Thursday 08 June 2023 11:06 AM IST : By സ്വന്തം ലേഖകൻ

കഴുത്തുഞെരിച്ചു കൊന്നു, മൃതശരീരം നഗ്നയാക്കി ഉപ്പു പരലുകൾ വിതറി കുഴിച്ചുമൂടി: രാഖി വധക്കേസില്‍ ശിക്ഷ നാളെ

rakhi-mol അഖിൽ, ആദർശ്, രാഖി

നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ രാജന്റെ മകൾ രാഖിമോളെ (30) കാർ യാത്രയ്ക്കിടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ 3 പ്രതികളും കുറ്റക്കാരെന്ന്  അഡീഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ അഖിൽ ആർ നായർ(24),  സഹോദരൻ രാഹുൽ ആർ നായർ(27), സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശ് നായർ(23) എന്നിവരാണ് പ്രതികൾ.

2019 ജൂൺ 21നാണ് സംഭവം.കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കളമശേരിയിലെ  സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖിമോളെ  ഇന്ത്യൻ ആർമിയിൽ ഡ്രൈവറായിരുന്ന അഖിൽ  മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടതാണ് തുടക്കം. ഇരുവരും പ്രണയത്തിലായി. രാഖി നെയ്യാറ്റിൻകര പുത്തൻ കടയിലെ വീട്ടിൽ വരുമ്പോഴെല്ലാം അഖിലുമൊരുമിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനിടെ അന്തിയൂർക്കോണം സ്വദേശിയായ  യുവതിയുമായി അഖിൽ പ്രണയത്തിലാവുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

ഈ ചടങ്ങിന്റെ ഫോട്ടോ അഖിൽ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് രാഖി വിവരമറിഞ്ഞത്. ഇതോടെ രാഖി  വിവാഹം മുടക്കുമെന്നു പറഞ്ഞതിലുള്ള വിരോധമാണു കൊലയ്ക്കു കാരണമെന്നാണു കേസ്. സംഭവ ദിവസം രാഖിമോളെ പൂവാറിലെ വീട്ടിൽ നിന്ന് അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലേക്കു വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു  രാഖിയെ കാറിൽ കയറ്റി .വഴിയിൽ കാത്തുനിന്ന സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നിവരും വാഹനത്തിൽ കയറി.

രാഹുൽ വാഹനമോടിച്ചു. രാഖി മുൻസീറ്റിലായിരുന്നു. ആദർശും അഖിലും പിന്നിലും. യാത്രയ്ക്കിടെ  രാഖിയെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് അഖിൽ കഴുത്തു ഞെരിച്ചു  കൊലപ്പെടുത്തി. മൂന്നു പേരും ചേർന്നു അഖിലിന്റെ തട്ടാമുക്കിലെ പുതിയതായി പണിത വീടിന്റെ പുറകു വശത്തു നേരത്തെ തയാറാക്കിയ കുഴിയിൽ രാഖിയുടെ മൃതശരീരം നഗ്നയാക്കി ഉപ്പു പരലുകൾ വിതറി മണ്ണിട്ട് മൂടി കമുക് തൈകൾ വച്ചു പിടിപ്പിച്ചു. 

rakhi-2 കൊല്ലപ്പെട്ട രാഖി , പ്രതികളായ അഖിൽ.ആർ.നായർ,രാഹുൽ ആർ.നായർ, ആദർശ് എന്നിവർ

തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലേക്കും, ആദർശും, രാഹുലും ഗുരുവായൂരിലേക്കും പോയി. മകളെ കാണാനില്ലെന്നു രാഖിയുടെ പിതാവ് രാജൻ പൂവാർ പൊലീസിൽ  നൽകിയ പരാതിയിലുള്ള  അന്വേഷണത്തിലാണ് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ആദർശിന്റെ കുറ്റസമ്മത മൊഴിയെത്തുടർന്ന് ഒന്നും രണ്ടും പ്രതികളായ അഖിലും, രാഹുലും പിടിയിലായി.

രാഖിയുടെ മൃതശരീരം  പൊലീസ് കണ്ടെടുത്തു. 94 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും  കോടതിയിൽ ഹാജരാക്കി. ആദർശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എം.സലാഹുദീൻ എന്നിവർ ഹാജരായി.

More