Saturday 17 February 2024 11:34 AM IST : By സ്വന്തം ലേഖകൻ

പുരയിടത്തിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈൻ മാറ്റാൻ എന്തു ചെയ്യണം, പുതിയ കണക്ഷൻ നടപടികൾ എന്തൊക്കെ

kseb

പുതിയ വീടു നിർമിക്കുകയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി പുരയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റേണ്ടി വരുന്നവർ നിരവധിയാണ്. കെഎസ്ഇബിയുടെ ബന്ധപ്പെട്ട സെക്‌ഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നൽകേണ്ടത്.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ആപ്ലിക്കേഷൻ ഫീസ്, പ്രൊസസിങ് ഫീസ് എന്നിവയും അടയ്ക്കണം, ലോടെൻഷൻ ലൈൻ മാറ്റുന്നതിന് അപേക്ഷാ ഫീസും പ്രൊസസിങ് ഫീസുമായി 354 രൂപയും ഹൈ ടെൻഷൻ ലൈൻ മാറ്റുന്നതിന് 1,180 രൂപയുമാണ് അടയ്ക്കേണ്ടത്.

അപേക്ഷ നൽകി തുക അടച്ചു കഴിയുമ്പോൾ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ലൈൻ മാറ്റുന്നതിന് വേണ്ടിവരുന്ന ചെലവിന്റെ ‘എസ്റ്റിമേറ്റ്’ നിശ്ചയിക്കും. ഈ തുക അപേക്ഷ നൽകിയ ആളെ അറിയിക്കും. എസ്റ്റിമേറ്റ് തുക അടച്ചു കഴിഞ്ഞാൽ വൈദ്യുത ലൈൻ മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.
എത്ര ദൂരത്തിൽ ലൈൻ മാറ്റേണ്ടിവരും. പുതിയതായി പോസ്റ്റുകൾ സ്ഥാപിക്കേണ്ടിവരുമോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് എസ്റ്റിമേറ്റ് തുക നിശ്ചയിക്കുന്നത്. ലൈൻ മാറ്റാൻ സാങ്കേതികമായ തടസ്സങ്ങളുണ്ടെങ്കിൽ ഇക്കാര്യം അപേക്ഷകനെ അറിയിക്കും.

ഹൈടെൻഷൻ ലൈൻ കടന്നു പോകുന്ന സ്ഥലത്ത് വീടു പണിയാൻ നിബന്ധനകൾക്കു വിധേയമായി അനുമതി നൽകാറുണ്ട്. ലൈനിന്റെ ഏറ്റവും താഴെയുള്ള ഭാഗവും വീടിന്റെ മുകൾഭാഗവും തമ്മിൽ നിശ്ചിത അകലം (വെർട്ടിക്കൽ ക്ലിയറൻസ്) ഉണ്ടാകണം.

പുതിയ കണക്‌ഷൻ എടുക്കാൻ വീടിന്റെ 35 മീറ്ററിനുള്ളിൽ വൈദ്യുത പോസ്റ്റ് ഉണ്ടെങ്കിൽ അതിൽ നിന്ന് ലൈൻ‍ വലിക്കാം. അല്ലെങ്കിൽ ആവശ്യമുള്ളത്ര പോസ്റ്റുകൾ പുതിയതായി ഇടേണ്ടിവരും. കണക്‌ഷൻ വേണ്ട ആൾ തന്നെ ഇതിനുള്ള ചെലവ് വഹിക്കണം.

പൊതുവഴിയിലൂടെ പോസ്റ്റിട്ട് ലൈൻ കൊണ്ടുപോകാൻ അനുമതി ആവശ്യമില്ല. എന്നാൽ, മറ്റൊരാളുടെ പുരയിടത്തിലൂടെ ലൈൻ വലിക്കാൻ അയാളുടെ സമ്മതപത്രം വേണം. അയൽവാസി സമ്മതം നൽകുന്നില്ല എങ്കിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മുഖേന അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് പരാതി നൽകാം. എഡിഎം രണ്ടുകൂട്ടരുടെയും വാദം കേട്ട ശേഷം വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ പ്രശ്നത്തിന് തീർപ്പ് കൽപിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

വിവരങ്ങൾക്കു കടപ്പാട്:

എസ്. ബാബുജാൻ, എക്സിക്യുട്ടീവ് എൻജിനീയർ,
കെഎസ്ഇബി ലിമിറ്റഡ്, പാലാ