡോ. ശാന്ത പറഞ്ഞതോർക്കുന്നു. " അന്ന് പറഞ്ഞത് പോലെ തന്നെ വനിതയിൽ അഭിമുഖം പബ്ലിഷ് ചെയ്തു കണ്ടതിൽ സന്തോഷം."


ശാന്ത ചേച്ചിയുടെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പുറപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് പളളിയിലെ കല്ലറയ്ക്കു മുന്നിൽ മനസ് തുറന്നു പ്രാർഥിക്കുന്നു.