Tuesday 14 November 2023 09:49 AM IST : By സ്വന്തം ലേഖകൻ

ബസിനും തൂണിനും ഇടയിൽ അവൾ ഞെരിയുമ്പോള്‍ കണ്ടു നിൽക്കാനെ അവർക്കായുള്ളൂ: അഭന്യയുടെ മരണം: വേദനയിൽ നാട്

abhanya-death

കാട്ടാക്കട ഡിപ്പോയിൽ കെഎസ്ആർടിസി ബസിടിച്ച് ബിരുദ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം കെഎസ്ആർടിസി കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്കു നിയന്ത്രണം വിട്ട ബസിടിച്ചു ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി പെരുമ്പഴുതൂർ മുട്ടയ്ക്കാട് ചെമ്പകപ്പാറ കിഴക്കേ വട്ടത്ത് പുത്തൻ വീട്ടിൽ ഓട്ടോ ഡ്രൈവർ ബിജു–സുജാത ദമ്പതികളുടെ മകൾ ബി.എസ്.അഭന്യ(18) ആണു മരിച്ചത്. മൂന്നരമണിയോടെയായിരുന്നു ദുരന്തം. കോളജ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങാനെത്തിയ അഭന്യ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ലോ ഫ്ലോർ ബസിനും ടെർമിനലിലെ തൂണിനുമിടയിൽ ഞെരിഞ്ഞമരുകയായിരുന്നു. പാർക്കിങ് സ്ഥലത്തു നിന്നു കൊണ്ടുവന്ന ബസിന് എയർ ലീക്ക് മൂലം ബ്രേക്ക് നഷ്ടമായെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പ്ലസ്ടു വിദ്യാർഥി അഭിജിത് ആണ് സഹോദരൻ. അപകടത്തെത്തുടർന്നു വിദ്യാർഥികൾ ഡിപ്പോ ഉപരോധിച്ചു. എം.പാനൽ ഡ്രൈവറായ മൈലോട്ടുമൂഴി രാമചന്ദ്ര വിലാസത്തിൽ പ്രേമചന്ദ്രനെ(49) പൊലീസ് കസ്റ്റഡിയിലെടുത്തു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി‌യ ശേഷമാണ് ഉപരോധം അവസാനിച്ചത്.

നിസഹായരായി സഹയാത്രികർ

കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ദാരുണമായ അപകടം ഡിപ്പോയിൽ ഉണ്ടായിരുന്ന യാത്രക്കാരെയും കണ്ണീരിലാഴ്ത്തി. ഫോണിൽ സംസാരിച്ച് നിന്നിരുന്ന 18 കാരി ബസിനും ഡിപ്പോയിലെ ബസ് ടെർമിനലിന്റെ തൂണിനും ഇടയിൽപ്പെട്ട് ഞെരിയുന്നത് കണ്ട് നിൽക്കാനെ സഹയാത്രികർക്ക് കഴിഞ്ഞുള്ളു. ബസ് ടെർമിനലിനു മുന്നിലേക്ക് വന്ന് നിർത്താൻ ശ്രമിക്കുമ്പോഴാണ് ബ്രേക്ക് ഇല്ലെന്ന് മനസ്സിലാക്കിയത്. ടെർമിനലിന്റെ തൂണിൽ ചാരി നിന്നിരുന്നു അഭന്യ. ടെർമിനലിന്റെ തൂണിൽ ഇടിച്ച ബസ് ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് ഉരുണ്ട് നിന്നു. ഇതോടെ ഡിപ്പോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ ബഹളം വച്ചു. പരുക്കേറ്റ പെൺകുട്ടിയെ ഉടൻ കണ്ടു നിന്നവർ‌ ആശുപത്രിയിലെത്തിച്ചു.

സഹപാഠിയുടെ അപകടം വിദ്യാർഥികളെ വല്ലാതെ ചൊടിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപിച്ച് ടെർമിനലിലെ ഇൻസ്പെക്ടറുടെ മുറി ലക്ഷ്യമാക്കി വിദ്യാർഥികൾ പാഞ്ഞു. സമയം പാഴാക്കാതെ പൊലീസ് എത്തിയതിനാൽ ജീവനക്കാർ സുരക്ഷിതരായി. അപകടത്തിനിടയായ ബസ് ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധം തുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. ഒരു മണിക്കൂറോളം ഡിപ്പോ കവാടം ഉപരോധിച്ചു. ഇതിനിടെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലായി. ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയ വിവരമറിയാതെ രാത്രി ഏഴര വരെയും ഡിപ്പോ പരിസരത്ത് വിദ്യാർഥികൾ തമ്പടിച്ചിരുന്നു.രണ്ടാഴ്ച മുൻപും ഇവിടെ അപകടം നടന്നിരുന്നു. അന്ന് കാര്യമായ പരുക്കില്ലാതെ വയോധിക രക്ഷപ്പെട്ടു.