Friday 22 March 2024 11:12 AM IST : By സ്വന്തം ലേഖകൻ

രുചിയുടെ സ്വർഗം, അറക്കലിന്റെ തരി ബിരിയാണി: അറക്കൽ ബീവിമാരുടെ പാചകക്കുറിപ്പ്

araykkal-beevi2

അറക്കലിന്റെ തരി ബിരിയാണി

നോമ്പു തുറക്കാൻ അറക്കൽ കുടുംബത്തിന്റെ സ്പെഷൽ വിഭവമാണ് തരിബിരിയാണി. അറക്കൽ ബീവിയുടെ മ കൾ നസീമ നൽകിയ പാചക കുറിപ്പ്.

കുക്കറിൽ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞതു ചേർത്തു വഴറ്റുക. സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ഒരു ഇടത്തരം ഇഞ്ചി, നാലു വെളുത്തുള്ളി, ആറു പച്ചമുളക് എന്നിവ മിക്സിയിലാക്കി അരച്ചെടുത്തത് ചേർത്തു വഴറ്റുക. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം രണ്ടു തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ തൈരു ചേർത്തിളക്കിയ ശേഷം ബീഫ്/മട്ടൺ ചെറിയ കഷണങ്ങളാക്കിയത് കാൽ കിലോയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. അൽപം മല്ലിയില കൂടി ചേർത്ത് കുക്കർ അടച്ച് വച്ച് ചെറുതീയിൽ ഇറച്ചി വേവിക്കുക. മട്ടൻ എങ്കിൽ 10 മിനിറ്റും  ബീഫ് ആണെങ്കി ൽ 15 മിനിറ്റും വേവിക്കണം. ഇറച്ചി വെന്തു പാകമായാൽ ഒരു വലിയ സ്പൂൺ ഗരംമസാലപ്പൊടിയും രണ്ടു മുതൽ മൂന്നു ചെറിയ സ്പൂൺ നാരങ്ങാനീരും ചേർക്കണം. വെള്ളം വറ്റി കുറുകി വരുന്ന പാകത്തിൽ അടുപ്പിൽ നിന്നു വാങ്ങാം. ഇതാണ് ഇറച്ചി മസാല.

ചുവടു കട്ടിയുള്ള നോൺസ്റ്റിക് പാനിൽ രണ്ടു വലിയ സ്പൂൺ വീതം എണ്ണയും നെയ്യും ചൂടാക്കി മൂന്നു ചെറിയ കഷണം കറുവാപട്ട, മൂന്നു ഗ്രാമ്പൂ, ഒരു ചെറിയ സ്പൂൺ കുരുമുളക്, മൂന്ന് ഏലയ്ക്ക എന്നിവ മൂപ്പിക്കുക. ഇതിലേക്ക് രണ്ടരക്കപ്പ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ രണ്ടരക്കപ്പ് റവ (തരി) ചേർത്തിളക്കി മൂന്നു മിനിറ്റ് വേവിക്കണം. കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം.

ഇനി ഒരു പാത്രത്തിൽ ഇറച്ചിമസാല നിരത്തി അതിനുമുകളിൽ റവക്കൂട്ട് നിരത്തണം. ഇത്തരത്തിൽ ലെയറുകളായി നിരത്തി ഏറ്റവും മുകളിൽ സവാള, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തതും മല്ലിയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.