Friday 10 May 2024 11:11 AM IST : By സ്വന്തം ലേഖകൻ

കേൾവി സംസാര വെല്ലുവിളി, പരിമിതികള്‍ മറന്ന് മാതാപിതാക്കൾ നൽകിയ തണല്‍; റോണ്‍ സോളമന്‍ നേടിയത് ഫുള്‍ എ പ്ലസ് വിജയം

solomon-sslc-full-a-plus.jpg.image.845.440

മാതാപിതാക്കളുടെ നിശബ്ദ പ്രചോദനത്തിന്റെ പിന്തുണയില്‍ പാവറട്ടിയിലെ റോണ്‍ സോളമന്‍ നേടിയത് ഫുള്‍ എ പ്ലസ് വിജയമാണ്. കേൾവി സംസാര വെല്ലുവിളി നേരിടുന്ന മാതാപിതാക്കളുടെ മകനായ റോണിന്റെ വിജയം ഒരു നാടിനാകെ ആഹ്ലാദത്തിലാഴ്ത്തിലിരിക്കുകയാണ്. 

പേരകം സ്വദേശികളായ സോളമനും സിബി സോളമനും അഭിമാന നിമിഷമാണിത്. കേൾവി സംസാര വെല്ലുവിളി നേരിടുന്ന ഇരുവരും അതിജീവിച്ച പ്രതിസന്ധി കാലത്തിനു മൂത്തമകൻ റോണിലൂടെ ഒരു സന്തോഷമെത്തി. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്.

ചാവക്കാട് എംആര്‍ആര്‍എം ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു റോൺ. പരിമിതികള്‍ മറന്ന് മാതാപിതാക്കൾ നൽകിയ തണലാണ് വിജയത്തിന്റെ പിന്നിലെന്ന് റോൺ എല്ലാവരുടെയും ഉറക്കെ പറയാറുണ്ട്.

അമിതമായ നിര്‍ബന്ധിക്കലില്ല, പരീക്ഷയുടെ അടുത്ത ദിനങ്ങളില്‍ മാത്രം നേരത്തെ ഉണര്‍ത്തി പഠിക്കാന്‍ ഓര്‍മപ്പെടുത്തും. അതായിരുന്നു സോളമൻറെ ശീലം. മാതാപിതാക്കളുടെ താരാട്ടുപാട്ട് കേള്‍ക്കാനോ ശാസനകള്‍ കേള്‍ക്കാനോ ഭാഗ്യമുണ്ടായില്ലെങ്കിലും അവരുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിച്ചു റോണിനും അനിയൻ റിഷോണും.

സോളമന്റേയും സിബിയുടേയും മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് മക്കളെ ശബ്ദത്തിന്റേയും ഭാഷയുടേയും ലോകത്തെ പരിചയപ്പെടുത്തിയത്. പരിമിതികളും പ്രതിസന്ധികളും മറികടന്ന് മകന്‍ മികച്ച വിജയം നേടിയപ്പോള്‍ വിജയിച്ചത് ഒരുകാലത്ത് സമൂഹം സംശയത്തോടെയും ചിലപ്പോഴെങ്കിലും പരിഹാസത്തോടെയും നോക്കികണ്ട ഇവരുടെ ദാമ്പത്യജീവിതം കൂടിയാണ്.

Tags:
  • Spotlight