Monday 06 May 2024 10:24 AM IST : By സ്വന്തം ലേഖകൻ

കണ്ണിന് കാഴ്ചയില്ല, റോസമ്മ ക്യാമറ വച്ച് കാത്തിരുന്നു; ഒടുവില്‍ ലോട്ടറി മോഷ്ടാക്കൾ കുടുങ്ങി! ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ വിട്ടയച്ചു

rosamma345

ലോട്ടറിക്കച്ചവടക്കാരിയായ റോസമ്മയ്ക്ക് കാഴ്ചയില്ല. അതായിരുന്നു ആ ലോട്ടറിമോഷ്ടാക്കളുടെ ആത്മവിശ്വാസം. എന്നാൽ, കാഴ്ചയെക്കാൾ തെളിമയുള്ള റോസമ്മയുടെ ഉൾക്കാഴ്ചയും പെൻക്യാമും കണക്കുകൂട്ടൽ തെറ്റിച്ചു. മോഷ്ടാക്കൾ കുടുങ്ങി. കടയിൽനിന്നു ലോട്ടറി തട്ടിയെടുത്ത രണ്ടുപേർക്കും റോസമ്മ മാപ്പു നൽകിയെന്നതു വേറെ കാര്യം. കടയിൽ നിന്നു പതിവായി ലോട്ടറി കാണാതായതോടെയാണ് അയൽവാസികളുടെ സഹായത്തോടെ പെൻക്യാം സ്ഥാപിച്ചത്.

ഇതറിയാതെ ലോട്ടറി തട്ടിയെടുക്കാനെത്തിയ രണ്ടുപേരാണു കുടുങ്ങിയത്. മൂന്നു വയസ്സുള്ളപ്പോഴാണ് കോട്ടയം പള്ളിക്കുന്ന് പാറയ്ക്കൽ റോസമ്മയുടെ കാഴ്ച നഷ്ടപ്പെട്ടത്. ചികിത്സിച്ചെങ്കിലും ഫലം കണ്ടില്ല. 2014 ലായിരുന്നു വിവാഹം. കാഴ്ചപരിമിതിയുള്ള സുഭാഷായിരുന്നു ഭർത്താവ്. ലോട്ടറി വിൽപന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ലിവർ സിറോസിസ് ബാധിച്ച് സുഭാഷ് മരിച്ചു. റോസമ്മ തനിച്ചായെങ്കിലും കളത്തിപ്പടിയിൽ ചെറിയൊരു ലോട്ടറി വിൽപന സ്റ്റാൾ തുടങ്ങി ജീവിതം മുന്നോട്ടുകൊണ്ടുപോയി.

ലോട്ടറി ടിക്കറ്റുകളുടെ എണ്ണം കുറയുന്നതും നഷ്ടം വരുന്നതും പതിവായതോടെ റോസമ്മ ഇത് അയൽവാസികളോടു പറഞ്ഞു. അങ്ങനെയാണ് പെൻക്യാം വാങ്ങിയത്. ക്യാമറ നിരീക്ഷണം ആരംഭിച്ച ശേഷം വീണ്ടും മോഷ്ടാക്കൾ ലോട്ടറി തട്ടിയെടുത്തു. സുഹൃത്തുക്കളുടെ സഹായത്തോടെ പെൻക്യാം പരിശോധിച്ചപ്പോൾ ആളെ മനസ്സിലായി. അടുത്ത ദിവസം ഇയാൾ കടയിൽ എത്തിയപ്പോൾ കയ്യോടെ പിടികൂടി. ആവർത്തിക്കില്ലെന്ന ഉറപ്പിൽ റോസമ്മ ഇയാളോടു ക്ഷമിച്ചു. ഇതിനിടെ ഒരു വീട്ടമ്മയുടെ ലോട്ടറി മോഷണവും വെളിച്ചത്തായി. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് വനിതാ ഫോറം വൈസ് പ്രസിഡന്റാണ് റോസമ്മ.

Tags:
  • Spotlight