Wednesday 24 April 2024 11:14 AM IST : By സ്വന്തം ലേഖകൻ

പുതിയ കാലത്തെ സ്വർണത്തിന് ആയുസ് കുറവോ? ഒടിഞ്ഞും കൊളുത്തുവിട്ടും പോകുന്ന പണ്ടങ്ങൾ: കാരണം ഇതാണ്

gold-story

ഒരമ്മ പെറ്റ രണ്ടു വാക്കുകളാണ് ‘സ്വ’പ്നവും ‘സ്വ’ർണവും. ഒരേ ഉലയിൽ ഊതിക്കാച്ചി ഉണർന്നു വന്നതു കൊണ്ടാകും ലോകത്തെങ്ങുമുള്ളവരുടെ ‘സ്വപ്ന’മായി ‘സ്വർണം’ മാറിയത്.

ഒന്നോർത്തു നോക്കൂ, എത്ര മുഹൂർത്തങ്ങളിലാണു സ്വപ്നത്തിനു സ്വർണം കൊളുത്തിട്ടത്. ‘ന്റെ പൊന്നേ’ എന്നു വിളിച്ചല്ലേ പ്രേമിച്ചത്. പ്രണയത്തിലാടുന്ന ജിമിക്കിക്കമ്മൽ നോക്കിയിരിക്കുമ്പോൾ താലിത്തിളക്കവും മിന്നുമാലയും എത്ര വട്ടം മോഹിപ്പിച്ചിട്ടുണ്ടാകും.

പിന്നെയും കുറേ നാൾ കഴിഞ്ഞു ‘തങ്കക്കുടമേ’ എന്നു വിളിച്ച കുഞ്ഞിന്റെ കാതു കുത്തിയപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞില്ലേ? പൈസ കൂട്ടി വച്ച് ആ കുഞ്ഞിക്കൈയിലൊരു വളയിട്ടു കൊടുത്തപ്പോ കണ്ണിലെ തിളക്കം കണ്ടില്ലേ?

പിന്നെ വീടു വച്ചപ്പോൾ, സ്വന്തമായൊരു വാഹനം വാങ്ങിയപ്പോൾ പണത്തിനായി സ്വർണം കൊണ്ട് ഒരു പാച്ചിലായിരുന്നില്ലേ? അങ്ങനെ ജീവിതത്തിലെ എത്രയെത്ര നിമിഷങ്ങളിൽ സ്വർണം സ്വപ്നങ്ങൾക്കൊപ്പം കൂട്ടു വന്നു.

വീട്ടിലെ ബജറ്റിനെ മാത്രമല്ല, ലോകത്തിന്റെ തന്നെ സാമ്പത്തിക ഘടനയെ താങ്ങി നിർത്തുന്ന ശക്തിയായി സ്വർണം മാറിയത് എങ്ങനെയായിരിക്കും? എന്നാകാം സ്വർണം ഭൂമിയിൽ ഉണ്ടായത്? ആരാകാം ലോകത്തെങ്ങുമുള്ള മനുഷ്യരുടെ മോഹങ്ങളിലൊന്നായി ഇതിനെ മാറ്റിയത്?

തീവീഴ്ചയിൽ നിന്ന് ഉലയിലേക്ക്

‘കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡ സിനിമയിലെ മാസ് ഡയലോഗ് ഒാർമ വരുന്നു. ‘കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല. ആകുന്ന ഇതിഹാസം പ്ലാൻ ചെയ്തു ബ്ലൂപ്രിന്റ് എടുക്കാനും ആകില്ല. അതിനൊരു തീപ്പൊരി വേണം. അന്നു കാട്ടു തീ പടർന്നു...’

അതെ, സ്വർണത്തിന്റെ കഥ തുടങ്ങുന്നതു തീ വീഴ്ചയിൽ നിന്നാണ്. കോടാനുകോടി വർ‌ഷങ്ങൾക്കു മുൻപു വന്നു വീണ ഉൽക്കകൾ‌ വഴിയാണു ഭൂമിയുടെ ബാഹ്യപാളിയിൽ സ്വർണം വന്നതെന്നു ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. മെൽബൺ സ്കൂള്‍ ഒഫ് എർത് സയൻസ് തയാറാക്കിയതായിരുന്നു ആ റിപ്പോര്‍ട്ട്.

ഭൂമിയിലേക്ക് ഇങ്ങനെ ‘ഇടിച്ചു’ വീണതു കൊണ്ടാകാം സ്വർണത്തിനു വേണ്ടിയുള്ള ഇടിയും അടിയും പ്രാചീനകാ ലം തൊട്ടേ തുടങ്ങിയത്. സിനിമയിലും സീരിയലിലും മരുമകൾ അമ്മായിയമ്മ പോരിന്റെ കേന്ദ്രമായി സ്വർണം മാറിയതൊക്കെ എത്രയോ ചെറുത്. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്കു വരെ സ്വർണം ‘കാരണഭൂത’മായിട്ടുണ്ട്.

എവിെടയും ഒന്നാം സ്ഥാനത്താണു സ്വര്‍ണം. ഒളിംപിക്സ് ആയാലും നാട്ടിലെ സ്കൂള്‍ മീറ്റ് ആയാലും ഒന്നാമതെത്തുന്നവര്‍ക്കു െകാടുക്കുന്നതു ഗോള്‍ഡ് മെഡൽ. ഇതിലും വിലയേറിയ ലോഹം വേറെയില്ലാഞ്ഞിട്ടല്ല. പക്ഷേ, അന്നും ഇന്നും അങ്ങനെയാണു കാര്യങ്ങള്‍. ഒാള്‍ഡ് ഈ സ് ഗോള്‍ഡ്.

തീയിലുരുക്കിയ കഥകള്‍

ചരിത്രവും ഭൂമിശാസ്ത്രവും അവിടെ നിൽക്കട്ടെ. ഈ നിൽക്കുന്ന സദാനന്ദനു കുറെ പൊന്നുകഥകൾ പറയാനുണ്ട്. വടകരയിലെ സദാനന്ദേട്ടൻ സ്വർണത്തെ തൊട്ടുതലോടി ആഭരണങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി.

‘‘പതിമൂന്നാമത്തെ വയസിലാണു സ്വർണപ്പണി പഠിക്കാൻ പോയത്. ഗുരുവിന്റെ പേരു ഗംഗാധരൻ. അദ്ദേഹത്തിന്റെ അടുത്തു താമസിച്ച് ഏഴു വർഷം കൊണ്ടാണു പഠിച്ചത്. ഇന്നത്തെ പോലെ സ്വർണപ്പണി അത്ര എളുപ്പമല്ല. അന്ന് ആഭരണങ്ങൾ ഉണ്ടാക്കിയിരുന്നതു കൈകൾ കൊണ്ടാണ്. നല്ല ക്ഷമയും ശ്രദ്ധയും വേണ്ട ജോലിയാണിത്. ഒരു തരി സ്വർണം പോലും പാഴായി പോകരുതല്ലോ. പലപ്പോഴും ആവശ്യക്കാരന്റെ വീട്ടിൽ പോയിരുന്നാണ് ആഭരണങ്ങളുണ്ടാക്കിയിരുന്നത്. കല്യാണമൊക്കെ ആണെങ്കി ൽ മാസങ്ങൾ അവിടെ തന്നെ. പഴയ ആഭരണങ്ങൾ ഉരുക്കി പുതിയത് ഉണ്ടാക്കും.

െനരിപ്പോടും ഉമിയും ചിരട്ടക്കരിയുമൊക്കെയാണു പ്രധനമായി േവണ്ടത്. നെരിപ്പോടിനു മുന്നില്‍ തട്ടാൻ ചമ്രം പടഞ്ഞിരിക്കും. ഇപ്പോള്‍ അതെല്ലാം മാറി. പല തരം മെഷീനുകൾ വന്നു. നെരിപ്പോടിനു പകരം ഗ്യാസായി. കസേരയിൽ ഇരുന്നു ജോലി ചെയ്യാം. ഒരാഴ്ച കൊണ്ട് ഉണ്ടാക്കിയിരുന്ന ആഭരണങ്ങൾ‌ രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കാം. അന്നു മുട്ടി കൊണ്ടടിച്ചു സ്വർണം പരത്തിയെടുക്കാൻ‌ മ ണിക്കൂറുകൾ വേണം. ഇപ്പോള്‍ മിനിറ്റുകൾ മതി.

ജോലി എളുപ്പമായെങ്കിലും ആഭരണത്തിന്റെ ആയുസ് കുറഞ്ഞു എന്നു തോന്നാറുണ്ട്. പത്തും പതിനഞ്ചും വർഷം ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാമായിരുന്ന പല ആഭരണങ്ങളും ഒടിഞ്ഞും കൊളുത്തുവിട്ടുമൊക്കെ പലരും കൊണ്ടു വരും.

അരിക്കെട്ട്, കൊമ്പൻ, ഇരട്ടമണിക്കാതില... ഒക്കെ അ ന്നത്തെ ഹിറ്റ് കമ്മലുകളായിരുന്നു. പതക്കം, കാശുമാല, മുല്ലമൊട്ടു മാല, ഇതെല്ലാം പേരെടുത്ത മാല ഡിസൈനുകളും. മൂന്നു പവന്റെ കാശുമാലയൊക്കെ അണിഞ്ഞു കഴിഞ്ഞാൽ‌ കാണാന്‍ നല്ല ഭംഗിയാണ്. അതുപോലെ ഗോപി ചെയ്ൻ ഒക്കെ പൊലിമ കുറവാണെങ്കിലും വർഷങ്ങളോളം ഒരു കേടും ആവാതെ നിൽക്കും. ഇതൊക്കെ പതിറ്റാണ്ടുകൾ നിന്ന ഡിസൈനുകളാണ്. ഇന്നങ്ങനെയല്ല, ആഴ്ചതോറും ഡിൈസൻ മാറും.

പണ്ടൊക്കെ വല്യമ്മമാരുടെ പ്രിയപ്പെട്ട ആഭരണമായിരുന്നു അരക്കു നിറച്ച കമ്മൽ. കാതൊക്കെ തൂങ്ങും. വലിയ കമ്മൽ വേണ്ടിവരും. അതിനുള്ള പണവും ഉണ്ടാവില്ല. അപ്പോഴാണ് ഈ കമ്മല്‍ ഉണ്ടാക്കുന്നത്. ഉള്ളു പൊള്ളയായിരിക്കും. അതിൽ അരക്കു നിറയ്ക്കും. അരപ്പവന്‍ പോലും വേണ്ട. പക്ഷേ കാണാൻ പൊലിമയുണ്ടാകും.’’ സദാനന്ദന്റെ സ്വർണ വിശേഷങ്ങൾ നിരത്തുന്നു.

ഒരു കാലത്തു കേരളത്തിലെ സ്വർണത്തെരുവായിരുന്നു കോഴിക്കോട്ടെ കൊടുവള്ളി. മദ്യപാനികൾക്കു മാഹികണ്ടാൽ മനം ഇടറുന്നതു പോലെ നിരന്നിരിക്കുന്ന ജുവലറികൾ കണ്ട് ഒരുപാടു പേരുടെ മോഹം ചങ്ങല പൊട്ടിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു കിലോമീറ്റർ ചുറ്റളവിൽ‌ നൂറ്റി ഇരുതോളം ജുവലറികളാണു പണ്ടു െകാടുവള്ളിയിലുണ്ടായിരുന്നത്. ഇന്ന് എഴുപത്തിയഞ്ചിന് അടുത്തേയുള്ളൂ. അരനൂറ്റാണ്ടു കാലത്തെ ഒാർമത്തരി പെറുക്കുകയാണു കൊടുവള്ളിയില്‍ ആഭരണ തൊഴിലാളിയായിരുന്ന ശ്രീധരേട്ടൻ.

‘‘നമ്മുെട നാട്ടില്‍ എവിടെയും പൊന്ന് എന്നു പറഞ്ഞാല്‍ സ്ത്രീകൾക്ക് ഒരു വലിയ സംഭവം തന്നെയാണ്. പുതിയ കാലത്തെ കുട്ടികൾ സമ്മതിച്ചു തരില്ല. ഇത്ര പവൻ കിട്ടിയാലേ കല്യാണം നടക്കൂ എന്നൊക്കെയുണ്ടായിരുന്നു. ഇന്നങ്ങനെ ഏതെങ്കിലും ചെക്കൻ വിചാരിച്ചാൽ ഒാൻ പെണ്ണുകെട്ടാതെ ജീവിച്ചാൽ മതി എന്നായി. എന്നാലും പൊന്നിനോടുള്ള കമ്പം മായില്ല.

പണ്ടു കൊടുവള്ളി പരമ്പരാഗത രീതിയിൽ ആഭരണങ്ങൾ‌ നിർമിക്കുന്ന സ്ഥലം ആയിരുന്നു. സ്വർണപണിക്കാർക്കും ഉരുപ്പടികൾക്കും വലിയ ഡിമാന്റും. ജിമിക്കി പോലുള്ള അന്തോടി കാതില, ചവിടി, പത്തു പന്ത്രണ്ടുവള സ്ക്രൂ ഇട്ട് ഒന്നിപ്പിച്ച അരക്കിട്ട വള ഇതിനൊക്കെ കൊടുവള്ളി ഫെയ്മസ് ആയിരുന്നു. നാദാപുരത്തു നിന്നു വരെ ആൾക്കാർ വാങ്ങാൻ വരും.

ജ്വല്ലറി പൂട്ടി മുതലാളി പോയാൽ കടയ്ക്കു മുന്നിലെ മണ്ണ് അടിച്ചു വാരിയെടുത്തു കൊണ്ടുപോകാന്‍ തമിഴ് കുടുംബങ്ങള്‍ വരും. മണ്ണ് അരിച്ചരിച്ചെടുത്തു സ്വർണത്തരികള്‍ കണ്ടെത്തും. അതു വിറ്റു കിട്ടുന്നതാണ് അവരുെട വരുമാനം. ഇന്നതൊക്കെ പോയി. മറ്റു വഴികൾ‌ ഇല്ലാത്തതു കൊണ്ടാണു പലരും ഈ ബിസിനസില്‍ തുടരുന്നത്. െമഷിനുകള്‍ വന്നതോടെ സ്വര്‍ണപ്പണിക്കാരുെട ഡിമാൻഡ് കുറഞ്ഞു. പണ്ടു താലിമാല ആറു പവനു മുകളിലേക്കായിരുന്നു. ഇന്നതു രണ്ടു പവന്റെ താഴേക്കാണ്. കനം കുറഞ്ഞ് ഇനി കുറയാനില്ലെന്ന മട്ട്.’’ ശ്രീധരേട്ടന്റെ ഒാർമച്ചിരി.

സിനിമയിലെ പൊൻതരികൾ

1310091388

അലമാരകളിലെ പൊന്നിനു മാത്രമല്ല സിനിമയിലെ സ്വർണത്തിനും ആരാധകർ ഏറെ. വിവാഹവും ആഭരണങ്ങളും സ്ത്രീധനവും മാലയും താലിയും താലികെട്ടും ഒക്കെ കലര്‍ത്തി കണ്ണീരും പൊട്ടിച്ചിരിയുമായി എത്രയോ സിനിമകൾ മലയാളത്തിലിറങ്ങി. പക്ഷേ, ഇന്നും തട്ടാൻ ഭാസ്കരനു പത്തരമാറ്റാണ്. പൊൻമുട്ടയിടുന്ന താറാവും തട്ടാൻ ഭാസ്കരനും സ്നേഹലതയും പശുപോയ പാപ്പിയും വെളിച്ചപ്പാടും പവിത്രനേയുമൊന്നും സ്വർണമുള്ളിടത്തോളം മലയാളി മറക്കില്ല.

‘‘കോഴിക്കോട് നടക്കാവിൽ സ്കൂളിൽ എന്റെ സഹപാഠിയായിരുന്നു ഭാസ്കരൻ. ക്ലാസിലെ ഹീറോ ആയിരുന്നു.’’ സ്വര്‍ണത്തിന്‍റെ ഉള്ളുകള്ളികളും കുടുംബബന്ധങ്ങളും വിളക്കിച്ചേര്‍ത്ത ‘പൊൻമുട്ടയിടുന്ന താറാവി’ന്റെ തിരക്കഥാകൃത്ത് രഘുനാഥ് പാലേരി പറയുന്നു.

‘‘ആരെങ്കിലും പേരു ചോദിച്ചാൽ ‘തട്ടാൻ ഭാസ്കരൻ എ ന്നേ പറയൂ. കക്ഷി ചില ദിവസങ്ങളിൽ പിങ്ക് പേപ്പറിൽ മാലയും കമ്മലുമൊക്കെ പൊതിഞ്ഞു കൊണ്ടുവരും. എല്ലാ സുഹൃത്തുക്കളെയും പകിട്ടു കാണിക്കും. ഭാസ്കരന്റെ വീട്ടിൽ സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്നും രാത്രി അതെടുത്ത് ആഭരണമാക്കും എന്നൊക്കെയായിരുന്നു, ഞങ്ങളുെട വിശ്വാസം.

ഒരു ദിവസം അവൻ കൊണ്ടു വന്ന കമ്മൽ‌ ക്ലാസ്സിലെ ഒരു കുട്ടി വാങ്ങി. പിറ്റേന്നു തിരികെ കൊടുക്കാം എന്നായിരുന്നു ധാരണ. പക്ഷേ, ആ കുട്ടി വാക്ക് പാലിച്ചില്ല.

കമ്മല്‍ കാണാ‍ഞ്ഞ് അച്ഛൻ നടത്തിയ അന്വേഷണത്തിൽ ഭാസ്കരന് എല്ലാം തുറന്നു പറയേണ്ടി വന്നു. അ ച്ഛൻ‌ സ്കൂളിലെത്തി. ഞങ്ങളെല്ലാവരും കാൺകെ സ്കൂളിൽ വച്ചു ഭാസ്കരനെ തല്ലി. അതിനു ശേഷം ഭാസ്കരൻ സ്കൂളിൽ സ്വർണം കൊണ്ടുവന്നില്ല. മനസ്സിന്റെ ഉലയിൽ കിടന്ന് ഈ സംഭവം ‘പൊന്‍മുട്ടയിടുന്ന താറാവാ’യി.

ന്യൂജെൻ ഗോൾഡ്

സ്വർണത്തിന്റെ തിളക്കം മങ്ങില്ലെങ്കിലും ആരാധന കുറയുന്നില്ലെങ്കിലും ആഭരണത്തിന്റെ ഡിസൈനിൽ വലിയ മാറ്റങ്ങളാണ്. ‘ലക്ഷ്വറി മിനിമലിസം’ ആണ് ടീനേജ് കുട്ടികൾ പിന്തുടരുന്നതെന്നു പ്രഷ്യസ് ഗ്രാംസ് ഫൗണ്ടറും ഡിസൈനറുമായ അന്നു തോമസ് വാലി.

‘‘ഇന്നു ഫൈൻ ജുവലറിയും ബ്രൈഡൽ‌ ജുവലറിയുമുണ്ട്. വൈറ്റ് ഗോൾഡും പിങ്ക് ഗോൾഡും എല്ലാം ഫൈൻ ജ്വല്ലറിയിലാണ് വരുന്നത്. രണ്ടോ മൂന്നോ ഗ്രാം സ്വർണം കൊണ്ടുള്ള ഡിസൈനുകളാണ് അവ. വിവാഹത്തിനെടുക്കുന്ന ആഭരണങ്ങളിൽ തന്നെ ചിലർക്കു വലിച്ചുവാരി അണിയാന്‍ താൽപര്യമില്ല. ലക്ഷ്വറിയസ് ആയിരിക്കണം എന്നാൽ മിനിമലായിരിക്കണം എന്നാണ് ആഗ്രഹം.’’

സ്വര്‍ണാഭരണങ്ങളോടു നമ്മുടെ അഭിനിവേശത്തിന്‍റെ തിളക്കം ഒന്നിെനാന്നു കൂടുന്നേയുള്ളൂ. അതുകൊണ്ടാണല്ലോ പഴഞ്ചൊല്ലിലും കടംകഥയിലും പാട്ടിലും സാഹിത്യത്തിലുമൊക്കെ സ്വർണം മാലയിട്ടിരിക്കുന്നത്.

1698469789

സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ? എന്നെത്ര തവണ പാടിയിരിക്കുന്നു. സ്വർണതാമരയിതളിലുറങ്ങുന്ന സ്വർണഗോപുര നർത്തകീ ശിൽപത്തെ എത്ര വര്‍ണിച്ചിരിക്കുന്നു. സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ എന്നെത്ര ആശിച്ചിരിക്കുന്നു.

ശരിയാണ്, പ്രണയമായാലും സ്വർണമായാലും സ്വപ്നമായിരിക്കുന്നതാണ് എന്നും ഭംഗി. എത്ര കിട്ടിയാലും മോഹം തീരാത്ത സ്വപ്നം.

വിജീഷ് ഗോപിനാഥ്