Wednesday 21 February 2024 03:38 PM IST : By സ്വന്തം ലേഖകൻ

സാമിനു ഫൊട്ടോഗ്രഫിയോടുള്ള കമ്പം മുത്തച്ഛന്‍ തിരിച്ചറിഞ്ഞു; നിഴലും നാട്ടിൻപുറവും ക്യാമറയ്ക്കു വിരുന്നായി, മോ‍ഡലായി മുത്തച്ഛനും

ernakulam-sam-story

സാം വർഗീസിന്റെ ക്യാമറക്കണ്ണുകൾക്കു മുത്തച്ഛനും നിഴലുകളും നാട്ടിൻപുറവുമാണ് ഇഷ്ടവിഷയങ്ങൾ. എടുത്ത പടങ്ങളിൽ ഏറെയും മുത്തച്ഛൻ മാത്യുവിന്റെ (83) വിവിധ ഭാവങ്ങളാണ്. പിന്നീടുള്ളതു നിഴലുകളുടെയും. കളമശേരി നഗരസഭ നടത്തിയ ഭിന്നശേഷി കലോത്സവ ഹാളിൽ ഭിന്നശേഷിക്കാരനായ സാം വർഗീസ് എടുത്ത അൻപതോളം ചിത്രങ്ങളുടെ പ്രദർശനം നടത്തി.

സാം വർഗീസ് ‘ഡാഡി’ എന്നു വിളിക്കുന്ന മുത്തച്ഛൻ മാത്യുവാണു സാമിനു ഫൊട്ടോഗ്രഫിയോടുള്ള കമ്പം തിരിച്ചറിഞ്ഞത്. മുത്തച്ഛന്റെ മൊബൈൽ ഫോണിൽ സാമെടുത്ത ചിത്രങ്ങളിൽ അവന്റെ പ്രതിഭയുടെ പ്രതിഫലനം മാത്യു കണ്ടു. ക്യാമറയിലും മൊബൈൽ ഫോണിലും സാം വർഗീസ് എടുത്ത ചിത്രങ്ങൾ ഇതിനു തെളിവായുണ്ട്. പ്ലസ്ടു കഴിഞ്ഞ സാം വർഗീസ് ഇപ്പോൾ ‘ഓസം ബൈറ്റ്സ്’ ബേക്കറിയിൽ ജോലി ചെയ്യുന്നു. 

ഒ‌ട്ടേറെ അംഗീകാരങ്ങൾ സാമിനെ തേടിയെത്തി. ടാറ്റാ സ്റ്റീൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച 2022ലെ എസ്എബിഎഎൽ ദേശീയ അവാർഡ് സാമിനായിരുന്നു. നാഷനൽ പിക്സൽസ് ഫോട്ടോഗ്രാഫി മത്സരത്തിൽ 2000 മുതൽ 2003 വരെ സാം ആയിരുന്നു വിജയി. യുവേഴ്സ് ടൂ എന്ന സാമിന്റെ ഹ്രസ്വ ചിത്രം ഖജുരാഹോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

കേരളീയം, ഗ്ലോബൽ എബിലിറ്റി ഫൊട്ടോഗ്രഫി എക്സിബിഷൻ തുടങ്ങിയ പ്രദർശനങ്ങളിലേക്കു സാം എടുത്ത ഫോട്ടോകൾ തിരഞ്ഞെടുക്കപ്പെട്ടു. പത്തടിപ്പാലം കാരിപ്ര വീട്ടിൽ ബിജു ഐസക്കിന്റെയും ദീപ്തിയുടെയും മകനാണ് സാം വർഗീസ്. ഫൊട്ടോഗ്രഫിക്കു പുറമേ പാചകത്തിലും തൽപരനാണ് സാം.

Tags:
  • Spotlight