Thursday 29 February 2024 01:13 PM IST : By സ്വന്തം ലേഖകൻ

15 വർഷമായി നൃത്തം പഠിപ്പിക്കുന്നത് അമ്മ: കലോത്സവ വേദിയിൽ അമ്മയുടെ ശിക്ഷണത്തിന്റെ പിൻബലത്തില്‍ നിറഞ്ഞാടി മകൾ

harsha-with-he-family

അമ്മയുടെ ശിക്ഷണത്തിന്റെ പിൻബലത്തിലാണു ഹർഷ എസ്. നായർ നൃത്ത വേദികളിൽ നിറഞ്ഞാടുന്നത്. 4 നൃത്ത ഇനങ്ങൾക്കൊപ്പം ഓട്ടൻതുള്ളലിലും ഹർഷ മത്സരിക്കുന്നുണ്ട്. ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡോടെ ജയം സ്വന്തമാക്കി. നാടോടിനൃത്തത്തിന്റെ ഫലം വരാനുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന ഓട്ടൻതുള്ളലിൽ നാളെയാണു മത്സരം. 

നൃത്താധ്യാപിക കൂടിയായ അമ്മ സ്മിത കൃഷ്ണന്റെ ശിക്ഷണത്തിൽ 15 വർഷമായി നൃത്തം പഠിക്കുന്നു. എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ എംസിഎ വിദ്യാർഥിനിയാണു ഹർഷ. കോട്ടയം തിരുവഞ്ചൂരിലാണു വീട്. നിയമ വിദ്യാർഥിനിയായ സഹോദരി ഹരിത എസ്.നായർ കേരള സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അച്ഛൻ ഹരികൃഷ്ണൻ എംആർഎഫിൽ ജീവനക്കാരനാണ്.

Tags:
  • Spotlight