Saturday 09 December 2023 11:12 AM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിന്റെ പാതിയും ഞാന്‍ ആശുപത്രിയിലായിരിക്കും’; എന്നിട്ടും വിട്ടുപോകാന്‍ അവള്‍ തയാറായില്ല, അനൂപിന്റെ കരം പിടിച്ച് ജിനീഷ

anoopjineeshawb.jpg.image.845.440

ഇഷ്ടം തുറന്നുപറഞ്ഞ പെണ്ണിനോട് അനൂപ് ആദ്യം പറഞ്ഞ വാക്കുകളാണിത്. ‘ജീവിതത്തിന്റെ പകുതി നേരവും ഞാന്‍ ആശുപത്രിയിലായിരിക്കും’. എന്നിട്ടും വിട്ടുപോകാന്‍ അവള്‍ തയാറായില്ല, ഒടുവില്‍ ആ സത്യസന്ധമായ പ്രണയത്തിനു മുന്‍പില്‍ ഇരുവരും ഒന്നായി. ഇരുവൃക്കകളും മാറ്റിവച്ച അനൂപിന് ജീവിതപങ്കാളിയായി വന്നവളാണ് ജിനീഷ. 10 വര്‍ഷം നീണ്ട പ്രണയം, പ്രതിസന്ധികളോ വരുംവരായ്കകളോ ആ പ്രണയത്തിനു തടസമായില്ല, വ്യാഴാഴ്ച പത്തരയ്ക്ക് ചെങ്ങന്നൂര്‍ മഹാദേവനു മുന്‍പില്‍ അവര്‍ വിവാഹിതരായി. 

എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.  ജീനീഷ ഇഷ്ടം തുറന്നു പറഞ്ഞ സമയത്തു തന്നെ അനൂപിന്റെ ഒരു വൃക്ക മാറ്റിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ വൃക്കയും മാറ്റിവച്ചു. അന്നത്തെ ആശുപത്രിവാസത്തില്‍ അനൂപിനെ പരിചരിക്കാന്‍ ജിനീഷയും ഒപ്പമുണ്ടായിരുന്നു. ഈ വിവാഹത്തോട് ജിനീഷയുടെ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അനൂപിനെ മാത്രം മതിയെന്നുപറഞ്ഞ് ജിനീഷ ഒറ്റക്കാലില്‍ നിന്നതോടെ വീട്ടുകാര്‍ക്കും സമ്മതം മൂളേണ്ടി വന്നു.  

ഹൃദയം കൊണ്ട് സ്നേഹിച്ചതിനാലാണ് ജീവിതത്തില്‍ അനൂപിന്റെ കൂട്ട് തന്നെ മതിയെന്ന് തീരുമാനിച്ചതെന്നാണ്  ജിനീഷ പറയുന്നത്. പുത്തന്‍വേലിക്കര കരോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കോലാട്ട് അരവിന്ദാക്ഷന്‍– പ്രഭാവതി ദമ്പതികളുടെ മകനാണ് അനൂപ്.  ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരനാണ്. കൊല്ലം പെരിനാട് ശാന്തിമന്ദിരത്തില്‍ ജയകുമാറിന്റെയും സുഷമയുടെയും മകളാണ് ജിനീഷ. 

Tags:
  • Spotlight
  • Love Story
  • Relationship