Saturday 03 February 2024 10:51 AM IST : By സ്വന്തം ലേഖകൻ

സ്റ്റേഷനിൽ 12 വർഷം ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പിയ ശാരദാമ്മ... വീടൊരുക്കി പൊലീസിന്റെ മഹാനന്മ

saradamma ഉളിക്കൽ പൊലീസ് സ്റ്റേഷനിലെ മെസിൽ 12 വർഷമായി ജോലി ചെയ്യുന്ന ശാരദാമ്മയ്ക്കു പൊലീസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം കണ്ണൂർ റൂറൽ അഡീഷനൽ എസ്പി ടി.പി.രഞ്ജിത്ത് നിർവഹിക്കുന്നു.

രാവിലെ മുതൽ രാത്രി വരെ പൊലീസ് സ്റ്റേഷന്റെ അടുക്കളയിൽ പാചകപ്പണികളിലായിരിക്കും ശാരദാമ്മ. 12 വർഷം ഈ എഴുപതുകാരി പൊലീസുകാർക്ക് നല്ല ഭക്ഷണം വിളമ്പി. വൈകിട്ടു ജോലി അവസാനിക്കുന്നതു വരെ സ്റ്റേഷന്റെ തണലിൽ സുരക്ഷിതയായിരുന്നു ശാരദാമ്മ. എന്നാൽ ദിവസം അവസാനിക്കുന്നത് അന്തിയുറങ്ങാൻ വാടക വീടെന്ന സുരക്ഷിതത്വമില്ലായ്മയിലേക്ക്.

പകൽ ലഭിക്കുന്ന സുരക്ഷ രാത്രി കൂടി വേണമെന്നും അന്തിയുറങ്ങാൻ വീടു വേണമെന്ന ചിന്ത ശാരദാമ്മയെക്കാൾ അലട്ടിയതും പൊലീസുകാരെയായിരുന്നു.മൂന്നു നേരം ഭക്ഷണത്തിനൊപ്പം സ്നേഹവും വിളമ്പിയതിന്റെ നന്ദി പൊലീസുകാർക്കുമുണ്ടായിരുന്നു. ശാരദാമ്മയെ സുരക്ഷിതയാക്കാനും വീടെന്ന സ്വപ്നത്തിലേക്ക് അവരെ എത്തിക്കാനും പൊലീസുകാർ ആഞ്ഞു ശ്രമിച്ചു.  സ്റ്റേഷനിൽ ഇടയ്ക്കിടെ സ്ഥലം മാറിയും വന്നു പോയുമിരുന്ന പൊലീസുകാർ ചേർന്നു ആദ്യം ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി. വാട്സാപ് ഗ്രൂപ്പിലെ ചർച്ചയിൽ വീട് വയ്ക്കാനുള്ള സ്ഥലം മുതൽ വീടും അടുക്കളയിലെ പാത്രങ്ങളും വരെ നിറഞ്ഞു.

സ്റ്റേഷൻ എച്ച്ഒ ആയിരുന്ന സുധീർ കല്ലൻ മുൻകൈ എടുത്തതോടെ കാര്യങ്ങൾ വേഗത്തിലായി. എണ്ണബ്രയിൽ ജയിംസ് എന്നയാൾ 3 സെന്റ് സ്ഥലം സൗജന്യമായി നൽകി. ജനമൈത്രി പൊലീസും സ്ഥലം മാറി പോയവരും പുതുതായി എത്തിയവരുമെല്ലാം ചേർന്ന് 650 സ്ക്വയർ ഫീറ്റുള്ള വീട് നിർമിച്ചു. വീടിന്റെ പാലുകാച്ചലിനു കണ്ണൂർ റൂറൽ അഡിഷനൽ എസ്പി ടി.പി.രഞ്ജിത്ത് നേതൃത്വം നൽകി. എസ്എച്ച്ഒ സി.ആർ.അനിൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, എസ്ഐ കെ.കെ.ശശിധരൻ, പി.സതീശൻ, എഎസ്ഐ സി.വി.ഗംഗാധരൻ, കെ.രജിത്ത്, കെ.പി.സി.പ്രിയേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ശാരദാമ്മ പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.