Tuesday 20 February 2024 03:10 PM IST : By സ്വന്തം ലേഖകൻ

‘നീ ഈ വിവാഹം ചെയ്താൽ നിന്റെ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല’: അന്യമതസ്ഥനുമായുള്ള പ്രണയം: അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തക

rakhy-raz-14

മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കിയ കേരള മനഃസാക്ഷിയെ നോവിക്കുകയാണ്. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. സംഭവം ഓരോ മാതാപിതാക്കളുടെ മനസിലും കനൽ കോരിയിടുമ്പോൾ മരണം കൊണ്ട് പ്രതികാരം ചെയ്യുന്നത് എന്തിനെന്ന ചോദ്യം മുന്നോട്ടു വയ്ക്കുകയാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ രാഖി റാസ്.

കൊല്ലത്ത മാതാപിതാക്കളുടെ മരണവാർത്ത പൊള്ളുന്ന ചില ജീവിത സന്ദർഭങ്ങളിലൂടെ തന്നെ കടത്തിവിടുകയാണ് എന്ന ആമുഖത്തോടെയാണ് രാഖി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുന്നത്. അന്യമതസ്ഥനായ ഒരാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കേണ്ടി വന്ന ഘട്ടത്തിൽ അനുഭവിച്ച മാനസിക വ്യഥകളുടെയും സമ്മർദ്ദങ്ങളുടെയും അനുഭവങ്ങളാണ് രാഖി പങ്കുവയ്ക്കുന്നത്.

ഒന്നുകിൽ സമ്മതത്തോടെ വിവാഹം, അല്ലെങ്കിൽ അവിവാഹിത ജീവിതം എന്നുറപ്പിച്ചിരുന്നു. പക്ഷേ അതിനിടയിലും നേരിടേണ്ടി വന്ന ആത്മഹത്യ ഭീഷണി ഉൾപ്പെടെയുള്ള പ്രതിസന്ധികള്‍ തന്നെ വേദിനിപ്പിച്ചുവെന്ന് രാഖി പറയുന്നു. പ്രേമത്തിന് മരണം കൊണ്ട് പ്രതികാരം ചെയ്യാൻ എന്തിനാണ് ആളുകൾ മനുഷ്യരെ പ്രേരിപ്പിക്കുന്നത്? എന്ന ചോദ്യം ബാക്കിവച്ചാണ് രാഖി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഈ വാർത്ത പൊള്ളുന്ന ചില ജീവിത സന്ദർഭങ്ങളിലൂടെ എന്നെ വീണ്ടും കടത്തി വിടുകയാണ് ...

വിവാഹലോചനകൾ ശക്തമാക്കുകയും ഞാനെന്റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത നാൾ. അന്യമതസ്ഥനായ ഒരാളെ ഞാൻ വിവാഹം കഴിക്കുന്നത് സഹിക്കാൻ അച്ഛനും അമ്മയും പാകപ്പെട്ടിരുന്നില്ല... 'നീ അവന്റെ കൂടെ ഇറങ്ങി പൊയ്ക്കോളൂ...' എന്ന വാക്കുകൾ അനുസരിക്കാൻ ഞാനും ഒരുക്കമല്ലായിരുന്നു...

പ്രേമവും വാത്സല്യവും തൂക്കി നോക്കി ഏതെങ്കിലുമൊരു സ്നേഹത്തിന് മുൻ‌തൂക്കം നൽകാൻ, ആ പരീക്ഷയിൽ ഒരിടത്തേക്കും നീങ്ങി നിൽക്കാൻ കഴിയാതെ ഞാൻ രണ്ടായി പിളർന്നു ചോര ഒഴുക്കി നിന്നു..

എന്റെ അമ്മയുടെ അഞ്ചു സഹോദരങ്ങൾ സമ്മതിച്ചാൽ ' ഞാൻ വിവാഹം നടത്തി തരാം' എന്ന് അച്ഛൻ പ്രഖ്യാപിച്ചു. ഞാൻ തിരുവനന്തപുരത്തെ എന്റെ വലിയമ്മാവന് കത്തെഴുതി. അടുത്തുള്ള അമ്മാവന്മാരെ പോയി കണ്ടു സംസാരിച്ചു.. ആരും അനുകൂലിച്ചില്ല.. ശക്തിയുക്തം എതിർത്തു... വഴക്ക് പറഞ്ഞു... ഉപദേശിച്ചു... എതിർപ്പ് എത്ര ഭീതിദം ആയാലും ഞാൻ ഇറങ്ങി പോകില്ല എന്ന് നിശ്ചയിച്ചിരുന്നു.. ഒന്നുകിൽ സമ്മതത്തോടെ വിവാഹം, അല്ലെങ്കിൽ അവിവാഹിത ജീവിതം എന്നുറപ്പിച്ചിരുന്നു.

വലിയ മാനസികാഘാതങ്ങളുടെ നാളുകൾ നീണ്ടു നീണ്ടു പോയി... എന്നെ ഉപദേശിച്ചു നേരെയാക്കാനുള്ള ദൗത്യം എന്റെ അമ്മാവന്റെ മകളും ഭർത്താവും ഏറ്റെടുത്തു. അവർ എന്റെ പ്രണയി റാസിയെ വിളിച്ചു പിന്മാറാൻ ഉപദേശിച്ചെങ്കിലും റാസി അതിനു തയ്യാറായില്ല.

അടുത്ത പടിയായി അച്ഛൻ എന്നെയും കൊണ്ട് തിരുവനന്തപുരത്തേക്ക്...

അവിടെ വച്ചു അവർ എന്നെ പിന്തിരിപ്പിക്കാൻ പറയാവുന്നതെല്ലാം പറഞ്ഞു നോക്കി.. ഞാൻ എന്റെ ഭാഗം പറയുകയും കരയുകയും കെഞ്ചുകയും ചെയ്തുകൊണ്ടിരുന്നു...

ഹൃദയം വാദപ്രതിവാദങ്ങളിൽ കരിമ്പിൻ ചണ്ടി പോലെ ആയി തീർന്നു.

ഞാൻ ഭാവി തലമുറയ്ക്ക് ഒരു മോശം മാതൃക ആകും എന്നതായിരുന്നു അവരുടെ ആധിക്കും പിന്തിരിപ്പിക്കൽ ശ്രമത്തിനും ആക്കം കൂട്ടിയത് എന്നു തോന്നുന്നു..

ദൗത്യത്തിൽ ജയിക്കണം എന്ന വാശി കൊണ്ട് ഒടുവിലത്തെ ആയുധം എന്ന നിലയ്ക്ക് എന്റെ ചേച്ചിയുടെ ഭർത്താവ് ആ വജ്രായുധം എനിക്ക് നേരെ പ്രായോഗിക്കാൻ തന്നെ നിശ്ചയിച്ചു...

അദ്ദേഹം എന്നെ മാറ്റി നിർത്തി പറഞ്ഞു. ' നീ ഈ വിവാഹം ചെയ്താൽ നിന്റെ അച്ഛൻ പിന്നെ ജീവിച്ചിരിക്കില്ല.. എന്തു വേണം എന്ന് നീ തീരുമാനിക്കൂ..'

വിവാഹം കഴിക്കണോ വേണ്ടയോ എന്നല്ല... എന്റെ അച്ഛൻ ജീവിച്ചിരിക്കണോ വേണ്ടയോ എന്നാണ് ഞാൻ തീരുമാനിക്കേണ്ടത്...!

ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസിലായി..

എന്റെ വീടിനും കുടുംബത്തിനും ആരെയാണ് ആവശ്യം എന്ന് ഞാൻ ചിന്തിച്ചു. ജോലിയും കൂലിയും ഇല്ലാതെ അച്ഛനമ്മമാരുടെ സംരക്ഷണത്തിൽ നിൽക്കുകയും പ്രേമിച്ചയാളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എന്നെയോ..? അതോ അമ്മയ്ക്കും അനിയനും എനിക്കും താങ്ങായി നിൽക്കുന്ന, ബന്ധുക്കൾക്കെല്ലാം പ്രിയങ്കരനായ അച്ഛനെയോ..?

ഇനി അച്ഛൻ ഇതൊന്നും അല്ലായിരുന്നെങ്കിലും എനിക്ക് ഈ ഉത്തരമേ ഉണ്ടാകുമായിരുന്നുള്ളു..

'അച്ഛൻ'

ട്രെയിനിൽ ആണ് തിരുവനന്തപുരത്തേക്ക് വന്നത്.. ട്രെയിനിലാണ് മടക്കം.. തിരികെ പോകുന്ന വഴി ഞാൻ എന്ന അദ്ധ്യായം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കണ്ണുകൾ നിറഞ്ഞൊഴുകി വീർത്തു അടർന്നു വീഴും എന്ന നിലയായിരുന്നു...

അവസാനമായി അമ്മയോട് ഒന്ന് സംസാരിക്കണം എന്നെനിക്ക് തോന്നി... ഞാൻ ആ വീട്ടിൽ നിന്ന് അമ്മയെ വിളിച്ചു...

എന്തു പറയണം എന്ന് നിശ്ചയമില്ല...

അമ്മയുടെ ശബ്ദം കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞു..

നീ എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് അമ്മ ചോദിച്ചതും വിക്കിയും ഏങ്ങിയും ഞാനാ കാര്യം പറഞ്ഞു പോയി...

അപ്പുറത്ത് നിന്ന് സുദൃഢമായ സ്വരത്തിൽ അമ്മ പറഞ്ഞു...

"മോൾ അച്ഛനോടൊപ്പം തിരികെ വരൂ.. നിന്റെ അച്ഛൻ ആത്മഹത്യ ചെയ്യുകയില്ല. ഞാനല്ലേ പറയുന്നത്..."എന്റെ ഉള്ളിലേക്ക് ഇറങ്ങി പോകാൻ ഒരുങ്ങി നിന്ന ജീവൻ തിരികെ കയറി. പരിക്ഷീണിതയെങ്കിലും സുരക്ഷിതമായി ഞാൻ തിരിച്ചെത്തി.

അമ്മാവന്മാർ എന്നെ മനസിലാക്കി. അച്ഛനമ്മമാർ എന്നെ മനസിലാക്കി..

അവർ ഇഷ്ട വിവാഹം നടത്തി... എന്റെ കുഞ്ഞുങ്ങൾ അവരുടെ കുടക്കീഴിൽ സുരക്ഷിതരായി വളരുന്നു...

അവർ എന്റെ കുട്ടികളെ കണ്ടു സന്തോഷിക്കുന്നു...

എന്നെ ഭയപ്പെടുത്തി പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച വ്യക്തി വിജയിച്ചിരുന്നെങ്കിൽ ആർക്കായിരിക്കും നഷ്ടം എന്നോർത്തു നടുങ്ങുകയാണ് ഇന്നു ഞാൻ. അയാളുടെ വാക്കിനെ എന്റെ അമ്മ പ്രതിരോധിച്ചില്ലായിരുന്നെങ്കിൽ സ്നേഹം അന്നും ഇന്നും നിറഞ്ഞ എന്റെ കുടുംബത്തിന്റെ വിധി എന്താകുമായിരുന്നു..

പ്രേമത്തിന് മരണം കൊണ്ട് പ്രതികാരം ചെയ്യാൻ എന്തിനാണ് ആളുകൾ മനുഷ്യരെ പ്രേരിപ്പിക്കുന്നത്?

ആ മരണം കൊണ്ട് കുറേ ജീവിതങ്ങൾക്ക് താളം തെറ്റും എന്നല്ലാതെ എന്ത് അഭിമാനം ആണ് സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ ജഡത്തിന് മേൽ പുതപ്പിക്കപ്പെടുന്ന അഭിമാനം കൊണ്ട് ആർക്ക് എന്താണ് പ്രയോജനം...

അച്ഛനമ്മമാരുടെ സ്നേഹത്തിന് പകരം നൽകേണ്ട പരിതോഷികമാണോ മനുഷ്യസഹജമായ വാസനയായ ഇണയെ കണ്ടെത്തൽ?

ഇഷ്ടം പറഞ്ഞാൽ സ്വീകരിക്കപ്പെടില്ല എന്നതു കൊണ്ടു മാത്രമായിരിക്കില്ലേ മക്കൾ ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം പറയാതെ ഇറങ്ങിപോകുന്നത്?

മക്കൾ പ്രണയിക്കുന്നതിന്റെ, മുതിർന്ന ശേഷം പോലുമുള്ള മക്കളുടെ ചെയ്തികളുടെ ഉത്തരവാദിത്തം മത / ജാതി / സംസ്ക്കാര / പാരമ്പര്യ വാദി സമൂഹം പാവം അച്ഛനമ്മമാരുടെ തലയിൽ കെട്ടി വയ്ക്കുന്നതാണ് ഇത്തരം ദുരന്തങ്ങൾ സൃഷ്ടിക്കുന്നത്...

സമൂഹത്തിന്റെ അനാവശ്യ അനുശാസങ്ങളിൽ നിന്ന് ഉയരാൻ ശേഷി ഇല്ലെങ്കിലും ക്രൂരമായി ശിക്ഷിക്കാൻ ഉറപ്പായും വാർത്തയിലെ അച്ഛനമ്മമാർക്ക് കഴിഞ്ഞു. എന്തൊരു ക്രൂരതയാണ് സത്യത്തിൽ അവർ മകൾക്ക് നേരെ കാട്ടിയത്...

മക്കൾ തന്നോളം ആയാൽ താൻ എന്നു വിളിക്കാനും സ്വതന്ത്ര വ്യക്തി എന്ന നിലയിൽ പരിഗണിക്കാനും എന്നാണിനി നമ്മൾ പഠിക്കുക.

സമൂഹം അടിച്ചേല്പിക്കുന്ന ദുരഭിമാനം വിട്ടു കളഞ്ഞാൽ നിങ്ങളുടെ ചുമലിൽ നിന്നും ഇറങ്ങുന്നത് വലിയ ഭാരം ആയിരിക്കും.. ജീവിതം അതിന്റെ എല്ലാ മനോഹരിതയോടും നിങ്ങളിലൂടെ ഒഴുകും...

മറ്റുള്ള ആരുമായും ബന്ധപ്പെട്ടു നിൽക്കാത്ത ഒരു കാരണമെങ്കിലും ജീവിതത്തിന് വേണ്ടേ...

ഇത്രയും മനോഹരമായ ഭൂമിയിൽ പറ്റുവോളം ജീവിച്ചിരിക്കുക എന്നതല്ലേ ജനിച്ചു പോയ ഓരോരുത്തരും ചെയ്യേണ്ടത്... ജീവനോടെ ഒരു ദിവസം കടന്നു പോകുന്നത് പോലും ജീവിതവിജയമല്ലേ ....