Thursday 25 January 2024 03:19 PM IST : By സ്വന്തം ലേഖകൻ

കാന്‍സര്‍ രോഗം മാറാന്‍ കുട്ടിയെ ഗംഗയില്‍ മുക്കി മാതാപിതാക്കള്‍; ആരോഗ്യസ്ഥിതി വഷളായി അഞ്ചുവയസുകാരന് ദാരുണാന്ത്യം

child-gangan.jpg.image.845.440

അന്ധവിശ്വാസം ഹരിദ്വാറിൽ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. കാന്‍സര്‍ രോഗബാധിതനായ കുട്ടിയുടെ മാതാപിതാക്കൾ, ഗംഗാനദിയില്‍ മുങ്ങിയാല്‍ കുട്ടി സുഖം പ്രാപിക്കുമെന്ന് വിശ്വസിച്ച് കുട്ടിയെ ഗംഗയിൽ പലതവണ മുക്കി. ഇതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയുമായിരുന്നു. ഹരിദ്വാറിലെ ഹർ കി പൗരിയിലാണ് ദാരുണ സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹർ കി പൗരിയിൽ എത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു.

ചികിത്സകള്‍ ഫലം കാണാതെ വരുകയും കുട്ടിയുടെ അസുഖം കൂടുതല്‍ വഷളാവുകയും ചെയ്തതോടെയാണ് ഇത്തരമൊരു സാഹസത്തിന് ദമ്പതികള്‍ മുതിര്‍ന്നതെന്നാണ് പൊലീസ് നിഗമനം. ഗംഗയിൽ മുക്കിയാൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം കുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് കുടുംബത്തെ കൊണ്ടുപോയ ടാക്സി ഡ്രൈവർ പറയുന്നതനുസരിച്ച്, യാത്രയുടെ തുടക്കത്തിൽ തന്നെ കുട്ടിക്ക് സുഖമില്ലായിരുന്നു, ഹരിദ്വാറിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ നില വഷളായി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ കുറിച്ചും ഗംഗയിൽ കുളിപ്പിക്കുന്നതിനെ കുറിച്ചും വീട്ടുകാർ പറഞ്ഞതായും ഡ്രൈവർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:
  • Spotlight