Wednesday 21 February 2024 04:36 PM IST : By സ്വന്തം ലേഖകൻ

ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സം, ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ; മൃതദേഹവുമായി ആൺസുഹൃത്തിനെ കാണാൻ യാത്ര!

shilpa-arrested

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച കേസിന്റെ തുടരന്വേഷണം ഷൊർണൂരിൽ നിന്നു മാവേലിക്കര പൊലീസിനു കൈമാറിയേക്കും. അറസ്റ്റിലായ അമ്മ ശില്‍പയെ കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിൽ ഷൊർണൂർ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപാതകം നടന്നത് മാവേലിക്കരയിലായതിനാലാണ് അന്വേഷണച്ചുമതല കൈമാറാനുള്ള നീക്കം. 

ശനിയാഴ്ച പുലർച്ചെയായിരുന്നു മാവേലിക്കരയിലെ വാടക വീട്ടിൽ കൊലപാതകം. ഒരു വയസ് പ്രായമുള്ള മകൾ ശിഖന്യയെ ശിൽപ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹവുമായി കാറിൽ, നേരത്തെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ യുവാവിനെ തേടി ശിൽപ ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണു ഷൊർണൂരിലെത്തിയത്. 

കുഞ്ഞിന്റെ ശരീരത്തിൽ ക്ഷതങ്ങളില്ലെങ്കിലും മരണം ശ്വാസം മുട്ടിയാണെന്ന ആന്തരികാവയവ പരിശോധനാഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടുമാണ് അന്വേഷണത്തിൽ നിർണായകമായത്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്. 

ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സമാകുന്നതിനാലായിരുന്നു കൊലപാതകമെന്നായിരുന്നു ശിൽപയുടെ മൊഴി. കൊലപാതകത്തിനു ശേഷം കാർ വാടകയ്ക്ക് എടുത്താണ് കുഞ്ഞിന്റെ മൃതദേഹവുമായി ആൺസുഹൃത്തിനെ കാണാൻ ഷൊർണൂരിലെത്തിയത്. യുവാവ് ജോലി ചെയ്തിരുന്ന നഗരത്തിലെ തിയറ്ററിലെത്തിയ യുവതി അവിടെയും പ്രശ്നമുണ്ടാക്കിയിരുന്നു. 

പിന്നീടാണ് കുഞ്ഞിനെ ഷൊർണൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി മരണം സ്ഥിരീകരിച്ചത്. ശിൽപയെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസേട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് ശിൽപയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. മാവേലിക്കര പൊലീസിന്റെ നേതൃത്വത്തിലാകും തുടരന്വേഷണവും തെളിവെടുപ്പും. 

Tags:
  • Spotlight