Tuesday 12 March 2024 12:01 PM IST : By സ്വന്തം ലേഖകൻ

കോടിക്കണക്കിനു രൂപയുടെ നിധി കിട്ടാൻ ഭാര്യയെ ബലികൊടുത്ത മോഹനൻ; 41 വർഷം മുൻപ് നടന്ന കേരളത്തിലെ ആദ്യത്തെ നരബലി!

mueerrr56777idukki കൊല്ലപ്പെട്ട കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ അർജുൻ, ആർഷ.

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ, 5 വർഷം മുൻപ് അരങ്ങേറിയ കമ്പകക്കാനം കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമകളാണ് ഇടുക്കിക്കാരുടെ മനസ്സിൽ തെളിയുന്നത്. അന്ന് കൊടുംക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ നാലു പേർക്ക്.  2018 ജൂലൈ 29നു രാത്രിയായിരുന്നു കൊലപാതകം. വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു.

2 ദിവസത്തിനു ശേഷമാണു സംഭവം പുറംലോകം അറിഞ്ഞത്. ഏറെ വൈകാതെ കേസിലെ പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു. 4 പ്രതികളാണു കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു, തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ്  എന്നിവരാണ് 1 മുതൽ 4 വരെ പ്രതികൾ. 

മന്ത്രശക്തി സ്വന്തമാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കൈക്കലാക്കാനാണ് കരുതിക്കൂട്ടിയുള്ള കൂട്ടക്കൊല എന്നായിരുന്നു കുറ്റപത്രം. സംഭവം നടന്ന് ഒരു വർഷം പിന്നിട്ട ശേഷമാണു പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാരണത്താലും ഒട്ടേറെ പഴുതുകൾ ഉള്ളതിനാലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി തേവർകുടിയിൽ അനീഷിനെ 2021 ഒക്ടോബറിൽ വീടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി.

പ്രേതബാധ അകറ്റാൻ നരബലി

സഹോദരിയുടെ പ്രേതബാധ അകറ്റാനായി പതിനഞ്ചുവയസ്സുകാരനെ നരബലി നൽകിയത് 1983 ജൂൺ 29ന് ഇടുക്കി രാമക്കൽമേട്ടിലാണ്. മുണ്ടിയെരുമ ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന റഹ്മത്താണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റഹ്മത്തിന്റെ മാതാവ്, പിതാവ്, സഹോദരി എന്നിവരുൾപ്പെടെ 6 പേർക്ക് ഈ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു.

ആദ്യ നരബലിയും ഇടുക്കിയിൽ

കേരളത്തിലെ ആദ്യത്തേതെന്നു കരുതപ്പെടുന്ന നരബലി നടന്നത് 41 വർഷം മുൻപ് ഇടുക്കിയിലാണ്. കൊന്നത്തടി പഞ്ചായത്തിലെ പനംകുട്ടിയിൽ 1981 ഡിസംബർ 17നായിരുന്നു സംഭവം. കുളമാവ് മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകൾ സോഫിയയെയാണു നിധി കിട്ടാൻ വേണ്ടി ഭർത്താവ് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനും വീട്ടുകാരും ചേർന്നു നരബലി നടത്തി വീടിനുള്ളിൽ കുഴിച്ചിട്ടത്.

മോഹനൻ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരൻ എന്നിവർ ചേർന്നാണു കൃത്യം നടത്തിയത്. നരബലി നടന്നാൽ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള നിധി കിട്ടുമെന്നു മന്ത്രവാദി പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. പ്രതികൾക്കെല്ലാം ജീവപര്യന്തം ശിക്ഷ ലഭിച്ചു. 

ഉണ്ണി ശിക്ഷ പൂർത്തിയാകും മുൻപു ജയിലിൽ മരിച്ചു. കാട്ടിൽ നിന്ന് ഈറ്റ വെട്ടി പനമ്പും കുട്ടയും നെയ്തു വിൽക്കുന്നവരായിരുന്നു മോഹനനും കുടുംബവും. ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ മോഹനൻ ഈറ്റ വെട്ടാൻ എത്തിയപ്പോഴാണു സോഫിയയെ കണ്ടുമുട്ടിയത്.

Tags:
  • Spotlight