Thursday 07 March 2024 10:40 AM IST : By സ്വന്തം ലേഖകൻ

ആറ് വയസുള്ള കുട്ടിക്കും അമ്മയ്ക്കും നേരെ വടിവാൾ വീശി; കേസില്‍ പ്രതി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം

karthika-3.jpg.image.845.440

ആറ് വയസുള്ള കുട്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പത്തനംതിട്ടയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം പ്രതി. അഭിഭാഷക കൂടിയായ എസ് കാർത്തികയ്ക്ക് എതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഭർത്താവാണ് ഒന്നാംപ്രതി. പ്രതികൾക്കെതിരെ പൊലീസ് ജുവനയിൽ ജസ്റ്റിസ് ആക്ട് ചുമത്താത്തതിനെതിരെയും വിമർശനമുണ്ട്.

കഴിഞ്ഞ ഒന്നാം തിയതി രാത്രി അയൽവീട്ടിലെ ആറ് വയസുള്ള കുട്ടിക്കും അമ്മയ്ക്കും നേരെ മാരകായുധം പ്രയോഗിച്ചു എന്നാണ് കേസ്. വടിവാൾ വീശിയതിനും അസഭ്യം പറഞ്ഞതിനും നഗ്നതാ പ്രദർശനത്തിനും കേസുണ്ട്. പ്രതികളുടെ വീടിന് പിന്നിൽ നിന്ന് അനധികൃതമായി പാറയും മണ്ണും കടത്തിയത് പൊലീസ് പിടികൂടിയതിനെ തുടർന്നായിരുന്നു സംഘർഷം. വിവരം പൊലീസിനെ അറിയിച്ചത് അയൽക്കാരെന്ന് പറഞ്ഞായിരുന്നു അക്രമം. 

കാർത്തിക, ഭർത്താവും സിപിഎം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസ്, അർജുൻ ദാസിന്റെ സഹോദരൻ അരുൺ ദാസ്, അരുൺ ദാസിന്റെ ഭാര്യ സലിഷ എന്നിവരാണ് പ്രതികൾ. കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതികളുടെ വീടിന് പോലീസ് കാവൽ ഉണ്ടായിരുന്നു. 

പൊലീസ് കാവൽ നിൽക്കുമ്പോൾ തന്നെ നാട്ടുകാർ പ്രതികളുടെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. ഈ കേസിൽ നാട്ടുകാരായ 20 പേർക്കെതിരെ കേസുണ്ട്. ആക്രമണത്തിന് ഇരയായവരും സിപിഎം പ്രവർത്തകരാണ്. മുൻപ് പ്രശ്നം പരിഹരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടിരുന്നു. ക്ഷേത്ര ഉത്സവത്തിന് പിരിവ് നൽകാത്തതിനെ തുടർന്നാണ് ആക്രമണം എന്നാണ് പ്രതികളുടെ ആരോപണം.

Tags:
  • Spotlight