Tuesday 26 December 2023 10:55 AM IST : By സ്വന്തം ലേഖകൻ

നേരിട്ടറിയാത്തവർ പോലും ആ വിയോഗത്തിൽ കണ്ണീരണിഞ്ഞു: ഇനി വിളിപ്പുറത്ത് അസറു ഇല്ല

asaru

ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലാത്തവരുടെയും കണ്ണുകളെ ഈറനണിയിച്ചാണ് എല്ലാവരുടെയും പ്രിയപ്പെട്ട അസറു എന്ന അസ്ഹറുദീൻ പാലോട് (24) കടന്നു പോയത്. അസറുവിന്റെ മൊബൈൽ നമ്പർ ഡൽഹി മലയാളികൾക്ക് ഏതു സഹായത്തിനുമുള്ള ഹെൽപ് ലൈനായിരുന്നു. പരിചയപ്പെടുന്നവരുടെയെല്ലാം ഉറ്റ തോഴനായി മാറുന്ന അസ്ഹറുദീന്റെ  മരണവാർത്ത ഞെട്ടലോടെയാണു  മലയാളി സമൂഹം കേട്ടത്. 

പനി കൂടിയതോടെ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ വെന്റിലേറ്റർ സൗകര്യത്തിനായി ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റി. മൂന്നു ദിവസം അത്യാഹിത വിഭാഗത്തിലായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു.  

ഡൽഹിയിലെ വിവിധ സർവകലാശാലകളിലെ മലയാളി വിദ്യാർഥികൾക്ക് പഠനത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും വിളിപ്പുറത്ത് അസ്ഹറുദീൻ ഓടിയെത്തി. നാട്ടിൽ നിന്ന് ആദ്യമായി ഡൽഹിയിലെത്തുന്ന കുട്ടികളുടെ ഹോസ്റ്റൽ, താമസ സൗകര്യങ്ങളും സ്കോളർഷിപ് ആവശ്യങ്ങളും ഓടി നടന്നു ശരിയാക്കും. പരിചയക്കാർ ഔദ്യോഗിക കാര്യങ്ങൾക്കും അല്ലാതെയും ആദ്യമായി ‍ഡൽഹി സന്ദർശിക്കുമ്പോൾ നാട്ടിലുള്ള പലരും അസ്ഹറുദീന്റെ മൊബൈൽ നമ്പറാണ് കരുതലായി കൊടുത്തു വിട്ടിരുന്നത്. 

നേരിട്ടു പരിചയമില്ലാത്ത മലയാളികളുടെയും അത്യാഹിതങ്ങളിലും ആവശ്യങ്ങളിലും സഹായഹസ്തവുമായി അസ്ഹറുദീൻ ഓടിയെത്തി. കോവിഡ് കാലത്ത് ആശുപത്രികളിൽ പാവപ്പെട്ടവർക്കു ഭക്ഷണം നൽകി. തണുപ്പുകാലത്തു കമ്പിളി വിതരണത്തിനു മുൻനിരയിൽ നിന്നു. ആരെങ്കിലും മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾക്കും സഹായിയായിരുന്നു. 

സമൂഹമാധ്യമങ്ങളിൽ ദുഃഖം പങ്കിട്ടവരിലേറെയും ഡൽഹിയിൽ എത്തിയാൽ ഹൃദയം തുറന്നു സ്വീകരിക്കാൻ ഇനി അസറു ഉണ്ടാവില്ല എന്നാണു കുറിച്ചത്. ആശുപത്രിയിൽ ആണെന്നറിഞ്ഞതു മുതൽ ഇന്നലെ വൈകിട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതു വരെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി.

ഡൽഹി ജാമിയ മിലിയയിൽ കംപാരറ്റീവ് റിലിജിയൻസിൽ രണ്ടാമത്തെ എംഎ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. കോൺഫ്ലിക്ട് അനാലിസിസ് ആൻഡ് പീസ് ബിൽഡിങ്ങിൽ ജാമിയയിൽ നിന്നു തന്നെയാണ് ആദ്യത്തെ എംഎയും പാസായത്. ഡൽഹി കെഎംസിസി സെക്രട്ടറിയും എംഎസ്എഫ് ഡൽഹി ട്രഷററും നാഷനൽ എസ്കെഎസ്എസ്എഫ് എക്സിക്യുട്ടിവ് അംഗവുമായിരുന്നു. പാലക്കാട് തച്ചനാട്ടുകര പാലോട് സ്വദേശിയാണ്.