Thursday 01 February 2024 11:14 AM IST : By സ്വന്തം ലേഖകൻ

കറുപ്പുവേഷത്തിൽ പൊരിവെയിലിൽ പട്ടിണി കിടന്നും വ്യായാമം ചെയ്തും പ്രതിഷേധം; കണ്ണീരില്‍ കുതിര്‍ന്ന് സിപിഒ റാങ്ക് ഹോൾഡർമാരുടെ സമരം

trivandrum-push-up-strike-22

തിരുവനന്തപുരത്ത് കറുപ്പു വേഷം ധരിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ പൊരിവെയിലിൽ പട്ടിണി കിടന്നും വ്യായാമ മുറകൾ കാണിച്ചും കരഞ്ഞും സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം പേർ സമരത്തിൽ അണിനിരന്നു. 

ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടിക റദ്ദാകാൻ മൂന്നുമാസം മാത്രം ശേഷിക്കെ 26% പേർക്കു മാത്രമാണു നിയമനം ലഭിച്ചത്. 7 ബറ്റാലിയനുകളിലായി 13,975 പേർ ഉൾപ്പെട്ട പട്ടികയിൽ  10,235 പേരുടെ ഭാവി തുലാസിലാണ്.  അശാസ്ത്രീയമായ പരീക്ഷാ പരിഷ്കാരത്തിന്റെ ഇരകളാണ്  റാങ്ക് ലിസ്റ്റിലുള്ളവരെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.സി വിഷ്ണുനാഥ് എംഎൽഎ. പറഞ്ഞു. 

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനയുടെ വീട്ടിൽ പോയ ആരോഗ്യമന്ത്രിയുടെ കണ്ണീരിന് ആത്മാർഥത ഉണ്ടെങ്കിൽ ആശുപത്രികളുടെ സുരക്ഷയ്ക്കു പൊലീസിനെ നിയമിക്കാൻ തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.  

പട്ടികയിലെ ഉദ്യോഗാർഥികൾ ഡിവൈഎഫ്ഐ ഭാരവാഹികളെ കണ്ട് ‘തൊഴിൽ തേടി രാജ്യം വിട്ടു പോകേണ്ട അവസ്ഥയാണെന്ന് ’ പറഞ്ഞപ്പോൾ, അത് നാടിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രിക്കു അഭിവാദ്യം അർപ്പിച്ച് ഫ്ലെക്സ് വയ്ക്കുകയാണ് വേണ്ടതെന്നും അവർ പരിഹസിച്ചെന്നും രാഹുൽ  പറഞ്ഞു. യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവരും പ്രസംഗിച്ചു.

Tags:
  • Spotlight