Wednesday 03 May 2023 11:44 AM IST : By സ്വന്തം ലേഖകൻ

‘1977 ബാച്ച് പത്താം ക്ലാസ് വിദ്യാർഥിനികൾ, 35 വർഷങ്ങൾക്കിപ്പുറം അവർ ഒത്തുകൂടിയതിനു പിന്നിൽ’: ഹൃദ്യം ഈ സൗഹൃദം

team-spike

സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

We go for an excursion

Polly wolly doodle on the way...

വയനാട് ചുരം കയറുന്ന ആ ട്രാവലറിൽ നിന്നുയർന്നു കേൾക്കുന്ന പാട്ട് ഒരു കൂട്ടം പെൺമണികളുടേതാണ്. സ്കൂൾകാലത്തെ പാട്ടും പാടി അല്ലിപ്പൂ മുത്തും ചൂടി വിനോദയാത്ര പോകുന്നതു വേറാരുമല്ല, ഒന്നിച്ച് അറുപതിന്റെ നിറവിലേക്കെത്തിയ കൂട്ടുകാരികളാണ്.

‘‘കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ 1977 ബാച്ച് പത്താം ക്ലാസ് വിദ്യാർഥിനികളാണ് ‍ഞങ്ങൾ. പിരിഞ്ഞതിനു ശേഷം വീണ്ടും ക ണ്ടുമുട്ടലൊന്നുമുണ്ടായില്ല. കേരളത്തിൽ ‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ ഓളം വീശിയപ്പോഴും ഞങ്ങൾക്ക് ആ ആശയം തോന്നിയില്ല. 35 കൊല്ലം കഴിഞ്ഞപ്പോഴാണു ചിന്തയുദിക്കുന്നത്. പിന്നെ, ഓരോരുത്തരെയായി കണ്ടുപിടിച്ചു. രണ്ടു വർഷം മുൻപ് ഒരുമിച്ചു കൂടിയതും പെട്ടെന്നു തന്നെ വാട്സാപ് ഗ്രൂപ്പുണ്ടാക്കി. പിന്നീട്, ക്ലാസിലെ പോലെ കലപില തന്നെയായിരുന്നു.’ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് ഡോ. ലാലി മാത്യുവാണ്.

ഒരുവട്ടം കൂടി...

‘‘ഈ വർഷം ഞങ്ങളുടെയെല്ലാം അറുപതാം പിറന്നാളായിരുന്നു. കോട്ടയത്ത് ഒരു ഹോട്ടലിലാണ് ഒരുമിച്ചു കൂടിയത്. ഭക്ഷണമൊക്കെ കഴിച്ചശേഷം പഴയ വിദ്യാലയത്തിലേക്കു വീണ്ടും ക ടന്നുചെന്നു. പണ്ടത്തെ ഞങ്ങളുടെ ക്ലാസ്റൂമിലേക്കു പോയി ബഞ്ചുകളിലിരുന്ന് അച്ചടക്കമില്ലാത്ത വിദ്യാർഥിനികളായി.

വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലാണ്, പത്താം ക്ലാസ്സിൽ പോയ വിനോദയാത്രയുടെ ഓർമത്തുണ്ടുകൾ മനസ്സിലേക്കോടിയെത്തിയത്. അതുപോലൊരു ട്രിപ് പോയാലോ ?

വയനാട്ടിലേക്കായിരുന്നു യാത്ര. ‘ടെൻ എ മൗണ്ട് കാർമൽ’ എന്ന വാട്സാപ് ഗ്രൂപ്പിൽ ടൂർ ചർച്ചകൾ പൊടിപൊടിച്ചു. വിനോദയാത്രയ്ക്ക് ഒരു പേരു വേണം എന്ന ആശയം വന്നപ്പോൾ തന്നെ ‘വാട്സാപ് പോൾ’ നടത്തി. നറുക്കു വീണത് ‘ഏജ്‌ലെസ് വെഞ്ച്വേഴ്സ്’ എന്ന പേരിനാണ്. ശരിക്കും, ഞങ്ങൾ ആ യാത്രയിലുടനീളം പ്രായത്തിനതീതരായ സാഹസികർ തന്നെയായിരുന്നു.

യാത്ര തുടങ്ങുന്നതിനു മുൻപ് എല്ലാവർക്കും ടൂറിന്റെ പേരു രേഖപ്പെടുത്തിയ ബാഗ് ടാഗുകളും ബാഡ്ജുകളും നൽകി. വയനാട്ടിലെ റിസോട്ടിൽ ക്യാംപ് ഫയർ സെറ്റ് ചെയ്തിരുന്നു. അതിനു ചുറ്റും നിന്നു ഞങ്ങൾ പുതിയ സിനിമാപാട്ടുകൾക്കു ചുവടു വച്ചു. രാവിലെ എഴുന്നേറ്റു ട്രെക്കിങ്ങിനും ബോട്ടിങ്ങിനും പോയി.

പലരുടെയും വീട്ടിൽനിന്നു ഫോൺവിളികൾ വന്നു. ‘കാലു വേദനയുണ്ടോ ?, ക്ഷീണം തോന്നുന്നുണ്ടോ?’ സൗഹൃദം ആസ്വദിക്കുന്നതിനിടയിൽ അസുഖങ്ങളും ആവലാതികളുമെല്ലാം എല്ലാവരും മറന്നുപോയിരുന്നു. വീണ്ടും വീണ്ടും ഒത്തൊരുമിക്കാനായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.