Tuesday 05 March 2024 10:35 AM IST : By സ്വന്തം ലേഖകൻ

‘ഇന്ദിരയോട് ഓടിമാറാൻ പറഞ്ഞു, കേൾവിക്കുറവു കാരണം കേട്ടില്ല; ആന തുരുതുരാ കുത്തുന്നതു കണ്ട് അലറിക്കരയാനേ കഴിഞ്ഞുള്ളൂ’; പൊട്ടിക്കരഞ്ഞ് സൂസൻ

sooosan സംഭവസമയത്ത് ഇന്ദിരയുടെ ഒപ്പമുണ്ടായിരുന്ന അയൽവാസിയായ സൂസൻ പൊട്ടിക്കരയുന്നു.

ഇടുക്കിയിലെ കാട്ടാനക്കലി ശമിക്കുന്നില്ല. പന്നിയാറിൽ എറിഞ്ഞു കൊന്ന പരിമള, ചവിട്ടിക്കൊന്ന പോൾരാജ്, എല്ലുനുറുങ്ങി മരിച്ച സൗന്ദർരാജൻ, ചുഴറ്റിയെറിഞ്ഞു കൊന്ന സുരേഷ് കുമാർ... ഇവർക്കൊപ്പം ഇപ്പോൾ ഇന്ദിരയും. ജീവനിൽ ആശങ്കയോടെ ഒരു ജനത ഇവിടെ ജീവിക്കുന്നു. ഇന്ദിരയുടെ വിയോഗം ഏറ്റവുമധികം ബാധിച്ചത് അവസാന നിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്ന അയൽവാസിയായ സൂസൻ തോമസിനെ. സംഭവസമയത്ത് ഇന്ദിരയുടെ ഒപ്പമുണ്ടായിരുന്ന സൂസൻ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.

‘‘കൃഷിയിടത്തിൽ ഭർത്താവ് രാമകൃഷ്ണനൊപ്പം കൂവ വിളവെടുക്കുകയായിരുന്നു ഇന്ദിര. എന്നെ കണ്ട് ഇന്ദിര അടുക്കലെത്തി. കൃഷിയുടെ കാര്യം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ മകൻ വിൽസൻ അലറി വിളിക്കുന്നതു കേട്ടു. വീട്ടിലേക്കു പോകും വഴി കാട്ടാന ഓടിവരുന്നതു കണ്ടു എന്നാണ് വിൽസൻ പറഞ്ഞത്. ഇന്ദിരയോട് ഓടിമാറാൻ പറഞ്ഞെങ്കിലും കേൾവിക്കുറവു കാരണം അവർക്കു കേൾക്കാനായില്ല. അങ്ങനെയാണ് ആനയുടെ മുൻപിൽ പെട്ടുപോയത്. 

വാൽചുരുട്ടി മേലോട്ടാക്കി ഇന്ദിരയെ ആന കൈകാലുകൾക്കിടയിലാക്കി കൊമ്പുകൊണ്ട് തുരുതുരാ കുത്തുന്നതു കണ്ട് അലറിക്കരയാനേ കഴിഞ്ഞുള്ളൂ. ആനക്കലി അവസാനിച്ച് ആന മാറിയപ്പോൾ ഇന്ദിരയുടെ കുടുംബാംഗങ്ങളും ഞങ്ങളും ഓടിയെത്തി. സമീപമുള്ള എന്റെ വീടിനു മുന്നിൽ എത്തിച്ചപ്പോൾ വെള്ളത്തിന് ആംഗ്യം കാണിച്ചു. അൽപം വെള്ളം കുടിച്ചതിനു പിന്നാലെ അബോധാവസ്ഥയിലായി. ഇന്ദിരാമ്മയുടെ ജീവൻ തിരിച്ചു കിട്ടണേയെന്ന് ഉള്ളുരുകി പ്രാർഥിച്ചു. അധികം വൈകാതെ മരിച്ചെന്ന വാർത്ത അറിഞ്ഞു.

വനഭൂമിയിലല്ല. സ്വന്തം പട്ടയ ഭൂമിയിൽ കൃഷിപ്പണി ചെയ്ത് ഉപജീവനം പോറ്റുന്ന ഞങ്ങളുടെ ഗതികേട് കേൾക്കാൻ ഇവിടെ ആരുമില്ലല്ലോ. ഭരണാധികാരികളും ഫോറസ്റ്റുകാരും ചേർന്നു ഞങ്ങളെ കൊന്നൊടുക്കൂ, അതാണ് ഇതിലും ഭേദം. ഒരു കൃഷിയും ചെയ്തു ജീവിക്കാൻ കഴിയുന്നില്ല, ക്ഷേമ പെൻഷനില്ല, ആനുകൂല്യങ്ങളുമില്ല. കാട്ടാനശല്യത്തിൽ പൊറുതി മുട്ടുന്ന ഞങ്ങളുടെ വേദനയും സങ്കടവും ആരു കേൾക്കാൻ.’’- ഇന്ദിരയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് നെഞ്ചുപൊട്ടി, അലമുറയിട്ട് പറയുകയാണ് അയൽവാസിയായ പറക്കുടിയിൽ സൂസൻ തോമസ്.

Tags:
  • Spotlight