Monday 29 January 2024 11:59 AM IST : By സ്വന്തം ലേഖകൻ

പതിനായിരം രൂപ കൈക്കൂലി വാങ്ങി ചാക്കിനുള്ളില്‍ ഒളിപ്പിച്ചു; രാമനാട്ടുകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

bribe.jpg.image.845.440

പതിനായിരം രൂപ കൈക്കൂലി വാങ്ങി ചാക്കില്‍ ഒളിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോഴിക്കോട് രാമനാട്ടുകര സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീലാണ് കുടുങ്ങിയത്. ഫറോക്കിലെ വാഹന പുകപരിശോധന കേന്ദ്രത്തിന്റെ ഉടമ നല്‍കിയ പരാതിയിലാണ് നടപടി.

പലരില്‍ നിന്നായി വന്‍ തുക പലപ്പോഴായി കൈക്കൂലി വാങ്ങിയിട്ടുള്ള എംവിഐ അബ്ദുല്‍ ജലീല്‍ ഇക്കുറി പതിനായിരം രൂപയില്‍ കുടുങ്ങി. പരാതിക്കാരന്റെ സ്ഥാപനത്തിന്റെ ഐഡി അബ്ദുല്‍ ജലീല്‍ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കുന്നതിനായിരുന്നു പതിനായിരം രൂപ കൈക്കൂലി ചോദിച്ചത്. പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നോട്ടുകളില്‍ ഫിനോഫ്തലിന്‍ പുരട്ടി പണം കൊടുക്കാന്‍ പറഞ്ഞു. 

വീട്ടില്‍ വച്ച് പണം കൈപ്പറ്റിയ എംവിഐ അപ്പോള്‍ തന്നെ ചാക്കിനുള്ളിലേക്ക് പൂഴ്ത്തി. തൊട്ടുപിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയതില്‍ ചാക്കിനുള്ളില്‍ നിന്ന് പണം കണ്ടെത്തി. വീട് അരിച്ചുപെറുക്കിയെങ്കിലും കൂടുതല്‍ തുക കിട്ടിയില്ല. തൊടുപുഴ കാഞ്ഞാര്‍ സ്വദേശിയാണ് പിടിയിലായ അബ്ദുല്‍ ജലീല്‍. സമാന പരാതികള്‍ വേറെയും എംവിഐക്കെതിരെ ലഭിച്ചിരുന്നുവെന്നും ഒരു മാസത്തോളമായി ‌പിടികൂടാന്‍ അവസരം കാത്തുനില്‍ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

Tags:
  • Spotlight