Saturday 10 February 2024 12:51 PM IST : By സ്വന്തം ലേഖകൻ

'പഠനത്തിലും കലയിലും മിടുക്കന്‍, മുങ്ങിത്താഴ്ന്നത് കുടുംബത്തിന്റെ പ്രതീക്ഷ'; ഗൗതമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്

Goutham.jpg.image.845.440

വിദ്യാര്‍ഥിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ പമ്പ നദിയില്‍ അപകടത്തില്‍പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്. പുതുശേരിമല സ്വദേശി അനില്‍, മകള്‍ നിരഞ്ജന, അനിലിന്റെ സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത്. അനിലിന്റെ ഭാര്യയെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. സമീപത്ത് വാടകയ്ക്ക് താമസിക്കുകായിരുന്ന ഇവര്‍ തുണിയലക്കാനും കുളിക്കാനുമായി നാലുമണിയോടെയാണ് നദിക്കരയില്‍ എത്തുന്നത്. 

അപകടസമയത്ത് സമീപപ്രദേശങ്ങളില്‍ ആളുകള്‍ ഉണ്ടായിരുന്നു. ആദ്യം ഒഴുക്കില്‍പ്പെട്ടത് ഒന്‍പതാം ക്ലാസുകാരനായ ഗൗതമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗൗതമിനെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ അനില്‍ മുങ്ങിത്താണു. ഇതിന് പിന്നാലെ അനിലിന്റെ മകള്‍ നിരഞ്ജന വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ സാരിയിട്ട് കൊടുത്ത് അനിലിന്‍റെ ഭാര്യയെ രക്ഷിച്ചു. എന്നാല്‍ അച്ഛനെ തിരയുന്നതിനിടയില്‍ സാരിയില്‍ പിടിച്ച് രക്ഷപെടാന്‍ നിരജ്ഞന തയാറായില്ല എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നുത്.

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൂവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. എം.എസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. കലോത്സവത്തിൽ അറബനമുട്ടിൽ എ ഗ്രേഡ് നേടിയ സംഘത്തിലും ഗൗതം ഉണ്ടായിരുന്നു. ഗൗതമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് നാട്. 

Tags:
  • Spotlight